ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെണ്ണിനോട് എന്തു വൃത്തികേടും ആകാമോ?

രാത്രിയോ, പകലോ സമയം ഏതുമാകട്ടെ ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകള്‍ എന്തോ വലിയ കുറ്റം ചെയ്യുന്നതു പോലെയാണ് ചില സാദാചരക്കാരുടെ പെരുമാറ്റം. അല്ലെങ്കില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെണ്ണിനോട് എന്തു വൃത്തികേടും ചെയ്യാം എന്നു ചിന്തിക്കുന്ന സാമൂഹ്യവിരുദ്ധരും കുറവല്ല. മാറ്റേണ്ടത് സ്ത്രീകള്‍ യാത്ര ചെയ്യുന്ന സമയമല്ലെന്നും മറിച്ചു ചിലരുടെയൊക്കെ ദുഷിച്ച മനസ്സാണെന്നും പറഞ്ഞു വെയ്ക്കുകയാണ് ഒരു വിഡിയോ. 

ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകളെ ലാക്കാക്കിയിരിക്കുന്ന രണ്ടു പുരുഷന്മാരുടെ മുന്നിലൂടെ സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകളുടെ കഥയാണ് വിഡിയോ പങ്കുവെയ്ക്കുന്നത്. തങ്ങളുടെ മുന്നില്‍ക്കൂടി കടന്നു പോകുന്ന ഓരോ പെണ്ണിനേയും കഴുകന്‍ കണ്ണുകളോടെ വീക്ഷിക്കുന്ന അവര്‍ പെൺകുട്ടികള്‍ തനിച്ചല്ല എന്നു കാണുന്നതോടെ ദുരുദ്ദേശത്തില്‍ നിന്ന് പിന്മാറുന്നു. ചെറുപ്പക്കാര്‍ക്ക് മുന്നിലൂടെതനിച്ചു സഞ്ചരിക്കുന്ന എല്ലാ പെണ്‍കുട്ടികളുടേയും കഴുത്തില്‍ ഒരു സ്ലേറ്റുണ്ട്. തങ്ങള്‍ ആർക്കൊപ്പമാണ് സഞ്ചരിക്കുന്നതെന്ന സൂചന അതിലുണ്ട്. അങ്ങനെ ഭർത്താവിനൊപ്പവും  അച്ഛനൊപ്പവും സഹോദരനൊപ്പവും കൂട്ടുകരനൊപ്പവും വന്ന പെണ്‍കുട്ടികളെ ഒക്കെ അവര്‍ ഉപദ്രവിക്കാതെ വെറുതെ വിടുന്നു.

ഈ സമയത്താണ് ഒന്നും എഴുതാത്ത സ്ലേറ്റ് കഴുത്തിൽത്തൂക്കി ഒരു പെണ്‍കുട്ടി കടന്നു വരുന്നത്. കാത്തിരുന്ന ഇരയെ കിട്ടിയ സന്തോഷത്തോടെ ചെറുപ്പക്കാർ അവളുടെ സമീപത്തേക്കു ചെല്ലുന്നു. അവരെക്കണ്ടു ഭയന്ന് അവൾ രണ്ടുമൂന്നു ചുവടുകൾ പിന്നോട്ടുവെയ്ക്കുന്നു. അപ്പോൾ അവൾക്കു പിന്നിൽ മറ്റുചിലർ കൂടിയെത്തുന്നു. ആ സമയത്ത് അവളുടെ സ്ലേറ്റിൽ ചില കാര്യങ്ങൾ പ്രത്യക്ഷ്യപ്പെടുന്നു. ഇവള്‍ അരുടെയെങ്കിലും മകളോ സുഹൃത്തോ സഹോദരിയോ ആവാം എന്നാണത്. അതുകൊണ്ടു തന്നെ നിരത്തിലൂടെ ഒറ്റയ്ക്കു നടക്കേണ്ടി വന്നാലും അവൾ സംരക്ഷിക്കപ്പെടുമെന്നും അവളുടെ ചുറ്റുമുള്ളവർ പറയാതെ പറയുന്നു. അപ്പോൾ അവളുടെ സ്ലേറ്റിൽ തെളിയുന്നത് ഞാനൊറ്റയ്ക്കല്ല എന്ന വാചകങ്ങളാണ്. 

ഞാൻ ഒറ്റയ്ക്കല്ല എന്നെഴുതിയ സ്ലേറ്റുമായി പെൺകുട്ടി മുന്നിട്ടിറങ്ങാൻ ധൈര്യം കാണിച്ചപ്പോൾ അവളെ ഉപദ്രവിക്കാൻ വന്ന ചെറുപ്പക്കാർ തലകുനിച്ചു മടങ്ങുന്നു. വഴിവക്കിലോ, ഓഫീസിലോ, ബസ്സിലോ കാണുന്ന സ്ത്രീകളെ പരിഹസിക്കുമ്പോഴോ അപമാനിക്കാൻ ശ്രമിക്കുമ്പോഴോ അവരും ആരുടെയെങ്കിലുമൊക്കെ പ്രിയപ്പെട്ടവരാണെന്ന സത്യം മറക്കാതിരിക്കണമെന്ന് വിഡിയോ പറഞ്ഞുവെയ്ക്കുന്നു.