Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹവാ..ഹവായി...ഇനി ഓർമകളിൽ മാത്രം!

Sridevi-2

അഭ്രപാളിയിലെ ശ്രീത്വം അരങ്ങൊഴിഞ്ഞു. ബോളിവുഡ് നടി ശ്രീദേവിയുടെ മരണം ഞെട്ടലോടെയാണ് സിനിമാലോകം ശ്രവിച്ചത്. 54ാം വയസ്സിൽ ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയാണ് മരണം ആ അതുല്യ പ്രതിഭയെ കീഴടക്കിയത്. ഇന്ത്യൻ സിനിമ കണ്ട മികച്ച അഭിനയ പ്രതിഭകളിലൊരാളായിരുന്നു ശ്രീദേവി. തെന്നിന്ത്യൻ സിനിമാലോകത്ത് ബാലതാരമായി അഭിനയിച്ച് ഹിന്ദിസിനിമാ ലോകം കീഴടക്കി ആദ്യമായി ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കി. അഭിനയവും നൃത്തവും ഹാസ്യവും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച അപൂർവ പ്രതിഭയായിരുന്നു അവർ.

PTI12_18_2012_000098A

ആന്ധ്ര സ്വദേശിയായ രാജേശ്വരിയുടെയും അഭിഭാഷകനായിരുന്ന അയ്യപ്പന്റെയും മകളായി 1963 ഓഗസ്റ്റ് 13നായിരുന്നു തമിഴ്നാട്ടിലെ ശിവകാശിയിൽ ശ്രീ അമ്മ യങ്കാർ അയ്യപ്പൻ എന്ന ശ്രീദേവി ജനിച്ചത്. തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായി വെള്ളിത്തിരയിലെത്തി. ബാലതാരമായി തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു. 1971ൽ ഇറങ്ങിയ ‘പൂമ്പാറ്റ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടി.

13ാം വയസ്സിലായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചത്. കെ. ബാലചന്ദറിന്റെ ‘മൂണ്റു മുടിച്ച്’ എന്ന സിനിമയിൽ കമൽ ഹാസനും രജനീകാന്തിനുമൊപ്പമാണ് നായികയായി അഭിനയിച്ചത്. അഭിനയലോകത്ത് തന്റേതായ ഇടം കണ്ടെത്താൻ ആദ്യംതന്നെ ശ്രീദേവിക്ക് കഴിഞ്ഞു. പിന്നീടങ്ങോട്ട് കമൽ ഹാസനും രജനീകാന്തിനുമൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 77ൽ ഇറങ്ങിയ ‘ഗായത്രി’, ‘കാവിക്കുയിൽ’, 78 പുറത്തിറങ്ങിയ ‘പ്രിയ’, സിഗപ്പു റോജാക്കൾ, 16 വയതനിലേ ഇവയെല്ലാം ഒന്നിനൊന്നു മികച്ച ചിത്രങ്ങളായിരുന്നു. ബാലു മഹീന്ദ്രയുടെ മൂണ്റാം പിറൈ എന്ന ചിത്രത്തിലെ ഓർമ്മ നഷ്ടപ്പെട്ട പെൺകുട്ടിയുടെ കഥാപാത്രം ശ്രീദേവിയുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു.70–80 കാലയളവിൽ തമിഴിലും മലയാളത്തിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചു.

75ൽ തെന്നിന്ത്യൻ താരം ലക്ഷ്മി നായികയായ ജൂലിയിലൂടെയാണ് താരം ഹിന്ദി സിനിമാലോകത്തേക്ക് ചുവടു വച്ചത്.ഇതിൽ നായികയുടെ ഇളയ സഹോദരിയുടെ വേഷമാണ് ചെയ്തത്. 79ൽ സൊൽവ സാവൻ എന്ന ഹിന്ദി ചിത്രത്തിൽ നായികയായെങ്കിലും 83 പുറത്തിറങ്ങിയ മൂണ്റാം പിറൈ എന്ന തമിഴ് സിനിമയുടെ ഹിന്ദി പതിപ്പായ സദ്മയിലൂടെയും ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത്‌വാലയിലൂടെയുമാണ് ഹിന്ദി സിനിമാ ലോകത്ത് ചുവടുറപ്പിച്ചത്. പിന്നീടങ്ങോട്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ജൈത്രയാത്രയായിരുന്നു.

86ൽ പുറത്തിറങ്ങിയ ഹർമേഷ് മൽഹോത്രയുടെ ബ്ലോക് ബസ്റ്റർ ചിത്രം നാഗിനയിലൂടെ നാഗകന്യകയായി മേ തേരീ ദുശ്മൻ...തൂ..മേരാ ദുശ്മൻ..മേ...നാഗിൻ എന്നു പാടി പ്രേക്ഷകമനസ്സിൽ കുടിയേറി. അദൃശ്യ കാമുകനെ പ്രണയിക്കുന്ന പത്ര പ്രവർത്തകയായും ഹവാ ഹവായിയായും പാറിപ്പറന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന ശ്രീദേവിയെയാണ് ആ കാലത്ത് കാണാൻ കഴിഞ്ഞത്. ത്രികോണ പ്രണയകഥ പറഞ്ഞ യാഷ് ചോപ്രയുടെ ‘ചാന്ദ്നി’യിൽ ഋഷി കപൂറിന്റെയും വിനോദ് ഖന്നയുടെയും നായികയായാണ് ശ്രീദേവിയെത്തിയത്. ഇതിൽ മേരി ഹാഥോം മേം നൗ നൗ ചൂടിയാ ഹേ...ധോടാ ടഹരോ സാജൻ മജ്ബൂരിയാ ഹേ...എന്ന പാട്ടിലൂടെയാണ് ശ്രീദേവി ആരാധകരെ കീഴടക്കിയത്.

