ടാറ്റൂ പതിപ്പിക്കാന്‍ പ്രായമുണ്ടോ? ഇല്ലെന്ന് പറയേണ്ടിവരും ഈ കഥ കേട്ടാല്‍. ചെറുപ്പക്കാരുടെ മാത്രം കുത്തകയൊന്നുമല്ല ടാറ്റൂ എന്ന് പ്രഖ്യാപിക്കുകയാണ് മുംബൈയിലെ 91 കാരിയായ ശാരദ ജവാര്‍ ആദ്യമായി 91-ാം വയസ്സില്‍ ടാറ്റു അണിഞ്ഞതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് ഈ സുന്ദരിമുത്തശ്ശി.
സെലിബ്രിറ്റി ടാറ്റൂ ആര്‍ട്ടിസ്റ്റായ വികാസ് മലാനിയാണ് മുത്തശ്ശിക്ക് ടാറ്റൂ പതിച്ചുകൊടുത്തത്. ശിവഭക്തയായ ശാരദ ടാറ്റുപോലും ശിവനോടുള്ള ഭക്തിക്കുവേണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു കൗതുകം. ഓങ്കാരവും ശൂലവും അങ്ങനെയാണ് പതിഞ്ഞിരിക്കുന്നത്.
മരുമകളാണ് ടാറ്റൂ അണിയാന്‍ മുത്തശ്ശിക്ക് പ്രേരണയായത്. തന്റെ ടാറ്റൂ കരിയറില്‍ ഇത് വളരെ പ്രചോദനാത്മകവും രസകരവുമായ അനുഭവമായിരുന്നു എന്ന് വികാസ് പറയുന്നു. സമ്പൂര്‍ണ്ണമായ ജീവിതത്തോടുള്ള നന്ദിയുടെയും കടപ്പാടിന്റെയും പ്രതീകമായിട്ടാണ് ഈ ടാറ്റുവിനെ അദ്ദേഹം വിലയിരുത്തുന്നതും.