പേരും പെരുമയുമുള്ള പ്രശസ്തയായ ഒരു വനിതയല്ല സാമന്ത ഷുള്‍മാന്‍. ഷുള്‍മാനൊപ്പം ചേര്‍ന്ന് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച മറ്റു 15 വനിതകളും പ്രശസ്തരല്ല. പക്ഷേ, ലോകമാകെ വീശിയടിച്ച മീ ടൂ പ്രചാരണം അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുന്നു.
ഇരുപതുകളിലെ കഠിനപാപങ്ങള്‍
പ്രശസ്തനും ബഹുമാന്യനുമായ വോയ്സ് കോച്ച് പീറ്റര്‍ റോഫിനെ ഷുള്‍മാന്‍ കാണുന്നത് 27 വയസ്സുള്ളപ്പോള്‍. 2004 ല്‍. അരിസോണയില്‍നിന്നു ന്യൂയോര്‍ക്കിലേക്കു ഷുള്‍മാന്‍ ഒരു സുഹൃത്തിനൊപ്പം താമസം മാറ്റിയിട്ട് കുറച്ചു വര്‍ഷങ്ങളേ ആയിരുന്നുള്ളൂ. റേഡിയോ ജോക്കി ആയി ജോലി ചെയ്തിട്ടുള്ള ഷുള്‍മാന്‍ ആ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ടെലിവിഷനും റേഡിയോയ്ക്കും വേണ്ടി വോയ്സ് ഓവര്‍ പ്രോഗ്രാമുകള്‍ ചെയ്തു ജീവിക്കാമെന്ന പ്രതീക്ഷയിലാണ് ന്യൂയോര്‍ക്കില്‍ എത്തുന്നത്.
റോഫിന്റെ പരിശീലനത്തില്‍ മികച്ച കരിയര്‍ സ്വപ്നം കണ്ടു ഷുള്‍മാന്‍. ആറുമാസത്തോളം അവരൊരുമിച്ചു പരിശീലനം നടത്തി. മാന്‍ഹാട്ടനിലെ സ്റ്റുഡിയോയില്‍ ഒരുദിവസം പരിശീലനം നടത്തുമ്പോള്‍ റോഫ് വാതിലുകളടച്ചു. ശബ്ദം നന്നാകാന്‍ മേല്‍വസ്ത്രം ഊരിമാറ്റാന്‍ ഷുള്‍മാനോടു പറഞ്ഞ റോഫ് സ്വയം വിവസ്ത്രനായി. ശരീരത്തില്‍ സ്പര്‍ശിക്കാന്‍ റോഫ് മുതിര്‍ന്നതോടെ വസ്ത്രം ധരിച്ച് ഷുള്‍മാന്‍ മുറിക്കു പുറത്തിറങ്ങി.
ഒരു വാക്കുപോലും പറയാന്‍ കഴിഞ്ഞില്ല ഷുള്‍മാന്. ഞെട്ടിപ്പോയിരുന്നു അവര്‍. വര്‍ഷങ്ങളോളം ഈ അനുഭവം ഷുള്‍മാന്‍ ആരോടും പറഞ്ഞില്ല. കുറ്റബോധവുമായി ജീവിച്ചു. മറ്റുള്ളവര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും അവര്‍ക്കറിയില്ലായിരുന്നു. അപ്പോഴാണ് ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന ലൈംഗിക പീഡനങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ ധൈര്യം പ്രകടിപ്പിച്ച മീ ടൂ പ്രചാരണത്തിന്റെ തുടക്കം. അതോടെ അവര്‍ തിരിച്ചറിഞ്ഞു: താന്‍ ഒറ്റയ്ക്കല്ല.
ഒറ്റയ്ക്കല്ല, അവര്‍
ഒക്ടോബറില്‍ വിവിധ മേഖലകളിലെ സ്ത്രീകള്‍ പീഡനങ്ങള്‍ തുറന്നുപറഞ്ഞതോടെ റോഫിന്റെ അപമര്യാദയായ പെരുമാറ്റത്തെക്കുറിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങി. സമാന അനുഭവങ്ങളുള്ളവര്‍ ഓണ്‍ലൈനില്‍ ഒരുമിച്ചുചേര്‍ന്ന് സ്വകാര്യ ഫെയ്സ്ബുക്ക് പേജ് രൂപീകരിച്ചു. രണ്ടായിരുന്നു ലക്ഷ്യങ്ങള്‍. ഒന്ന് പരസ്പരം ആശ്വസിപ്പിക്കുക.
