ദ്വിമുഖം; പുരുഷന്റെ മാന്യതയ്ക്കൊരു പുതിയ നിർവചനം

ഒരു പുരുഷനെ മാന്യൻ എന്നു വിളിക്കുന്നതിന്റെ മാനദണ്ഡമെന്താണ്?. ഒരു പെണ്ണിനെ ഒറ്റയ്ക്കു കിട്ടുമ്പോൾ അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താൽപ്പര്യമുണ്ടെന്നു പറയുന്ന ഒരാളെ മാന്യനായി അംഗീകരിക്കാനാകുമോ? ബലപ്രയോഗത്തിലൂടെ ഒരു പെൺകുട്ടിയെ കീഴടക്കാനുള്ള എല്ലാ സാഹചര്യവും ഒത്തുവന്നിട്ടും അവളെ ഉപദ്രവിക്കാതെ അവളുടെ അനുവാദം ചോദിക്കാൻ മനസ്സുകാട്ടിയ പുരുഷനെ മാന്യനെന്നു വിളിക്കാമോ?

ഇത്തരം ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് ദ്വിമുഖം എന്ന ഹ്രസ്വചിത്രം നൽകുന്നത്. പുരുഷന്റെ മാന്യതയ്ക്കു പുതിയൊരു നിർവചനം നൽകുകയാണ് സച്ചു ടോം, വിപിൻ ചന്ദ്രൻ എന്നിവർ ചേർന്നൊരുക്കിയ ദ്വിമുഖം എന്ന ഹ്രസ്വചിത്രം. സ്ത്രീകൾക്കുനേരെ വർധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾ ദിനംപ്രതി പെരുകുമ്പോൾ ഇവർ മുന്നോട്ടുവയ്ക്കുന്ന ആശയം തീർച്ചയായും ചർച്ച ചെയ്യപ്പെടുക തന്നെ ചെയ്യും.

ഐടിമേഖലയിൽ ജോലി ചെയ്യുന്ന പെൺകുട്ടിക്ക് ഓഫീസിലെ മേലുദ്യോഗസ്ഥനിൽ നിന്ന് നേരിടേണ്ടി വരുന്ന ദുരനുഭവവും തുടർന്ന് അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ഹ്രസ്വചിത്രം പറയുന്നത്. ഒരു പെൺകുട്ടിയുടെ നോ എന്ന ഉറച്ച ശബ്ദത്തിന് എന്തൊക്കെ കഴിയുമെന്ന് ഈ ഹ്രസ്വചിത്രം കാണിച്ചു തരുന്നു. ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവരോടുള്ള ശക്തമായ പ്രതിരോധവും അസുഖകരമായ ഒരവസ്ഥയിൽ നിന്നുള്ള ബുദ്ധിപൂർവമായ രക്ഷപെടലുമെല്ലാം ഈ ഹ്രസ്വചിത്രം വളരെ കൃത്യമായി വരച്ചു കാട്ടുന്നു.

അനുവാദം, സമ്മതം എന്നീ വാക്കുകൾക്ക് ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ട് എന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ഹ്രസ്വചിത്രം.