മകനുവേണ്ടി സ്കൂൾ തുടങ്ങിയ അമ്മ

അഭിഭാഷകയായി ജോലി ചെയ്യുകയായിരുന്നു തിരുവനന്തപുരം ചാക്ക സ്വദേശിനിയായ സന്ധ്യ പ്രജിൻ.

കുട്ടികളുടെ വളർച്ചയുടെ ഓരോഘട്ടവും മാതാപിതാക്കളിൽ സൃഷ്ടിക്കുന്നത് ആകാംക്ഷയും ഉത്കണ്ഠയും. പ്രതീക്ഷകളുടെ ഉയരം. പിന്തള്ളപ്പെടുമോ എന്ന പേടി. മറ്റുള്ളവരേക്കാൾ മുന്നിലെത്തണമെന്ന ആഗ്രഹം. ഇതിനൊക്കെപ്പുറമെ, പഠനത്തിൽ പിന്നാക്കം നിൽക്കുകയോ സ്വഭാവവൈകല്യം പ്രകടിപ്പിക്കുകയോ കൂടി ചെയ്താൽ പേടി കൂടുന്നു രക്ഷകർത്താക്കൾക്ക്. ഒരു വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ നിരാശയുടെ ആഴം കൂട്ടാൻ എളുപ്പമാണ്.

നിഷേധാത്മക സമീപനത്തിലൂടെ തോൽവിയിലേക്കു തള്ളിയിടാൻ അതിലേറെ എളുപ്പവും. മകൻ പഠനത്തിൽ പിന്നാക്കം പോയപ്പോൾ തളരാനും ജീവിതം പരാജയമാണെന്നു കരുതുവാനും എളുപ്പമായിരുന്നു സന്ധ്യയ്ക്ക്. എളുപ്പമുള്ള മാർഗം ഉപേക്ഷിച്ച് മകനും അതേ വിധി ഏറ്റുവാങ്ങിയ മറ്റുകുട്ടികൾക്കും വേണ്ടി ജീവിതം സമർപ്പിച്ചപ്പോൾ അമ്മമാർക്കിടയിൽ വേറിട്ടുനിൽക്കാനായി സന്ധ്യയ്ക്ക്; പ്രവൃത്തികളിലൂടെ ശുഭപ്രതീക്ഷയുടെ സന്ദേശം പകരാനും. 

കൊച്ചാർ റോഡിൽ വാടകയ്ക്കെടുത്ത കെട്ടിടത്തിലേക്കു മാറുന്നതിനുമുമ്പ് ജനറൽ ആശുപത്രിയിലെ ഐഎംഎ ഹാളിൽ പ്രവർത്തിച്ചു സന്ധ്യ തുടക്കമിട്ട സ്കൂൾ.

അഭിഭാഷകയായി ജോലി ചെയ്യുകയായിരുന്നു തിരുവനന്തപുരം ചാക്ക സ്വദേശിനിയായ സന്ധ്യ പ്രജിൻ. പഠനത്തിൽ മകൻ തേജസ് നേരിട്ട ബുദ്ധിമുട്ടുകളെത്തുടർന്നു ജോലി ഉപേക്ഷിക്കേണ്ടിവന്നു. ജോലിയേക്കാളും വലുതായിരുന്നു അമ്മ എന്ന സ്നേഹവും പദവിയും. പഠനത്തിൽ മകന്റെ പങ്കാളിയായി മുന്നോട്ടുപോകുന്നതിനിടെ പുതിയൊരു പ്രതിസന്ധി. തേജസ് അന്നു രണ്ടാം ക്ലാസിൽ. മറ്റു കുട്ടികളുടെ നിലവാരത്തിൽ എത്താത്തതിനാൽ തേജസിനെ സ്കൂൾ മാറ്റണമെന്ന് അധികൃതർ ആവശ്യപ്പെട്ടു ആരും തളർന്നുപോകുന്ന ആ സാഹചര്യത്തിൽ‌ സന്ധ്യ എന്ന അമ്മയുടെ മനസ്സിൽ ആ ആശയം ഉദിച്ചു– സ്വന്തമായി ഒരു സ്കൂൾ.

ട്രാവൻകൂർ നാഷണൽ സ്കൂൾ എന്ന ബാനറിനു കീഴിൽ രണ്ടു സ്കൂളുകൾ നടത്തുന്നുണ്ട് സന്ധ്യയുടെ കുടുംബം ഇപ്പോൾ– പഠനവൈകല്യം നേരിടുന്ന കുട്ടികൾക്കുവേണ്ടി ഒരു സ്കൂളും ഓട്ടിസം പോലുള്ള രോഗങ്ങൾ ബാധിച്ച കുട്ടികൾക്കുവേണ്ടി മറ്റൊരു സ്കൂളും. പഠനവൈകല്യമോ രോഗമോ ബാധിച്ച കുട്ടികളുടെ രക്ഷകർത്താക്കളോട് ഒന്നേ പറയാനുള്ളൂ സന്ധ്യക്ക്– ഒരു ഘട്ടത്തിലും വിഷമിക്കാതിരിക്കുക. മാതാപിതാക്കളുടെ വേദന കുട്ടികളിലേക്കും വ്യാപിക്കും. തളരാതിരിക്കുക. അച്ഛനമ്മമാരുടെ തളർച്ച ഒന്നിനും കൊള്ളാത്തവരാണു തങ്ങളെന്ന ബോധം കുട്ടികളിൽ സൃഷ്ടിക്കും. 

