യോജിച്ച ജീവിത പങ്കാളിയെ കണ്ടെത്താൻ തെന്നിന്ത്യൻ താരം ആര്യ നടത്തുന്ന റിയാലിറ്റി ഷോയെക്കുറിച്ച് വിവാദങ്ങൾ കത്തിപ്പിടരുന്ന സാഹചര്യത്തിലാണ് പരിപാടിയുടെ അവതാരക കൂടിയായ സംഗീത ചില സത്യങ്ങൾ തുറന്നു പറഞ്ഞത്. പരിപാടിയിൽ പങ്കെടുക്കുന്ന ഒരു മത്സരാർഥിയുടെ അതിരുകടന്ന പെരുമാറ്റത്തെക്കുറിച്ചാണ് സംഗീത തുറന്നടിച്ചത്.
ആര്യയ്ക്ക് ഏറ്റവും യോജിച്ച പങ്കാളിയെന്ന് ആര്യയുടെ കൂട്ടുകാർ പോലും നിർദേശിച്ച മത്സരാർഥിയുടെ പെരുമാറ്റത്തെക്കുറിച്ചാണ് സംഗീതയുടെ പരാതി. തമിഴ്നാട് കുംഭകോണം സ്വദേശിയായ ഇരുപതുവയസ്സുകാരിയായ അബർനദി ആര്യയോട് അമിത സ്വാതന്ത്ര്യം കാട്ടുന്നുവെന്നും ഒട്ടും ബഹുമാനമില്ലാതെ എടാ, എടേയ് എന്നൊക്കെയാണ് വിളിക്കുന്നതെന്നും സംഗീത പറയുന്നു.
ഏറ്റവും അടുത്ത കൂട്ടുകാർ മാത്രമേ നമ്മളെയൊക്കെ അങ്ങനെ വിളിക്കാറുള്ളൂ. പക്ഷേ ഇതൊരു മത്സരമാണെന്നോ അതിനു ചില രീതികളുണ്ടെന്നോ ഒന്നും ചിന്തിക്കാതെയാണ് അബർനദിയുടെ പെരുമാറ്റം. മറ്റ് മത്സരാർഥികളൊക്കെ വളരെ മാന്യമായാണ് പെരുമാറുന്നത്. മത്സരത്തിന്റെ ഭാഗമായി തന്നെ ഇംപ്രസ് ചെയ്യേണ്ടകാര്യമൊന്നും അബർനദിക്കില്ലെന്നും ആര്യയെ ഇംപ്രസ് ചെയ്താൽ മതിയെന്നും അവർ പറയുന്നു. അബർനദിയുടെ സംബോധനയിൽ ആര്യയ്ക്ക് പ്രശ്നമൊന്നുമില്ലെങ്കിൽ താനിക്കാര്യത്തെക്കുറിച്ച് പ്രതികരിക്കുന്നതിൽ അർഥമില്ലെന്നും സംഗീത പറയുന്നു.