ഒരിക്കൽ നിന്റെ പേരിൽ ഞാൻ ഓർമിക്കപ്പെടും; മുത്തച്ഛന്റെ വാക്കുകൾ സത്യമാക്കി ധന്യ

ധന്യ.

സൈബർ നിയമങ്ങളെക്കുറിച്ച് ഒരു കോഴ്സ് പഠിക്കുക എന്ന ആശയം ധന്യാ മേനോൻ എന്ന പെൺകുട്ടിയുടെ മനസ്സിൽ ഉണ്ടാകുന്നത് കൊച്ചിയിൽ ഒരു സെമിനാറിൽ പങ്കെടുക്കുമ്പോൾ. തന്റെ ആഗ്രഹം വെളിപ്പെടുത്തിയപ്പോൾ നിരാശാജനകമായ പ്രതികരണങ്ങളാണു ധന്യയ്ക്കു കിട്ടിയത്.

പലരും അന്നുവരെ കേട്ടിട്ടുപോലുമില്ലാത്ത കോഴ്സ് പഠിക്കുന്നതിൽനിന്നു പിന്തിരിപ്പിക്കാനും ശ്രമിച്ചു. അങ്ങനെ ചെയ്യാതിരുന്നത് ഒരാൾ മാത്രം–മുത്തച്ഛൻ പി.ബി.മേനോൻ. അന്ന് 86 വയസ്സുണ്ടായിരുന്ന മേനോൻ ഇഷ്ടപ്പെട്ട വിഷയം പഠിക്കാനും മുന്നോട്ടുപോകാനും ധന്യയെ പ്രേരിപ്പിച്ചു. ഇന്ന് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നെറുകയിൽ നിൽക്കുമ്പോൾ ധന്യ മുത്തഛൻ കൂടെയില്ലാത്തതിന്റെ വേദനയിലാണ്. നികത്താനാകാത്ത നഷ്ടവും വേദനയും. 

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനുവേണ്ടി നടത്തിയ പ്രവർത്തനങ്ങളുടെ പേരിലും സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കിയതിന്റെയും അംഗീകാരമായി ഇക്കഴിഞ്ഞമാസം കേന്ദ്രസർക്കാർ ആദരിച്ച നൂറു വനിതകളിൽ ഒരാളാണു തൃശൂർ സ്വദേശി ധന്യ എന്ന ധന്യ മേനോൻ. രാഷ്ട്രപതി ഭവനിൽ ഇന്ത്യൻ പ്രസിഡന്റിൽനിന്ന് അംഗീകാരം സ്വീകരിക്കുമ്പോൾ ധന്യ ആലോചിച്ചതത്രയും മുത്തച്ഛനെക്കുറിച്ച്. താൻ ആദരിക്കപ്പെടുന്നതു കാണാൻ മുത്തച്ഛനില്ലല്ലോ എന്ന ദുഃഖം. 

രാജ്യത്തെ ആദ്യത്തെ സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്ററാണു ധന്യ. സങ്കീർണമായ സൈബർ കുറ്റകൃത്യമേഖലയിലെ അപൂർവ വ്യക്തിത്വം. ഒരിക്കൽ നിന്റെ പേരിൽ ഞാൻ ഓർമിക്കപ്പെടും– സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനായിരുന്ന പിബി മേനോൻ സൈബർ മേഖല പഠിക്കാൻ തീരുമാനിച്ച ധന്യയോടു പറഞ്ഞിരുന്നു. വർഷങ്ങൾക്കുശഷം അതു സത്യമായി. 

പുണെയിലെ ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോയിൽനിന്നാണു ധന്യ ബിരുദം നേടുന്നത്. ഇതേ വിഷയത്തിൽ ബിരുദാനന്ദര ബിരുദവുമുള്ള ധന്യ കാനഡയിലെ ഒരു സർവകലാശാലയിൽ നിന്നു ബിടെക്കും കരസ്ഥമാക്കി.

തൃശൂരിൽ അയ്യന്തോളിൽ സൈബർ സുരക്ഷ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്വന്തം സ്ഥാപനം നടത്തുകയാണു ധന്യ മേനോൻ. വൻകിട സ്ഥാപനങ്ങളാണ് ഉപഭോക്താക്കൾ. സൈബർ മേഖലയിലുണ്ടാകുന്ന സംശയങ്ങൾ പരിഹരിച്ചും സൈബർ വഴികളിലൂടെ എത്തിച്ചേരാവുന്ന തെളിവുകളിലേക്കു നയിച്ചും വിജയകരമായി ധന്യ സ്ഥാപനം നടത്തുന്നു.

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കുവേണ്ടി സൈബർ ഓഡിറ്റും നടത്തുന്നുണ്ട് ധന്യ. കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പൊലീസുമായി സഹകരിച്ചുപ്രവർത്തിക്കുന്നതിനൊപ്പം രാജ്യത്തെ 400 സ്കൂളുകളിൽ സൈബർ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു. സൈബർ നിയമങ്ങളെക്കുറിച്ചുള്ള സംശയങ്ങളുമായി ആർക്കും എപ്പോഴും വിളിക്കാവുന്ന ഒരു ഹെൽപ്‍ലൈൻ നമ്പർ സേവനവും  ഏർപ്പെടുത്തിയിട്ടുണ്ട്: 8129771111. 

പ്ലസ് വണിനു പഠിക്കുന്ന വിദ്യാർഥിയുടെ അമ്മ കൂടിയായ ധന്യ മികച്ച നർത്തകി കൂടിയാണ്. മൂന്നാം ക്ലാസ് മുതലേ മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും പരിശീലനവും നേടുന്നുണ്ട്.  മകൻ പ്രണവ് മേനോൻ കാക്കശ്ശേരി വിദ്യാവിഹാർ സെൻട്രൽ സ്കൂൾ വിദ്യാർഥി. മാതാപിതാക്കൾ മാണിക്കത്ത് വേണുഗോപാലും ലക്ഷ്മിയും കൊച്ചിയിൽ താമസിക്കുന്നു.