രണ്ട് ശക്തമായ കേസുകളുടെ അടിസ്ഥാനത്തില്‍ കുറ്റാരോപിതന്റെ വിചാരണയ്ക്കുള്ള നടപടികള്‍ക്കു തുടക്കമിടുക. 2000 മുതല്‍ 2017 വരെയുള്ള കാലത്ത് റോഫില്‍നിന്നു പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്ന പതിനാറു സ്ത്രീകള്‍ മുന്നോട്ടുവന്നു. എട്ടുപേര്‍ ഔദ്യോഗികമായി പരാതിപ്പെട്ടു.
പിന്നീടു രണ്ടുപേര്‍ കൂടിയെത്തി പരാതിപ്പെട്ടു. ആരോപണങ്ങളെക്കുറിച്ച് റോഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. തന്റെ വക്കീല്‍ വിശദീകരണം നല്‍കുമെന്നാണ് അദ്ദേഹം അറിയിച്ചത്. പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ കേസ് കൈകാര്യം ചെയ്യുന്ന കോടതിയില്‍ മുമ്പും റോഫിനെതിരെ പരാതികള്‍ കിട്ടിയിട്ടുണ്ട്. 2004-ല്‍ ഒരു സ്റ്റുഡിയോയില്‍വച്ചു വിവസ്ത്രനായ സംഭവത്തില്‍ വിചാരണയും നേരിട്ടത്രെ.
ഞങ്ങളും ഞങ്ങളും
ജനുവരിയില്‍ റോഫിന്റെ കീഴില്‍ പരിശീലനം ആഗ്രഹിച്ചുവന്ന ഒരു യുവതിയുടെ പോസ്റ്റ് ഫെയ്സ്ബുക്ക് പേജില്‍ ഷുള്‍മാന്‍ കണ്ടു. കമന്റു ചെയ്യാതിരിക്കാന്‍ ഷുള്‍മാനു കഴിഞ്ഞില്ല:
പ്രിയപ്പെട്ട യുവതി, ഇത് എന്റെ മുന്നറിയിപ്പ്. നീയും വിവസ്ത്രയാകുമെന്ന പ്രതീക്ഷയില്‍ ഇയാള്‍ നിന്റെ മുമ്പില്‍ തുണിയുരിയും. ഇയാളോടൊപ്പം ജോലി ചെയ്യരുത്. അഥവാ ലൈംഗിക ചൂഷണത്തിനു തയാറാണെങ്കില്‍ ആവാം. കലിഫോര്‍ണിയയില്‍ എലിസബത്ത് ലെയിം എന്നൊരു യുവതി ഷുള്‍മാന്റെ കമന്റ് കണ്ടു. 2005-ല്‍ റോഫ് തന്നെ പീഡിപ്പിച്ചതായി പറഞ്ഞു എലിസബത്ത്. ഒക്ടോബറില്‍ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് എഴുതിയപ്പോള്‍ വേറെയും കുറേപ്പേര്‍ സമാന അനുഭവങ്ങളുമായി രംഗത്തുവന്നു. പീറ്റര്‍ റഫ്..മീടൂ..മീടൂ...മീടൂ....
