Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എനിക്ക് നിഷേധിക്കപ്പെട്ടതൊക്കെയും സമ്മാനിച്ചയാളാണ് ഭർത്താവ്'

paulami

പന്ത്രണ്ടാം വയസ്സിൽ ജീവിതത്തിലെ വെളിച്ചം കെട്ടുപോകാനായിരുന്നു പൗലമി എന്ന പെൺകുട്ടിയുടെ വിധി. മുംബൈ സ്വദേശിനിയാണ് പൗലമി പട്ടേൽ. വീട്ടിൽ‌ മീൻപിടിക്കുന്ന ചൂണ്ടയുമായി കളിച്ചുകൊണ്ടിരിക്കുമോമ്പാഴായിരുന്നു ദുരന്തത്തിന്റെ വരവ്. ജനാലയിലൂടെ പുറത്തുപോയ ചൂണ്ട കയ്യെത്തിപിടിക്കാൻ ശ്രമിച്ചപ്പോൾ പിടുത്തം കിട്ടിയത് വൈദ്യുതകമ്പിയിൽ. വൈദ്യുതാഘാതമേറ്റു കുഴഞ്ഞുവീണു. വലതുകൈ മുതൽ ശരീരത്തിന്റെ മുഴുവൻ ഭാഗത്തും പൊള്ളൽ. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച പൗലമിയുടെ വലതുകൈ ഒരാഴ്ചയ്ക്കു ശേഷം മുറിച്ചുമാറ്റി. 

കളിചിരികളും പഠനവുമായി ഓടിനടക്കുന്ന പ്രായത്തിൽ സംഭവിച്ച ദുരന്തം. അതവിടം കൊണ്ടും തീർന്നില്ല. അടുത്ത ഒന്നരപതിറ്റാണ്ടിൽ പൗലമി കടന്നുപോയത് 45 ശസ്ത്രക്രിയകൾ. ജീവിതത്തെ ശപിച്ചും ദുസ്വപ്നങ്ങൾ കണ്ടും കിടക്കയെ അഭയം പ്രാപിച്ചിരിക്കുകയാവും പൗലമി ഇപ്പോൾ എന്നു കരുതിയെങ്കിൽ തെറ്റി. സാധാരണ ഏതൊരു യുവതിയേയും പോലെ സ്നേഹിച്ചും ജോലി ചെയ്തും സന്തോഷത്തോടെ ജീവിക്കുന്നു പൗലമി. സ്വന്തം കഥ അവർതന്നെ പങ്കുവച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ. ചിത്രങ്ങളും പോസ്റ്റ് ചെയ്തു. വേദനകൾ സമ്മാനിച്ച അനുഭവങ്ങളോടു പുഞ്ചിരിച്ചിട്ട് സ്വന്തം ജീവിതം രൂപപ്പെടുത്തിയ ആത്മവിശ്വാസത്തോടെ. കിടക്കയിലേക്കു തള്ളിയിട്ട വിധിയോടു ഗുഡ്ബൈ പറഞ്ഞു ചിരിച്ചതിനെക്കുറിച്ച്. 

പന്ത്രണ്ടാം വയസ്സിൽ അപകടം സംഭവിക്കുമ്പോൾ അതിന്റെ ഗൗരവമൊന്നും എനിക്കറിയില്ലായിരുന്നു. ഒരു കൊച്ചുകുട്ടിയെപ്പോലെ ജീവിതം വീണ്ടും തുടങ്ങണം എന്നുമാത്രം മനസ്സിലാക്കി. അച്ഛനമ്മമാരും സുഹൃത്തുക്കളുമായിരുന്നു ഏറ്റവും വലിയ ശക്തി. രോഗിയായി കിടക്കുന്ന എന്നെ കാണാൻ വീട്ടിൽ വരുന്നവർക്കുമുന്നിൽ‌ അച്ഛൻ ഒരു നിബന്ധന വച്ചു.

ആരു വന്നാലും ആദ്യം ഒരു തമാശ പറയണം. ചിരിച്ചുകൊണ്ടും ചിരിപ്പിച്ചുകൊണ്ടുമല്ലാതെ ആരും എന്നെ കാണേണ്ട. അതുണ്ടാക്കിയ മാറ്റം വലുതായിരുന്നു. വേദനകളെ മറക്കാനും ചിരിയോടെ പുറത്തിറങ്ങാനും കഴിയുന്ന നാളുകളെക്കുറിച്ചു ഞാൻ സ്വപ്നം കാണാൻ തുടങ്ങി. നിരാശയ്ക്കു സ്ഥാനമില്ലായിരുന്നു. ഭയത്തിന് അടിസ്ഥാനമില്ലായിരുന്നു. മുറിച്ചു മാറ്റിയ കൈയുടെ സ്ഥാനത്തെ കൃത്രിമക്കൈയുമായി എഴുതാൻ‌ പഠിക്കുന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. ആദ്യമത് അസാധ്യമായി തോന്നി. പതുക്കെ അക്ഷരങ്ങൾ‌ എഴുതിത്തുടങ്ങി. പിന്നെ വാക്കുകൾ. കിടക്ക വിട്ട് എഴുന്നേൽക്കുമ്പോഴേക്കും ഒരു പുസ്തകം പൂർണമായും ഞാൻ പകർത്തിയെഴുതി. 

