ആര്യ പെണ്ണുകാണാനെത്തിയതിനെക്കുറിച്ച് വികാരധീനയായി അബർനദി

വധുവിനെ കണ്ടെത്താനായി നടത്തുന്ന റിയാലിറ്റി ഷോയുടെ ഭാഗമായി നടൻ ആര്യ മത്സരാർഥിയായ അബർനദിയുടെ വീട് സന്ദർശിച്ചു. പരമ്പരാഗത പെണ്ണുകാണൽ ചടങ്ങാണ് നടന്നത്.  തമിഴ്നാട് കുംഭകോണം സ്വദേശി അബർനദിയുടെ വീട്ടിലേക്ക് ആര്യയും സംഘവും എത്തിയപ്പോൾ അബർനദിയുടെ അമ്മയും അമ്മാവനും ചേർന്നാണ് ആര്യയെ സ്വീകരിച്ചത്.

പെണ്ണുകാണലിനെത്തിയ ആര്യയെ കണ്ട് വികാരാധീനയായ അബർനദി കുടുംബാംഗങ്ങളെ ആര്യയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.ചടങ്ങുകൾക്കു ശേഷം ആര്യയും അബർനദിയുടെ കുടുംബാംഗങ്ങളും സമീപത്തുള്ള ക്ഷേത്രം സന്ദർശിച്ചു. ഷൂട്ടിങ്ങിനുവേണ്ടിയല്ലാതെ ഒരു വ്യക്തിക്കുവേണ്ടി ഇതാദ്യമായാണ് താൻ ക്ഷേത്രത്തിൽ പോകുന്നതെന്ന് ആര്യ പറഞ്ഞപ്പോൾ താൽ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീയാണെന്നായിരുന്നു അബർനദിയുടെ മറുപടി.

ആര്യയുമായി വളരെയടുത്തതുപോലെ തോന്നുന്നുവെന്നും ആര്യ വളരെ റൊമാന്റിക് ആണെന്നും തനിക്ക് സന്തോഷമടക്കാനാവില്ലെന്നും അബർനദി പറഞ്ഞുകൊണ്ടിരുന്നു. റിയാലിറ്റിഷോയുടെ പേരിൽ നിരവധി വിമർശനങ്ങൾ ആര്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും പരിപാടി നിർത്തലാക്കണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും 5 മത്സരാർഥികളുമായി പരിപാടി മുന്നോട്ടു പോവുകയാണിപ്പോൾ.