വിട; വോയ്സ് ഓവറിന്
ഓരോദിവസം കഴിയുന്തോറും കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുകളുമായി എത്തി. ലെയിം 13പേരെ കണ്ടെത്തി. ഹെതര്‍ കോസ്റ്റ എന്ന ഒരു സ്ത്രീ അവരുടെ അനുഭവം വെളിപ്പെടുത്തി ഇനി തനിക്കു നിശ്ശബ്ദയായിരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞു. സമാന അനുഭവങ്ങളുള്ളവരുമായി ഒരു കൂട്ടായ്മ അവര്‍ രൂപപ്പെടുത്തി. ദ് നോ ഫണ്‍ ക്ലബ് എന്ന പേര്. ഇതിനോടകം 30 പേര്‍ ഈ ഗ്രൂപ്പില്‍ ചേര്‍ന്നുകഴിഞ്ഞു. ഇപ്പോള്‍ ഷുള്‍മാന്‍ ഗ്രാഫിക് ഡിസൈനര്‍ ആയി ജോലി ചെയ്യുന്നു. ലെയിം കോമഡി എഴുത്തുകാരിയും. പീറ്റര്‍ റോഫിനൊപ്പം ഉണ്ടായ ദൗര്‍ഭാഗ്യകരമായ അനുഭവങ്ങളെത്തുടര്‍ന്ന് വോയ്സ് ഓവര്‍ ജോലിയില്‍ ഒരു കരിയര്‍ എന്ന സ്വപ്നം തന്നെ ഇരുവരും ഉപേക്ഷിച്ചു. വര്‍ഷങ്ങളോളം നാണക്കേടും കുറ്റബോധവുമായി കഴിഞ്ഞുകൂടി.
ആശ്വാസം; മാനഭംഗം നടന്നില്ലല്ലോ
ന്യൂയോര്‍ക്കില്‍ അറിയപ്പെടുന്നയാളാണ് റോഫ്. പല ഏജന്‍സികളും ശുപാര്‍ശ ചെയ്യുന്ന പേര്. തന്റെ മുമ്പില്‍ വിവസ്ത്രനാകുന്നതിനു മാസങ്ങള്‍ മുമ്പ് അശ്ലീല പരാമര്‍ശങ്ങളടങ്ങിയ സ്ക്രിപ്റ്റുകള്‍ തനിക്കു വായിക്കാന്‍ തരുമായിരുന്നെന്നും ഷുള്‍മാന്‍ പറയുന്നു. തന്റെ ശബ്ദം വളരെ സെക്സി ആണെന്നും അയാള്‍ പറയാറുണ്ടായിരുന്നു. ഷുള്‍മാന്റെ കരിയറില്‍ വലിയ താല്‍പര്യമുണ്ടെന്നും ഭാവിക്കുമായിരുന്നു. ചിലപ്പോള്‍ അയാള്‍ വസ്ത്രഭാഗങ്ങള്‍ നീക്കിക്കാണിക്കുമായിരുന്നു; ഔപചാരികതകള്‍ ഇല്ലാതെ പെരുമാറാന്‍ എന്നായിരുന്നു വിശദീകരണം.
ഈ സംഭവത്തിനുശഷം ഒരു കുട്ടിയുണ്ടാകുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍പോലും ഷുള്‍മാനു ഭയന്നു. ഒരു പെണ്‍കുട്ടിയാണു ജനിക്കുന്നതെങ്കില്‍ ആ കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാകില്ലേ എന്നായിരുന്നു പേടി. എലിസബത്ത് ലെയിം തനിക്കു റോഫില്‍നിന്നുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചു തുറന്നുപറഞ്ഞു. ശബ്ദം സെക്സിയാണെന്നു പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. റൊമാന്റിക് രംഗങ്ങള്‍ക്കു സ്വാഭാവികത കിട്ടാന്‍ വസ്ത്രങ്ങള്‍ ഊരിമാറ്റാനും നിര്‍ബന്ധിക്കും. പിന്നീട് അയാളും വിവസ്ത്രനായപ്പോഴാണ് പേടി തോന്നിത്തുടങ്ങിയത്. ആദ്യം തന്റെ പുരുഷസുഹൃത്തിനോടാണു ലെയിം സംഭവം പറഞ്ഞത്. കഴിഞ്ഞ 10 വര്‍ഷമായി ഇരുവരും ഭാര്യാഭര്‍ത്താക്കന്‍മാരായി ജീവിക്കുന്നു. അന്ന് റോഫിന്റെ കരിയര്‍ മോശമാക്കേണ്ട എന്നുകരുതി നിശ്ശബ്ദത പാലിക്കുകയായിരുന്നു. അതു തെറ്റായിപ്പോയെന്ന് ഇപ്പോള്‍ ലെയിം പശ്ചാത്തപിക്കുന്നു. അയാള്‍ തന്നെ മാനഭംഗപ്പെടുത്തിയില്ലല്ലോ എന്നതുമാത്രമാണ് ലെയിമിന്റെ ആശ്വാസം.
