പുകവലി ആരോഗ്യത്തിനു ഹാനികരമാണ് അതിപ്പോൾ പുരുഷൻ വലിച്ചാലും സ്ത്രീ വലിച്ചാലും അതങ്ങനെതന്നെ. കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും ഒരു സ്ത്രീ പൊതുസ്ഥലത്തിരുന്ന് പുകവലിക്കുന്നതോട് ഭൂരിപക്ഷം ആളുകൾക്കും യോജിപ്പില്ലെന്ന എന്ന കാര്യവും സത്യമാണ്. അതിനുള്ള ഉത്തമ ഉദാഹരണമാണ് പാക്താരം മാഹിറ ഖാൻ.
രൺബീർ കബീറിനൊപ്പം പരസ്യമായി പുകവലിക്കുന്ന മാഹിറഖാന്റെ ചിത്രം പുറത്തു വന്നതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളൊന്നും ആരും മറന്നുകാണാനിടയില്ല. അന്ന് മാഹിറ ഖാന്റെ പരസ്യമായ പുകവലി മാത്രമായിരുന്നില്ല പ്രശ്നം അവരുടെ വസ്ത്രധാരണവും സദാചാരക്കാരെ ചൊടിപ്പിച്ചിരുന്നു. ആ സംഭവങ്ങളൊക്കെ തന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്ന് മാഹിറഖാൻ പിന്നീട് തുറന്നു പറയുകയും ചെയ്തു.
എന്നാൽ മാഹിറ പുകവലിക്കുന്നതിന്റെ മറ്റൊരു ദൃശ്യം പുറത്തു വന്നതോടുകൂടി കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്. ഇത്തവണ താരത്തെ പരിഹസിക്കുന്നതിനു പകരം ആളുകൾ അവരെ പിന്തുണച്ചു. പുകവലിക്കുന്നതൊക്കെ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നും അതിൽ ഇടപെടാനുള്ള അധികാരം മറ്റുള്ളവർക്കില്ലെന്നുമാണ് ഇക്കുറി ആളുകൾ വാദിക്കുന്നത്.
ഒരുപരിപാടിക്കിടെ ബാക്ക്സ്റ്റേജിലിരുന്ന് മാഹിറ പുകവലിക്കുന്നതും മാനേജർ വിലക്കാൻ ശ്രമിക്കുമ്പോൾ അവർ പരിഹസിച്ച് പൊട്ടിച്ചിരിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇക്കുറി പുറത്തായത്. എന്നാൽ അദ്ഭുതപ്പെടുത്തുന്ന പ്രതികരമമാണ് ഇക്കുറി വിഡിയോയ്ക്കു ലഭിച്ചത്. ആരും അവരെ കുറ്റപ്പെടുത്തിയില്ലെന്നു മാത്രമല്ല അതൊക്കെ വ്യക്തസ്വാതന്ത്ര്യമാണെന്ന മട്ടിൽ പിന്തുണയ്ക്കുക കൂടിച്ചെയ്തു.