സാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സ്വപ്നങ്ങളിലൊന്നാണ് ജപ്പാന്‍. ആ രാജ്യത്തേക്കുള്ള സന്ദര്‍ശനമാണ് ഗീതുവിന്റെ ജീവിതത്തിലും വഴിത്തിരിവായത്. ഗീതുവിന്റെ മുഴുവന്‍ പേര് ഗീതു ശിവകുമാര്‍. വയസ്സ് 22. വിവര സാങ്കേതികവിദ്യാരംഗത്തെ ഉന്നതസ്ഥാപനങ്ങളിലൊന്നായ പെയ്സ് ഹൈടെകിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍.
അത്ഭുതകരവും അസാധാരണവുമായ വേഗതയില്‍ ഉന്നത പദവിയില്‍ എത്തിയ ഗീതു ജനിച്ചതു തിരുവനന്തപുരത്തെ ഒരു മധ്യവര്‍ഗ്ഗ കുടുംബത്തില്‍. കുട്ടിക്കാലത്തെ കൂട്ടുകൂടി സാങ്കേതിക മേഖലയുമായി. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഗീതുവിനു ഫെലോഷിപ് ലഭിക്കുന്നത് 12-ാം വയസ്സില്‍; കവടിയാര്‍ നിര്‍മല ഭവന്‍ സ്കൂളില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍. കേരള സര്‍ക്കാരിന്റെ െഎടി മിഷന്‍ ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച സംസ്ഥാന െഎടി ഫെസ്റ്റില്‍ ബെസ്റ്റ് വെബ് ഡെവലപര്‍ സ്ഥാനം നേടിയതോടെ ഗീതു ശ്രദ്ധിക്കപ്പെട്ടു. 2012- ല്‍ ജപ്പാനിലേക്കുള്ള സംഘത്തില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായും ഗീതു തിരഞ്ഞെടുക്കപ്പെട്ടു. ജപ്പാന്‍ സന്ദര്‍ശനവും അവിടെ കണ്ട കാഴ്ചകളും സാങ്കേതിക വിദ്യാരംഗത്തെ അവസരങ്ങളും ഗീതുവിന്റെ കണ്ണു തുറപ്പിച്ചു. താന്‍ തിരഞ്ഞെടുത്ത മേഖലയില്‍ മുന്നോട്ടുള്ള കുതിപ്പിന് ഗീതുവിന് ഇന്ധനമായത് ആ വിദേശസന്ദര്‍ശനം.
തിരിച്ചുവന്ന ഗീതു തിരുവനന്തപുരത്തെ സര്‍ക്കാര്‍ എന്‍ജിനീയറിങ് കൊളേജില്‍ ഇലക്ട്രോണിക്സിനു ചേര്‍ന്നു.വിദ്യാര്‍ഥിയായിരിക്കുമ്പോഴേ, മികച്ചൊരു കമ്പനിയില്‍ ജോലി എന്നതായിരുന്നില്ല ഗീതുവിന്റെ സ്വപ്നം; മറിച്ച് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുക. പഠനത്തിനൊപ്പം ജോലി ചെയ്ത ആ കുട്ടി നല്ലൊരു തുക മാസാമാസം സമ്പാദിക്കുന്നുമുണ്ടായിരുന്നു. ബെറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജെ. രാജ്മോഹന്‍ പിള്ളയെ പരിചയപ്പെടുന്നതും ഇക്കാലത്ത്. ഗീതു എന്ന വിദ്യാര്‍ഥിനിയുടെ അസാധാരണ കഴിവുകള്‍ തിരിച്ചറിഞ്ഞ പിള്ള, അദ്ദേഹത്തിന്റെ സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ ഗീതുവിനെ ക്ഷണിച്ചു. അങ്ങനെ ഗീതുവും ഇന്റലിജന്‍സും തമ്മിലുള്ള ബന്ധം തുടങ്ങുന്നു.
ഒരു വ്യവസായ സംരംഭക എന്ന നിലയിലുള്ള സ്വന്തം കഴിവുകള്‍ ഗീതു തിരിച്ചറിയുന്നതും ഇക്കാലത്ത്. വലിയ സ്ഥാപനങ്ങള്‍ ഗീതുവിന് ജോലി വാഗ്ദാനം ചെയ്തുകൊണ്ടിരുന്നെങ്കിലും സ്വന്തം സ്ഥാപനമെന്ന സ്വപ്നത്തില്‍ ഉറച്ചുനിന്നു. ഗീതുവിന്റെ സ്റ്റാർട്ട്അപ് സ്ഥാപനത്തിന്റെ വളര്‍ച്ച മനസ്സിലാക്കിയ പിള്ള ആ സ്റ്റാര്‍ട്ട്അപ് കമ്പനിയെ തന്റെ വ്യവസായ കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തി. പെയ്സ് ഹൈടെക് അതിന്റെ ചിറകുകള്‍ വിരിച്ചുതുടങ്ങുകയായിരുന്നു. പിള്ളയുടെ വ്യവാസായ ഗ്രൂപ്പിന്റെ സഹകരണം പുതിയ ഉയരങ്ങളിലേക്കു പോകാന്‍ പെയ്സ് ഹൈടെക്കിനെ സഹായിച്ചു. സിംഗപ്പൂര്‍, ശ്രീലങ്ക, പശ്ചിമേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് തന്റെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഗീതു ശിവകുമാര്‍ എന്ന യുവവ്യവസായ സംരംഭക.