സ്വാഭാവികത എന്നു നാട്യം; ലക്ഷ്യം സെക്സ്
നോ ഫണ്‍ ക്ലബിലുള്ള മറ്റുള്ളവര്‍ക്കും പങ്കുവയ്ക്കാനുള്ളത് സമാനഅനുഭവങ്ങള്‍. സ്റ്റുഡിയോയില്‍ ചുംബന രംഗങ്ങള്‍ക്കു ശബ്ദം കൊടുക്കണ്ടിവരുമ്പോള്‍ റോഫ് നാക്കുകൊണ്ട് ചുംബിക്കാറുണ്ടായിരുന്നെന്നു പറയുന്നു ഗ്രൂപ്പിലക്കു വന്ന പുതിയൊരാള്‍. റോഫിന്റെ അതിക്രമങ്ങളെ തടയാന്‍ ശ്രമിച്ചതിന്റെ പേരില്‍ തനിക്കു കരിയര്‍ നഷ്ടമായതായി പറയുന്നു ഹെതര്‍ കോസ്റ്റ.കൂട്ടായ്മയിലുള്ള ഓരോരുത്തര്‍ക്കും പറയാനുള്ളത് ഒരേ കഥകള്‍തന്നെ. റെക്കോര്‍ഡിങ് നടക്കുമ്പോള്‍ ചുംബിച്ചതും ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചതും ഉള്‍പ്പെടെയുള്ളവ.
പേടിച്ചത് ഒറ്റപ്പെടല്‍
സ്ട്രാന്‍ഡ് ബുക്ക് സ്റ്റോറിനു മുകളില്‍ തന്റെ മാന്‍ഹാട്ടന്‍ വസതിയിലോ സ്റ്റുഡിയോയിലോ വച്ചാണ് റോഫ് അപമര്യാദയായി പെരുമാറിയിട്ടുള്ളത്. ന്യൂയോര്‍ക്കിലെ ഇന്‍വിങ്ടണില്‍ ഇപ്പോള്‍ റോഫ് ഒരു സ്റ്റുഡിയോ നടത്തുന്നുണ്ട്. മോശമായി പെരുമാറിയപ്പോഴും പ്രതികാരം ഭയന്നു ചിലര്‍ നിശ്ശബ്ദരായിരുന്നു. അറിയപ്പെടുന്നയാളാണു റോഫ്. ബഹുമാനിക്കപ്പെടുന്നയാളും. അങ്ങനെയൊരാള്‍ക്കുനേരെ ആരോപണം ഉന്നയിച്ചാല്‍ ഒറ്റപ്പെട്ടുപോകുമോ എന്നും ചിലര്‍ പേടിച്ചു.
ആവര്‍ത്തിക്കരുത്; ഈ അപമാനം
അപമാനം സഹിച്ച, വേദന സഹിച്ച സ്ത്രീകള്‍ ഒരുമിച്ചെത്തിയിരിക്കുന്നു. അവര്‍ പരസ്പരം ആശ്വസിപ്പിക്കുന്നു. ഒപ്പം വളര്‍ന്നുവരുന്ന യുവതികളെ ബോധവല്‍ക്കരിക്കുന്നു. ഇതുപോലെയുള്ള അപകടങ്ങളില്‍ ചാടാതിരിക്കാന്‍. എല്ലാവരും കൂടി ഒരുമിച്ച് അധികൃതര്‍ക്കു പരാതിയും കൊടുത്തു. പക്ഷേ തങ്ങളുടെ പരിധിയിലല്ലെന്നു പറഞ്ഞ് അവര്‍ പരാതികള്‍ തള്ളിക്കളഞ്ഞു. അതോടെ പരസ്യമായി അനുഭവങ്ങള്‍ പറയാന്‍ തുടങ്ങി കൂട്ടായ്മയില്‍പെട്ടവര്‍. ഞങ്ങള്‍ ഇവിടെ ഒരുമിച്ചാണ്. റോഫിന് ഇനി ഇരകളെ ലഭിക്കരുത്. അതിന് എന്തുചെയ്യാമോ അതെല്ലാം ഞങ്ങള്‍ ചെയ്യും- കൂട്ടായ്മയിലെ ഒരംഗമായ കോസ്റ്റ പറയുന്നു.