ഭൂമികുലുക്കത്തിലും കുലുങ്ങാതെ അമ്മ മാലാഖമാർ; നെഞ്ചിൻ ചൂടിൽ നവജാതശിശുക്കളെ അവർ കാത്തതിങ്ങനെ

ചിത്രത്തിന് കടപ്പാട്: യുട്യൂബ്.

ഇൻക്യൂബറേറ്ററിന്റെ ചൂടിൽ നിന്ന് അമ്മ മാലാഖമാരുടെ കൈച്ചൂടിലേക്ക് എടുത്തു മാറ്റപ്പെട്ടപ്പോഴും ആ കുഞ്ഞുങ്ങൾക്ക് ഉറക്കം മുറിഞ്ഞിരുന്നില്ല. കാരണം അമ്മയുടെ ഗർഭപാത്രം പോലെ സുരക്ഷിതമായ ഒരിടത്തായിരുന്നു അവരുടെ ഉറക്കം. ഭൂമികുലുക്കമുണ്ടായപ്പോൾ സ്വയരക്ഷയ്ക്കു ശ്രമിക്കാതെ അലറിക്കരഞ്ഞു ബഹളമുണ്ടാക്കാതെ ആ മാലാഖമാർ കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്.

കൊറിയയിലുണ്ടായ ഭൂമികുലുക്കത്തിൽ ആശുപത്രി കെട്ടിടമാകെ കുലുങ്ങി വിറച്ചപ്പോൾ ആശുപത്രിയിലെ ഇൻക്യൂബറേറ്റർ റൂമിൽ നടന്ന കാഴ്ചകളാണ് വിഡിയോയിലുള്ളത്. ഭൂമികുലുക്കത്തിന്റെ ശക്തിയിൽ ഇൻക്യൂബറേറ്ററുകൾ നിരങ്ങി നീങ്ങിയപ്പോൾ ഡ്യൂട്ടിയിലുണ്ടായ നഴ്സുമാർ ചേർന്ന് കുഞ്ഞുങ്ങളെ വാരിയെടുക്കുന്നതും മുറിയുടെ പലഭാഗത്തായിരുന്ന ഇൻക്യൂബറേറ്ററെല്ലാം കൂടി ഒരുമിച്ച് മുറിയുടെ മധ്യഭാഗത്തേക്കു നീക്കിവെയ്ക്കുന്നതും. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെല്ലാവരും കൂടി ഓരോ കുഞ്ഞുങ്ങളേയുമെടുത്ത് നെഞ്ചോടടുക്കി പിടിക്കുന്നതുമൊക്കെയാണ് വിഡിയോയിലെ കാഴ്ചകൾ.

അമ്മ മനസ്സുള്ള ഭൂമിയിലെ മാലാഖമാർ ചേർന്ന് സ്വന്തം ജീവനെക്കുറിച്ചു പോലും ഉത്കണ്ഠാകുലരാകാതെ പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിക്കാൻ കാട്ടിയ മനസ്സിനെ അഭിനന്ദിക്കുകയാണ് ലോകമിപ്പോൾ.