കരീനയെ അസ്ഥികൂടമെന്നു വിളിച്ചു പരിഹസിച്ചവർക്കായി ഫിറ്റ്നസ് ട്രെയിനർ പങ്കുവെച്ച വിഡിയോ

ബോഡിഷെയിമിങ്ങിന്റെ ഏറ്റവും മോശപ്പെട്ട തരത്തിലുള്ള ഉദാഹരണമായിരുന്നു കരീന കപൂറിനെ അസ്ഥികൂടം എന്നു വിളിച്ചുകൊണ്ടുള്ള ആരാധകരുടെ ട്രോളുകൾ. ഫിറ്റ്നസ് ഭ്രാന്ത് തലയ്ക്കുപിടിച്ച കരീനയ്ക്ക് ചുവടു പിഴച്ചുവെന്നു വരെ ആളുകൾ പരിഹസിച്ചു. എന്നാൽ അതിനൊക്കെ ചുട്ടമറുപടിയുമായെത്തിയിരിക്കുകയാണ് കരീനയുടെ ഫിറ്റ്നസ് ട്രെയിനർ.

ഫിറ്റ്നസ് ക്ലബിൽ കഷ്ടപ്പെട്ടു വർക്കൗട്ട് ചെയ്യുന്ന കരീനയുടെ വിവിധ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഫിറ്റ്നസ് ട്രെയിനർ നമ്രത പുരോഹിത് കരീനയെ ട്രോളിയവർക്കുള്ള മറുപടി നൽകുന്നത്. 37 വയസ്സുകാരിയായ കരീന ജിമ്മിലെത്തുന്നതിന് ഒരു മുടക്കവും വരുത്താറില്ലെന്നും  എത്ര കഠിനമായ വർക്കൗട്ടും ഒട്ടും മടിയില്ലാതെ ചെയ്യുമെന്നും ദൃശ്യങ്ങളിലൂടെ കാട്ടിത്തരുകയാണ് നമ്രത.

നമ്രതയുടെ ഫിറ്റ്നസ് സ്റ്റുഡിയോയിൽ കരീന എത്തിയത് കഴിഞ്ഞ വർഷമാണ്. മകൻ തൈമൂറിന്റെ ജനനശേഷമാണ് കരീന ഇവിടെ പതിവുകാരിയായത്. കഠിനപരിശ്രമം കൊണ്ട് വളരെപ്പെട്ടന്ന് കരീന രൂപഭംഗി വീണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്തിടെ സിംഗപ്പൂരിൽ നടന്ന ഫാഷൻഷോയിൽ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ച് അമൃത അറോറയ്ക്കൊപ്പം റാംപിൽ ചുവടുവെയ്ക്കുന്ന കരീനയുടെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. 

ചിത്രത്തിൽ കരീന വളരെ മെലിഞ്ഞാണിരുന്നത്. ആ ചിത്രം പുറത്തു വന്നതോടു കൂടി കരീന മെലിഞ്ഞ് അസ്ഥികൂടമായി എന്നു പറഞ്ഞാണ് അവരുടെ സൈസ് സീറോ ലുക്കിനെ പുകഴ്ത്തിയ ആരാധകരുൾപ്പടെ അവരെ പരിഹസിച്ചത്. പരിഹസിക്കുന്നവർ തീർച്ചയായും ഫിറ്റ്നസ്സിനുവേണ്ടി അവർ എന്തൊക്കെ കഷ്ടപ്പാടുകളാണ് സഹിക്കുന്നതെന്നുകൂടി അറിയണമെന്ന് പറഞ്ഞുകൊണ്ടാണ് അവർ വിഡിയോ പങ്കുവെച്ചത്.