ശരീരം സംരക്ഷിക്കാനാണ് ഞാൻ ബോഡിബിൽഡറായത്; പക്ഷേ

പെൺകുഞ്ഞുങ്ങളുടെ പേരുകൾ മാത്രം മാറുകയും ലൈംഗിക അതിക്രമണങ്ങൾ വർധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും വിരൽ ചൂണ്ടുന്നത് ഒരു കാര്യത്തിലേക്കാണ് സ്വന്തം ജീവനും മാനവും സംരക്ഷിക്കാൻ പെൺകുഞ്ഞുങ്ങൾ കായികമായി കരുത്തരാകണം. അതിനുവേണ്ടുന്ന പരിശീലനമുറകൾ അവർ സ്വായത്വമാക്കണം. എന്നാൽ കായികമായി കരുത്തരായതുകൊണ്ടുമാത്രം കാര്യമില്ലെന്നും സമൂഹത്തിന്റെ കാഴ്ചപ്പാടാണ് മാറേണ്ടതെന്നും പറഞ്ഞുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ശ്വേത സഖാർക്കർ എന്ന ബോഡിബിൽഡർ.

ഹ്യൂമൻസ്ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ശ്വേത തന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത്. 'നിർഭയ, കഠ്‌വ പെൺകുട്ടികളെക്കുറിച്ചുള്ള വാർത്തകളുടെ പശ്ചാത്തലത്തിൽ നമ്മൾ പെൺകുഞ്ഞുങ്ങളുടെ സുരക്ഷയെക്കുറിച്ച് ചർച്ചചെയ്യും. എന്നാൽ യഥാർഥത്തിൽ ഇതൊരു ദൈനംദിന പോരാട്ടം തന്നെയാണ്. ഒരു ബോഡിബിൽഡറാകാനായിരുന്നു എനിക്കു താൽപ്പര്യം എന്റെ ശരീരത്തെ സംരക്ഷിക്കാനും ഫിറ്റ്‌നസ്സിൽ ശ്രദ്ധിക്കാനും എനിക്കത്രയ്ക്കും ഇഷ്ടമായിരുന്നു.

സ്വപ്നം സഫലമാക്കാൻ അതികഠിനമായി ഡയറ്റ് ചെയ്തു അപ്പോഴൊക്കെയും എന്നെ മുന്നോട്ടുനയിച്ചത് ഒരിക്കലും എന്റെ ശരീരമെന്നെ ചതിക്കില്ല എന്ന ആത്മവിശ്വാസമായിരുന്നു. റെസ്‌ലിങ് ചെയ്യുമ്പോഴുള്ളതിനേക്കാൾ ഭാരം  എന്റെ മനസ്സിനനുഭവപ്പെട്ട നിമിഷങ്ങളുണ്ടായിട്ടുണ്ട്. ചില പുരുഷന്മാരുടെ സന്ദേശങ്ങൾ ലഭിച്ചപ്പോഴായിരുന്നു അത്. അവരുടെ കിടക്കയിലേക്ക് എന്നെ റസ്‌ലിങ്ങിനു ക്ഷണിച്ചുകൊണ്ടുള്ളവയായിരുന്നു അത്. വിവാഹിതനായ ഒരാൾ അയാളോടൊപ്പം കിടക്ക പങ്കിടാൻ ക്ഷണിച്ചുകൊണ്ട് എനിക്ക് 95000 രൂപ വില പറഞ്ഞു. ചിലരെന്നെ വേശ്യയെന്നും നായയെന്നും വിളിച്ചധിക്ഷേപിച്ചു. മറ്റുചിലർ എന്നെ ക്രൂരമായി മാനഭംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

ഇതിലൊക്കെയും മോശമായ മറ്റൊരു കാര്യം കൂടി സംഭവിച്ചു. പുരുഷന്മാർ ഇങ്ങനെ മോശമായി പെരുമാറുന്നത് എന്റെ കുറ്റംകൊണ്ടാണെന്ന് ചില സ്ത്രീകൾ സമർഥിച്ചു. സ്ത്രീകളെപ്പോലെ നടക്കാത്തതുകൊണ്ടാണ് അപമാനിക്കപ്പെടുന്നതെന്നും എന്റെ മസിലു കാട്ടി പുരുഷന്മാരുടെ മനസ്സിളക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നും സ്ത്രീകളുടേതുപോലെയുള്ള അഴകളവുകളില്ലെങ്കിൽ വിവാഹംപോലും നടക്കില്ലെന്നും അവർ പറഞ്ഞു. മോശമായിപ്പെരുമാറുന്ന പുരുഷന്മാരേക്കാൾ മോശമായി സംസാരിക്കുന്ന സ്ത്രീകളുണ്ടിവിടെ. 

ഈ അവസ്ഥയിൽ സ്ത്രീ സുരക്ഷയ്ക്കായി നടത്തുന്ന  മെഴുകുതിരി തെളിയിച്ചുള്ള മാർച്ചുകൾക്കും പ്രതിഷേധങ്ങൾക്കും എന്താണ് പ്രസക്തി. ഇങ്ങനെയാണ് നമ്മുടെ രാജ്യം അതുകൊണ്ട് അടിസ്ഥാനപരമായ കാര്യങ്ങളാണ് ഇവിടെ ആദ്യം മാറേണ്ടത്. അധികാരത്തിലിരിക്കുന്നവർക്ക് ഇതൊന്നും ഒരു വിഷയമേയല്ല. സ്വന്തം സീറ്റ് സംരക്ഷിക്കുന്നതിലാണ് അവരുടെ മുഴുവൻ ശ്രദ്ധയും. സ്വേഛാധിപതികളായ ഭരണാധികാരികൾക്ക് വോട്ട് മാത്രമാണ് ലക്ഷ്യമെന്നും പറഞ്ഞുകൊണ്ടാണ് ശ്വേത പോസ്റ്റ് അവസാനിപ്പിക്കുന്നത്.