INDIA-ENTERTAINMENT-CINEMA-BOLLYWOOD

മിഥുൻ ചക്രവർത്തിക്കൊപ്പം ഗുരുവിലും ചാൽബാസിൽ രജനികാന്തിനും സണ്ണി ഡിയോളിനുമൊപ്പം ബൽമാ...പറഞ്ഞും ഇരട്ട വേഷങ്ങളിലെത്തി പ്രേക്ഷകരെ ഞെട്ടിച്ചു. അമിതാഭ് ബച്ചനൊപ്പമെത്തിയ മുകുൾ ആനന്ദ് ചിത്രമായ ‘ഖുദാ ഗവാ’യിലും അമ്മയായും മകളായും ഇരട്ട വേഷത്തിലെത്തി. രൂപ് കി റാണി ചോരാം കാ രാജാ, ,ലാഡ്‌ല, ജുദായി ഇവയെല്ലാം ശ്രീദേവിയുടെ താര റാണി പദം അടിവരയിട്ടുറപ്പിച്ചു. 96ൽ ബോണി കപൂറിനെ വിവാഹം കഴിച്ചതോടെ അഭിനയ രംഗത്തു നിന്നും പൂർണ്ണമായും പിന്മാറി. പിന്നീട് മക്കളായ ജാൻവിയുടെയും ഖുഷിയുടെയും അമ്മ റോളിലായിരുന്നു ശ്രീദേവി. മൂന്നു ദശാബ്ദത്തോളം അഭ്രപാളികളിൽ നിറഞ്ഞു നിന്ന ശേഷമായിരുന്നു വിവാഹത്തോടെയുള്ള നടിയുടെ പിന്മാറ്റം.

sridevi-pic-1

വിവാഹിതയായതിനു ശേഷം 2004ൽ മേരി ബീവി കാ ജവാബ് നഹി എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ മക്കൾ വളർന്നതിനു ശേഷം ഗൗരി ഷിൻഡെയുടെ ഇഗ്ലിഷ് വിഗ്ലിഷിലൂടെ വമ്പൻ തിരിച്ചുവരവാണ് ശ്രീദേവി നടത്തിയത്. നാണക്കാരിയായ വീട്ടമ്മ ഷഷിയുടെ കഥാപാത്രം തന്മയത്വത്തോടെ അവതരിപ്പിച്ച് ഗംഭീരമായ പ്രകടനം കാഴ്ചവെച്ചു. 2015ൽ തമിഴ് ചിത്രമായ പുലിയിലും അഭിനയിച്ചു. 2017ൽ പുറത്തിറങ്ങിയ ‘മോം’മിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ആനന്ദ് എൽ റായിയുടെ സീറോയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Sridevi

മാധ്യമങ്ങളിൽ നിന്ന് എന്നും അകന്നു കഴിയാനാണ് ശ്രീദേവി ആഗ്രഹിച്ചത്. എന്നാൽ ഗോസിപ്പുകളുമായി മാധ്യമങ്ങൾ എന്നും ഇവരെ പിന്തുടർന്നിരുന്നു. മിഥുൻ ചക്രവർത്തിയുമായുള്ള രഹസ്യ വിവാഹ വാർത്തകളും ബോണി കപൂറുമായുള്ള ബന്ധങ്ങളും സൗന്ദര്യ ശസ്ത്രക്രിയകളെക്കുറിച്ചുള്ള പരാമർശവുമായി മാധ്യമങ്ങൾ എന്നും ശ്രീദേവിയെ വേട്ടയാടിയിരുന്നു. അതുകൊണ്ടു തന്നെ വളരെ അപൂർവമായി മാത്രമാണ് ഇവർ അഭിമുഖങ്ങൾ നൽകിയിരുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ രംഗത്തേക്കു വന്നതിനാൽ വിദ്യാഭ്യാസത്തെ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിൽ ശ്രീദേവിക്ക് എന്നും ദുഖമുണ്ടായിരുന്നു. സിനിമ അല്ലങ്കിൽ വിദ്യാഭ്യാസം രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ട അവസ്ഥ ഒരു ഘട്ടത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നതായി നടി ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. 

Sridevi-Family-1

2013ല്‍ രാജ്യം ഈ അതുല്യ പ്രതിഭയെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളെ സമ്മാനിച്ച താര റാണി അടുത്തിടെയായി പൊതുചടങ്ങുകളിൽ പങ്കെടുത്തിരുന്നത് മകൾ ജാൻവി കപൂറിനൊപ്പമായിരുന്നു. ജാൻവിയുടെ സിനിമാ പ്രവേശമായിരുന്നു ശ്രീദേവിയുടെ സ്വപ്നം. ‘ധടക്’ എന്ന കരൺ ജോഹർ ചിത്രത്തിലൂടെ മകൾ സിനിമയിൽ ഹരിശ്രീ കുറിക്കുന്നത് കാണാൻ അവസരം നൽകാതെയാണ് വിധിയുടെ കറുത്ത കരങ്ങൾ താര റാണിയുടെ ജീവനുമായി പറന്നകന്നത്. സിനിമാ ലോകത്തിന് നികത്താനാവാത്ത നഷ്ടങ്ങൾ സമ്മാനിച്ച്  നാലാം വയസ്സിൽ അരങ്ങിലെത്തിയ ആ അതുല്യ പ്രതിഭ 54ാം വയസ്സിൽ അരങ്ങൊഴിഞ്ഞു. അഭ്രപാളിയിലെ ശ്രീത്വം ഇനി ഓർമകളിൽ മാത്രം...