ക്രമേണ സ്വന്തമായി ഓരോ കാര്യങ്ങൾ ചെയ്തുതുടങ്ങി. ബാഗ് സ്വന്തമായി അടയ്ക്കാനും തുറക്കാനും. തന്നെത്താനെ വസ്ത്രങ്ങൾ ധരിക്കാൻ. വീടിന്റെ വാതിൽ പൂട്ടാൻ. ഓരോ സംഭവവും ഓരോ ആഘോഷമായി എനിക്ക്. ബികോം പഠിച്ചു വിജയിച്ചു. പിന്നെ എംബിഎ. രണ്ടുവർഷത്തിനകം സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചു ഞാൻ. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹവും കഴിച്ചു. 

ആദ്യമൊക്കെ നീളം കൂടിയ, ഇറക്കമുള്ള വസ്ത്രങ്ങളാണു ഞാൻ ധരിച്ചത്. ശസ്ത്രക്രിയകളുടെയും മുറിവുകളുടെയും അടയാളങ്ങൾ മറയ്ക്കാൻ. പിന്നെപ്പിന്നെ ഒരുകാര്യം ഞാൻ മനസ്സിലാക്കി. എന്റെ മുറിവുകളാണ് ഇന്നത്തെ എന്നെ ഞാനാക്കിയത്. ആ അടയാളങ്ങൾ ഇല്ലെങ്കിൽ ഇന്നും ഞാൻ ഒന്നുമാകില്ലായിരുന്നു. അതോടെ ആശങ്കൾ അകറ്റി ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിച്ചുതുടങ്ങി. ജീവിതത്തിൽ എന്നെ പിന്തുണയ്ക്കുന്ന ആൾ മാത്രമല്ല എന്റെ ഭർത്താവ്. എനിക്ക് എന്തൊക്കെയാണോ നിഷേധിക്കപ്പെട്ടത് അവയൊക്കെ എനിക്കു സമ്മാനിക്കുന്നയാൾ. ആകാശത്തിലൂടെ ഞങ്ങൾ പറന്നു. കടലിന്റെ അടിയിലേക്ക് ഊളിയിട്ടു. ഒരാഗ്രഹവും ബാക്കിവയ്ക്കാതെ ജീവിതം ആസ്വദിക്കുന്നു. 

പൗലമിയുടെ പോസ്റ്റിനു താഴെ ഡാഡി ഭദ്രേഷ് പട്ടേലിന്റെ വാക്കുകളുമുണ്ട്. 

മകളെക്കുറിച്ചോർക്കുമ്പോൾ ഞങ്ങൾക്ക് അഭിമാനം. ദൗർഭാഗ്യകരമായിരുന്നു കുട്ടിക്കാലത്തെ അനുഭവം. പക്ഷേ, പൗലമി അത് അതിജീവിച്ചു. ധീരമായും അന്തസ്സോടെയും. ശസ്ത്രക്രിയകൾക്കുവേണ്ടി പത്തുമണിക്കൂർ വരെ അബോധാവസ്ഥയിൽ കിടന്നിട്ടുണ്ട് അവൾ. വേദനകൊണ്ടു പുളയുമ്പോഴും വേദനാസംഹാരികൾ വേണ്ടെന്നു പറഞ്ഞിട്ടുണ്ട്. പൊള്ളലേൽക്കാത്ത ഒരു ഭാഗവുമില്ലായിരുന്നു അവളുടെ ശരീരത്തിൽ. വീണ്ടും വീണ്ടും ശസ്ത്രക്രിയകൾ.

എല്ലാം അതിജീവിച്ച മകൾ ഡിഗ്രിയും എംബിഎയും വിജയിച്ച് സ്റ്റീൽ പ്രൊജക്റ്റ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി ജോലി ചെയ്യുന്നു. സുന്ദീപ് ജോട്‍വാനിയാണ് ഭർത്താവ്. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ. പൗലമിയുടെ വിജയകരമായ കഥയിൽ ഒരു വ്യക്തിയെക്കുറിച്ചു പ്രത്യേകം പറയണം. അവളുടെ അമ്മ ലയൺ രാജുൾ പട്ടേൽ. ആശുപത്രിയുടെ മരുന്നുമണക്കുന്ന മുറികളിൽ പ്രാർഥിച്ചും വേദനയിൽ ആശ്വസിപ്പിച്ചും എന്നും എന്റെ മകളോടൊപ്പം നിന്ന വ്യക്തി. നന്ദി പറയാൻ വാക്കുകളില്ല. 

പൗലമി, പ്രിയപ്പെട്ട മകളേ ഇനിയും സന്തോഷത്തോടെ മൂന്നോട്ടു പോകൂ....