അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നു പറഞ്ഞതുപോലെയാണിപ്പോൾ കാര്യങ്ങൾ. ഭർത്താവിന്റെ കളിക്കളത്തിലെ പ്രകടനം മോശമായതിന്റെ സകലപഴിയും കേൾക്കേണ്ടി വന്നത് ഭാര്യയ്ക്കാണ്. ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസിയുടെ ഭാര്യ ആന്റെനോള റൊക്കൂസയാണ് സാമൂഹമാധ്യമങ്ങളിലൂടെ പരിഹസിക്കപ്പെട്ടത്.
അര്‍ജന്റീനയിലെ പ്രശസ്ത മോഡലാണ് റൊക്കൂസോ. ഒമ്പതാം വയസ്സിലാണ് മെസ്സി റൊക്കൂസോയെ പരിചയപ്പെട്ടത്. മോഡലിങ്ങിൽ സജീവമായിരുന്ന റൊക്കൂസോ 2007ല്‍ മെസിക്കൊപ്പം ബാഴ്‌സലോണയിലേക്ക് താമസം മാറ്റുകയായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് മൂന്നു മക്കളുണ്ട്.
തന്റെ ഇളയമകനൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച അന്റനൊല്ലയെ കാത്തിരുന്നത് മോശം പ്രതികരണങ്ങളായിരുന്നു. ചിത്രത്തിനു താഴെയുള്ള കമന്റ് ബോക്സുകൾ മെസ്സിയെ വിമർശിക്കാനുള്ളയിടമായിക്കണ്ട ചിലരാണ് മോശം വാക്കുകൾകൊണ്ട് കമന്റ് ബോക്സുകൾ നിറച്ചത്. മെസിക്ക് റിട്ടയർ ആയിക്കൂടേയെന്നും ചിലർ ചോദിക്കുന്നു.
വളരെ മോശമായ അർഥത്തിൽ ഭർത്താവ് എങ്ങനെയുണ്ടെന്ന് അന്റനൊല്ലയോട് ചോദിക്കാനും ചിലർ മടിച്ചില്ല. കഴിഞ്ഞ കുറേ നാളുകളായി കളിക്കളത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ബാഴ്സിലോണയ്ക്കാവുന്നില്ല. അതിന്റെ ദേഷ്യമാണ് കായിക പ്രേമികൾ മെസിയുടെ ഭാര്യയോട് തീർക്കുന്നത്. ചാംപ്യൻസ് ലീഗിലെ രണ്ടാംപാദ ക്വാർട്ടർ ഫൈനൽ പ്രകടനത്തിന്റെ പേരിലാണ് മെസിയ്ക്കൊപ്പം ഭാര്യയ്ക്കും പഴി കേൾക്കേണ്ടി വന്നത്.