അക്ഷയ്കുമാർ നായകനാകുന്ന പാഡ്മാൻ എന്ന ചിത്രത്തിന്റെ പ്രചാരണാർഥം നടക്കുന്ന പാഡ്മാൻ ചലഞ്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. ഇന്ത്യൻ പാഡ് മാൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന അരുണാചലം മുരുകാനന്ദം എന്ന മനുഷ്യന്റെ കഥപറയുന്ന ചിത്രം റിലീസിനൊരുങ്ങുമ്പോൾ അദ്ദേഹം തന്നെയാണ് വ്യത്യസ്തമായ ഒരു ചലഞ്ചുമായി രംഗത്തെത്തിയത്.
അക്ഷയ് കുമാർ, ട്വിങ്കിൾഖന്ന, രാധിക ആപ്തേ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് അരുണാചലം പാഡ്മാൻ ചലഞ്ചിന് തുടക്കമിട്ടത്. കൈയിൽ സാനിട്ടറിപാഡ് പിടിച്ചുകൊണ്ടു നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയിതുകൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെ '' അതെ എന്റെ കൈയിലുള്ളത് ഒരു പാഡാണ് അതിൽ അപമാനം തോന്നേണ്ട കാര്യമില്ല. ആർത്തവം സ്വാഭാവികമായ ഒരു പ്രക്രിയയാണ്.''
അരുണാചലത്തിന്റെ ചലഞ്ച് ഏറ്റെടുത്ത അക്ഷയ്കുമാറും ട്വിങ്കിൽഖന്നയും തങ്ങളുടെ മറ്റു സുഹൃത്തുക്കളെ വെല്ലുവിളിച്ചു. ബോളിവുഡ്താരം ദീപികപദുക്കോൺ പാഡ്മാൻചലഞ്ച് ഏറ്റെടുത്തുകൊണ്ട് വെല്ലുവിളിച്ചത് ബാഡ്മിന്റൻ താരം പി.വി സിന്ധുവിനെയാണ്. ദീപികയ്ക്കു നന്ദി പറഞ്ഞുകൊണ്ടാണ് ആർത്തവം സാധാരണമാണെന്നും സാധാരണ ഏതൊരു ദിവസവും പോലെ ആ ദിവസവും കടന്നു പോകുമെന്നും പറഞ്ഞുകൊണ്ട് സിന്ധു പാഡി കൈയിൽപിടിച്ചു നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
പാഡ്മാൻ ചലഞ്ചിനായി ട്വിങ്കിൾ അമീർഖാനെ വെല്ലുവിളിച്ചപ്പോൾ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്യുകയും അമിതാബ് ബച്ചനെയും ഷാരൂഖിനെയും പാഡ്മാൻ ചലഞ്ചിനായി വെല്ലുവിളിക്കുകയും ചെയ്തു. അക്ഷയ്കുമാറിന്റെ വെല്ലുവിളി ആലിയഭട്ട് സ്വീകരിച്ചത് അൽപ്പം സാഹസീകമായിട്ടായിരുന്നു. ജിമ്മിൽ തലകീഴായി തൂങ്ങിക്കിടന്നുകൊണ്ട് പാഡ് കൈയിൽപ്പിടിച്ച ചിത്രമാണ് ആലിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.