മാനുഷിയോട് നോ പറഞ്ഞ കുട്ടി; അദ്ഭുതപ്പെടുത്തിയ ബാലനെക്കുറിച്ച് ലോകസുന്ദരി

സൗന്ദര്യം കൊണ്ടും ആറ്റിറ്റ്യൂഡ് കൊണ്ടും ആരാധകരുടെ മനംകവർന്ന മാനുഷി ഛില്ലർ ഇക്കുറി ഹൃദയസ്പർശിയായ ഒരു കഥപറഞ്ഞുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. ബ്യൂട്ടി വിത്ത് എ പർപ്പസ് എന്ന പ്രൊജക്റ്റിന്റെ ഭാഗമായി ലോകമൊട്ടാകെ സഞ്ചരിച്ച മാനുഷി തന്നെ അദ്ഭുതപ്പെടുത്തിയ ഒരു ബാലനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

പുതിയൊരു സുഹൃത്തിനെക്കിട്ടിയെന്നും മഹേഷ് എന്നാണവന്റെ പേരെന്നും പറഞ്ഞുകൊണ്ടാണ് മാനുഷി അവനെക്കുറിച്ചു പറഞ്ഞു തുടങ്ങിയത്. 'പഠിക്കാനാവശ്യമായ പണം കണ്ടെത്താൻ പനിനീർപ്പൂക്കൾ വിറ്റുകൊണ്ടിരിക്കുമ്പോഴാണ് അവനെ പരിചയപ്പെട്ടത്. കണക്കും ഇംഗ്ലീഷും മാത്രമാണ് ഇഷ്ടവിഷയങ്ങളെന്ന് അവനെന്നോടു പറഞ്ഞു. ഞാൻ വാങ്ങിക്കൊടുത്ത ഐസ്ക്രീം അവൻ നിരസിച്ചു. വയറുചാടിയാൽ ഫുട്ബോൾ കളിക്കാനാവില്ല എന്നു പറഞ്ഞായിരുന്നു അത്. 

ബാക്കി വന്ന പണം അവനു നൽകിയ ശേഷം പൂക്കൾ അവന്റെ അമ്മയ്ക്ക് സമ്മാനമായി നൽകാൻ ഞാൻ പറഞ്ഞു. എന്നാൽ അവന്റെ മറുപടി എന്നെ  അദ്ഭുതപ്പെടുത്തി. തനിക്കീ പണം വേണ്ടെന്നും ആരിൽ നിന്നും ഒന്നും സൗജന്യമായി സ്വീകരിക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നായിരുന്നു അവന്റെ മറുപടി. ചെറിയ പ്രായത്തിൽ ആ കുട്ടിയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നു' പറഞ്ഞുകൊണ്ടാണ് മാനുഷി അവനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.