സാരിയ പാറ്റ്നി എന്ന യുവതി വിവാഹിതയാകുന്നത് 19–ാം വയസ്സിൽ. മുംബൈ സ്വദേശിനിയായ സാരിയ വിവാഹം കഴിച്ചത് ഏഴു വയസ്സിനു മുതിർന്ന ഒരു പുരുഷനെ. വീട്ടിൽനിന്നുള്ള സമ്മർദത്തിന്റെ ഫലമായിരുന്നില്ല വിവാഹം. സ്വന്തം ഇഷ്ടപ്രകാരം തന്നെ. പക്ഷേ, വിവാഹത്തിന്റെ മധുരം അവസാനിച്ചതു വളരെ വേഗം. തനിക്കു തെറ്റു പറ്റി എന്നു സാരിയയ്ക്കു മനസ്സിലായി. സാരിയയെ കാത്തിരുന്നതു ശാരീരികവും മാനസികവുമായ പീഡനങ്ങളുടെ പരമ്പര. സ്വാതന്ത്ര്യം നിഷേധിച്ചതിനു പിന്നാലെ ഏറ്റവും ചെറിയ കാര്യങ്ങളിലും ഭർത്താവ് ഇടപെടാൻ തുടങ്ങിയതോടെ നരകതുല്യമായി ജീവിതം.
വഴക്കിനും അലർച്ചകൾക്കുമിടെ ഒരുദിവസം അയാൾ എന്നെ തള്ളിതാഴെയിട്ടു. വിവാഹം കഴിഞ്ഞ് ആറാം മാസം ഞാൻ ഗർഭിണിയുമായി– സാരിയ ഓർമിക്കുന്നു. ദുബായിലായിരുന്നു അക്കാലത്തു ദമ്പതികളുടെ താമസം. ഗർഭകാലത്തും ഭർത്താവിന്റെ പീഡനങ്ങൾ തുടർന്നു. അത്യാവശ്യം കഴിക്കേണ്ട മരുന്നുകൾ പോലും അയാൾ ഒളിപ്പിച്ചുവച്ചു. കിടക്കയിലേക്കു സാരിയയെ തള്ളിയിടുന്നതും പതിവ്. വൈറ്റമിനുകൾ ഇല്ലാതെ, ഊർജം നഷ്ടപ്പെട്ട് എഴുന്നേറ്റുനിൽക്കാൻപോലും കഴിയാത്ത അവസ്ഥയിലായി സാരിയ. അപ്പോൾ മാത്രമാണ് അയാൾ അവരെ ആശുപത്രിയിലെത്തിച്ചത്. പെട്ടെന്നുതന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒരുദിവസം കൂടി കഴിഞ്ഞാണ് എത്തിയിരുന്നതെങ്കിൽ സാരിയയുടെ മൃതദേഹം പെട്ടിയിലടച്ച് നാട്ടിലേക്കു കൊണ്ടുപേകേണ്ടിവന്നേനേ എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.
ആശുപത്രിവാസം കഴിഞ്ഞപ്പോൾതന്നെ സാരിയ തീരുമാനിച്ചു–എല്ലാം മതിയാക്കാൻ. തന്റെ ബാഗുകളുമെടുത്ത് അവൾ മുംബൈയിലേക്കു തിരിച്ചു. നാട്ടിലെത്തിയയുടൻ വിവാഹമോചന നടപടികൾ ആരംഭിച്ചു. മകനെ വിട്ടുകിട്ടാൻ സങ്കീർണമായ കോടതിനടപടികളിലൂടെയും സാരിയയ്ക്കു കടന്നുപോകേണ്ടിവന്നു. മകൻ, മുഹമ്മദ് ജനിക്കുന്നതിനുമുമ്പുതന്നെ മകനെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ഭർത്താവ് കോടതിനോട്ടീസ് അയച്ചു. പ്രസവം കഴിഞ്ഞ് ഒരു മാസം തികയുന്നതിനുമുമ്പുതന്നെ കോടതിയിലേക്കുള്ള യാത്രയും തുടങ്ങി സാരിയ. മുംബൈയിലെ കുടുംബക്കോടതിയിലായിരുന്നു കേസ്. ആറുവർഷം നീണ്ട നിയമയുദ്ധത്തിനുശേഷം സാരിയയ്ക്കു മകനെ വിട്ടുകിട്ടി– 2012ൽ. അതോടെ വ്യക്തിജീവിതത്തിലെ ദുരിതകാലത്തിനും അവസാനമായി.
