ആ വിഡിയോ പോസ്റ്റ് ചെയ്തത് ശരിയായില്ല; കേന്ദ്രമന്ത്രി റിജ്ജുവിനെതിരെ രേണുക

ഒരു ചിരി- അതാണിപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത്. വിവാദത്തിനു വീര്യം പകരുന്നത്. നിര്‍ദോഷമെന്നു തോന്നാവുന്ന ചിരി രാജ്യത്തെ രണ്ടു മുഖ്യരാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ചൂടേറിയ വാക്പോരിലക്കും നയിച്ചിരിക്കുന്നു. 

ചിരിച്ചതു മുന്‍ കേന്ദ്രമന്ത്രി രേണുക ചൗധരി. രേണുകയെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു കോണ്‍ഗ്രസ് രാജ്യസഭാനടപടികള്‍ സ്തംഭിപ്പിച്ചിരുന്നു. പിന്നാലെ, പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിന്റെ വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. ഈ വിഡിയോയാണ് ഇപ്പോഴത്തെ പുതിയ വിവാദം. 

ഇതു തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതാണ്. ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രവൃത്തി. ഞാന്‍ അവകാശലംഘന പ്രമേയം അവതരിപ്പിക്കാന്‍ പോകുന്നു- കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു വിഡിയോ പോസ്റ്റ് ചെയ്ത  നടപടിയെക്കുറിച്ചു രേണുക പറഞ്ഞു. അപമര്യാദയായ പരാമര്‍ശങ്ങളുടെ പേരില്‍ പ്രധാനമന്ത്രി മാപ്പു പറയണമെന്ന് കഴിഞ്ഞദിവസം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് കേന്ദ്രമന്ത്രി കൂടി ഉള്‍പ്പെട്ട വിഡിയോ വിവാദവും. 

നന്ദിപ്രമേയ ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ മോദി, ‘ ആധാര്‍ പദ്ധതി ’  വാജ്പേയി സര്‍ക്കാരിന്റെ ആശയമാണെന്ന് അവകാശവാദമുന്നയിച്ചപ്പോള്‍ രേണുക ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു. ഉടനെ,‘ രേണുകയ്ക്ക് അസുഖമെന്തെങ്കിലുമുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതാവും ഉചിതമെന്നു’  സഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു വിമര്‍ശിച്ചു. അപ്പോഴാണ്, രേണുകയെ നിയന്ത്രിക്കേണ്ടതില്ലെന്നും രാമായണ പരമ്പരയ്ക്കുശഷം ഇത്തരം അട്ടഹാസം കേള്‍ക്കാന്‍ അവസരമൊത്തിട്ടില്ലെന്നും മോദി വിമര്‍ശിച്ചത്. 

മോശമായ പരാമര്‍ശം നടത്തിയ മോദി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസിന്റെ മുതിര്‍ന്ന വക്താവ് ആനന്ദ് ശര്‍മ. പ്രധാനമന്ത്രി രാഷ്ട്രീയ മര്യാദ ലംഘിച്ചിരിക്കുകയാണെന്നും അങ്ങയറ്റം മോശമായ പരാമര്‍ശമാണു നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. പൊള്ളയായ അവകാശവാദം പ്രധാനമന്ത്രി നടത്തിയപ്പോള്‍ ചിരിക്കുകയാണ് രേണുക ചെയ്തത്. പിന്നീട് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗം അപമര്യാദയായ ഒരു വിഡിയോ പോസ്റ്റ് ചെയ്തിട്ടും പ്രധാനമന്ത്രി നിശ്ശബ്ദനായിരിക്കുന്നു എന്നും ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി. 

ഇതിനിടെ, പാര്‍ലമെന്റിന്റെ അന്തസ്സു കെടുത്തുന്ന നടപടികളാണു  കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നു കുറ്റപ്പെടുത്തുകയാണു ബിജെപി. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തെയും വിമര്‍ശിച്ചു ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ്. ചില കോണ്‍ഗ്രസ് അംഗങ്ങളുടെ പാര്‍ലമെന്റിലെ പെരുമാറ്റം പാരമ്പര്യമര്യാദകള്‍ക്കു നിരക്കാത്തതും ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്നതുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രേണുക ചൗധരി വിഷയത്തിലും കോണ്‍ഗ്രസിന്റെ പ്രതികരണം തെറ്റാണ്- അദ്ദേഹം ആരോപിക്കുന്നു.