സന്ധ്യയുടെ ഭർത്താവ് പ്രജിൻ ബാബുവാണ് ട്രാവൻകൂർ എജ്യുക്കേഷൻ ട്രസ്റ്റിന്റെ ചെയർമാൻ.സന്ധ്യ എക്സിക്യൂട്ടീവ് ഡയറക്ടറും. ശാസ്തമംഗലത്തും വട്ടവിളയിലുമാണു സ്കൂളുകൾ പ്രവർത്തിക്കുന്നത്.

തേജസിനെ സ്കൂൾ മാറ്റുന്ന പ്രശ്നത്തിനൊപ്പം 2013–14 അധ്യയന വർഷം ഇനി മുതൽ സ്കൂൾ തന്നെ നടത്തുന്നില്ല എന്ന നിലപാടെടുത്തു അധികൃതർ. തികച്ചും ബുദ്ധിമുട്ടേറിയ സാഹചര്യം. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഐഎംഎ ഹാളിൽ അമ്പതോളം കുട്ടികളുടെ മാതാപിതാക്കൾ പ്രതിസന്ധിയുടെ മുമ്പിൽ പകച്ചുനിന്നു. പല പദ്ധതികളെക്കുറിച്ചും അവർ ചർച്ച ചെയ്തു. തങ്ങളുടെ കുട്ടികൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്നു സമ്മതിക്കാൻതന്നെ മടിയായിരുന്നു ഭൂരിപക്ഷം പേർക്കും. അവർക്കു താൽപര്യം പ്രധാന സ്കൂളിന്റെ ഭാഗമായി കുട്ടികൾ പഠിക്കുന്നത്. 50 ൽ 44 പേരും ആ തീരുമാനത്തെ അനുകൂലിച്ചു. നാലു കുട്ടികളുടെ രക്ഷകർത്താക്കളും സന്ധ്യയും ചിന്തിച്ചതു പുതിയൊരു സ്കൂൾ തുടങ്ങുന്നതിനെക്കുറിച്ച്. ആദ്യസ്കൂളിലെ മൂന്ന് അധ്യാപകരും അവർക്കൊപ്പം നിന്നു. അങ്ങനെ പിറന്നു സന്ധ്യയുടെ സ്വപ്നപദ്ധതി. 

കൊച്ചാർ റോഡിൽ വാടകയ്ക്കെടുത്ത കെട്ടിടത്തിലേക്കു മാറുന്നതിനുമുമ്പ് ജനറൽ ആശുപത്രിയിലെ ഐഎംഎ ഹാളിൽ പ്രവർത്തിച്ചു സന്ധ്യ തുടക്കമിട്ട സ്കൂൾ. ഒരു കുട്ടിയുടെ കുടുംബം നൽകിയ വാനിൽ കുട്ടികളെ സ്കൂളിലേക്കു കൊണ്ടുവരികയും വീട്ടിൽ തിരിച്ചുകൊണ്ടാക്കുകയും ചെയ്തു. 

സന്ധ്യയുടെ ഭർത്താവ് പ്രജിൻ ബാബുവാണ് ട്രാവൻകൂർ എജ്യുക്കേഷൻ ട്രസ്റ്റിന്റെ ചെയർമാൻ.സന്ധ്യ എക്സിക്യൂട്ടീവ് ഡയറക്ടറും. ശാസ്തമംഗലത്തും വട്ടവിളയിലുമാണു സ്കൂളുകൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ നൂറു കുട്ടികളും മുപ്പതു സ്റ്റാഫ് അംഗങ്ങളുമുണ്ട്. പഠനവൈകല്യങ്ങൾ പല തരത്തിലുണ്ട്. ഭാഷ സ്വായത്തമാക്കാൻ കഴിവില്ലാത്ത ഡിലക്സിയ. എഴുതാൻ പ്രയാസം നേരിടുന്ന ഡിസ്ഗ്രാഫിയ. ഗണിതശാസ്ത്രത്തിൽ പിന്നാക്കം പോകുന്ന ഡിസ്കാൽകുലിയ എന്നിങ്ങനെ. ഓരോ പ്രശ്നത്തെയും പ്രത്യേകം നേരിടേണ്ടതുണ്ട്. 

മകൻ തേജസിനെ ആത്മവിശ്വാസമുള്ളവനാക്കി വളർത്തുന്നതിനൊപ്പം മറ്റു കുട്ടികളുടെ കാര്യങ്ങളും ശ്രദ്ധിക്കേണ്ടിവന്നു സന്ധ്യയ്ക്ക്. തേജസ് ഇപ്പോൾ ഏഴാം ക്ലാസിൽ മിടുക്കനായി പഠിക്കുന്നു. 25 കുട്ടികൾ വിജയകരമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഒരുകുട്ടി തിരുവനന്തപുരത്തെ ഒരു കോളജിൽ മാസ് കമ്മ്യൂണിക്കേഷനു പഠിക്കുന്നു. അഭിമാനിക്കാവുന്ന നേട്ടം. പ്രതിസന്ധിയിൽ നിന്നു ചിറകു വിരിച്ചു പറക്കുകയായിരുന്നു സന്ധ്യ എന്ന അമ്മ. സന്ധ്യയുടെ നേട്ടത്തിൽനിന്നു പ്രചോദനം നേടുന്നു ഇന്ന് മറ്റ് അമ്മമാർ.