കുടുംബത്തിന്റെ ബിസിനസ്സിൽ സാരിയയും ഭാഗമായി. ഒപ്പം ഫാഷൻ ഫോട്ടോഗ്രാഫറായി ജോലി ചെയ്യാനും തുടങ്ങി. കരിയറിൽ ഉയർച്ച സ്വന്തമാക്കിയ സാരിയ രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ വേദികളിലും സജീവമായി. യാത്രകൾ കൂടുകയും മകന്റെകൂടെ എപ്പോഴുമിരിക്കാൻ സമയം കിട്ടാതെ വരികയും ചെയ്തപ്പോൾ സാരിയ മകൻ മുഹമ്മദിന്റെ പാസ്പോർട്ടിനുവേണ്ടി അപേക്ഷിക്കാൻ തീരുമാനിച്ചു. പാസ്പോർട്ട് ലഭിക്കണമെങ്കിൽ മുൻ ഭർത്താവിന്റെ ഒപ്പു കൂടി വേണം.
മൂന്നുവർഷം നിരന്തരമായി ശ്രമിച്ചെങ്കിലും മുഹമ്മദിന്റെ പാസ്പോർട്ട് പ്രശ്നം പരിഹരിക്കാനായില്ല. ഒടുവിൽ വിദേശകാര്യമന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി സുഷമാ സ്വരാജിനെ ട്വിറ്ററിലൂടെ സമീപിച്ചു സാരിയ. ആവശ്യം ന്യായമാണെന്നു പറയുന്ന ആയിരക്കണക്കിനുപേരുടെ ഒപ്പുകളും സാരിയ സമർപ്പിച്ചു. അപേക്ഷ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ഒരു കാര്യം വ്യക്തമായി. കുട്ടിക്ക് പാസ്പോർട്ട് ലഭിക്കാൻ അച്ഛന്റെയും അമ്മയുടെയും സമ്മതം വേണമെന്ന നിബന്ധന സുപ്രീം കോടതി വിധിക്കുതന്നെ എതിരാണ്. വിവാഹമോചനം നേടിയ, കുട്ടികളുടെ സംരക്ഷണച്ചുമതലയുള്ള വ്യക്തി തന്നെയാണ് നിയമപരമായി രക്ഷകർത്താവ്. അങ്ങനെയുള്ള അവസരത്തിൽ മുൻഭർത്താവിന്റെ സമ്മതം ആവശ്യമില്ല.
സാരിയയുടെയും നിശ്ചയദാർഢ്യത്തോടെ പോരാടിയ അനേകം അമ്മമാരുടെയും പരിശ്രമത്തിന്റെ ഫലമായാണു നിയമം മാറിയത്. ഇപ്പോൾ കുട്ടികൾക്കു പാസ്പോർട്ടിനുവേണ്ടി അപേക്ഷിക്കുമ്പോൾ ഫോമിൽ അച്ഛനമ്മമാരിൽ ഒരാളുടെ ഒപ്പുമാത്രം മതി. അതായത് ഒറ്റയ്ക്കു ജീവിക്കുന്ന അമ്മമാർക്കും അവരുടെ സംരക്ഷണയിലുള്ള മക്കൾക്കുവേണ്ടി പാസ്പോർട്ടിന് അപേക്ഷിക്കാം.