നമ്പർ മാറി യുവതി അയച്ച മെസേജ് വൈറലായി; ഒരു കുഞ്ഞു ജീവന്റെ വിലയുണ്ടായിരുന്നു അതിന്

ആളുതെറ്റി വരുന്ന ഫോൺവിളികളും സന്ദേശങ്ങളും പലപ്പോഴും നമ്മളെ ശുണ്ഠി പിടിപ്പിക്കാറുണ്ട്. എന്നാൽ അങ്ങനെയുള്ള മെസേജുകൾക്ക് ചില അദ്ഭുതമൊക്കെ കാട്ടാൻ കഴിയുമെന്ന് ഓർമ്മിപ്പിക്കുകയാണ് ഈ കഥ. ഒരു പുതിയ ഡ്രസ്സ് എടുക്കാൻ വസ്ത്രശാലയിലേക്കു പോയതാണ് സിഡ് എന്ന യുവതി. സെലക്റ്റ് ചെയ്ത വസ്ത്രമണിഞ്ഞ ചിത്രമെടുത്ത് കൈയോടെ സുഹൃത്തിനയച്ചു. സുഹൃത്തിന്റെ അഭിപ്രായം കൂടി കേട്ടശേഷം ഡ്രസ് വാങ്ങാനായിരുന്നു അവളുടെ പദ്ധതി.

പക്ഷേ അവിടെ മുതലാണ് ട്വിസ്റ്റുകളുടെ ആരംഭം. യുവതി സുഹൃത്തിനയച്ച മെസേജ് നമ്പർ മാറി മറ്റൊരാൾക്കാണ് പോയത്. ടോണി എന്നായിരുന്നു കക്ഷിയുടെ പേര്. യുവതിയുടെ മെസേജ് കണ്ട ടോണി അത് അവഗണിക്കാതെ യുവതിക്ക് രസകരമായൊരു മറുപടി നൽകി. യുവതി അയച്ച ചിത്രം കണ്ടുവെന്നും വസ്ത്രത്തെക്കുറിച്ച് അഭിപ്രായം പറയാൻ തന്റെ ഭാര്യ സ്ഥലത്തില്ലെന്നും അതുകൊണ്ട് തന്റേയും മക്കളുടെയും അഭിപ്രായം പറയാമെന്നുമായിരുന്നു മെസേജ്. ശേഷം തന്റേയും മക്കളുടെയും അഭിപ്രായത്തിൽ ആ വസ്ത്രം യുവതിക്ക് നന്നായി ചേരുന്നുണ്ടെന്നും പറഞ്ഞ് കുഞ്ഞുങ്ങൾ തംപ്സ് അപ് നൽകുന്ന ചിത്രവും അയച്ചു കൊടുത്തു. അധികം വൈകാതെ ഈ മറുപടി സമൂഹമാധ്യമങ്ങളിൽ തരംഗമായി.

തനിക്ക് ആറുമക്കളാണുള്ളതെന്നും ആറാമൻ ചിത്രത്തിലില്ലെന്നും ലുക്കീമിയ പേഷ്യന്റ് ആണെന്നും  ചികിത്സാവശ്യത്തിനായി അവൻ അമ്മയോടൊപ്പം ആശുപത്രിയിലേക്കു പോയിരിക്കുകയാണെന്നും അച്ഛന്റെ സന്ദേശത്തിലുണ്ടായിരുന്നു. ഇത്രയും തമാശയൊക്കെ ഒപ്പിച്ച അച്ഛന്റെ ജീവിതത്തിൽ മകനെപ്പറ്റിയുള്ള ആശങ്കയുണ്ടെന്നു തിരിച്ചറിഞ്ഞ ട്വിറ്റർ യൂസേഴ്സ് കുഞ്ഞിന്റെ ചികിത്സയ്ക്കായി പേരന്റ്സ് തുടങ്ങിയ ഫണ്ട് റെയിസിങ് ലിങ്ക് സന്ദർശിക്കുകയും കുഞ്ഞിന്റെ ചികിത്സയ്ക്കുള്ള പണം അതിലൂടെ നൽകുകയും ചെയ്തു. ഫണ്ട് റെയിസിങ്ങിലൂടെ ഇതുവരെ 1,94,925 രൂപയോളം ലഭിച്ചുവെന്നാണ് ടോണി പറയുന്നത്.