Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കുഞ്ഞിന്റെ അമ്മയല്ലേ എന്നിട്ടും വസ്ത്രധാരണം കണ്ടില്ലേ?; വിമർശിച്ചവർക്ക് കരീനയുടെ മറുപടി

kareena-00225

സെലിബ്രിറ്റികൾ ബോഡിഷെയിമിങ്ങിന് ഇരയാകുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. ബിടൗണിൽ ഒരു പക്ഷേ ഇതിന് ഏറ്റവും കൂടുതൽ ഇരയായ താരം കരീന കപൂർ ആണ്. സൈസ് സീറോ ആയിരുന്ന താരം ഗർഭിണിയായതോടെ പ്ലസ് സൈസ് ആയതിനായിരുന്നു ആദ്യം ഇവർ വിമർശനം നേരിട്ടത്. മകൻ തൈമൂറിന്റെ ജനനശേഷം അധികകാലം കഴിയുന്നതിനു മുമ്പ് സുഹൃത്തുക്കളുമായി പാർട്ടിയിൽ പങ്കെടുത്തതിനായിരുന്നു താരം പിന്നീട് വിമർശിക്കപ്പെട്ടത്. 

കുഞ്ഞിനെ നോക്കാതെ കൂട്ടുകാരുടെ കൂടെ ആടിപ്പാടി നടക്കാനെങ്ങനെ കഴിയുന്നു എന്നുള്ള ചോദ്യങ്ങളാണ് താരം നേരിട്ടത്. വിമർശനങ്ങൾ ഉയരുമ്പോഴെല്ലാം ചുട്ട മറുപടികൊണ്ട് വിമർശകരുടെ വായടപ്പിക്കാൻ കരീന മറക്കാറില്ല. സ്ത്രീകൾ മൾട്ടിടാസ്ക്കിങ്ങിൽ വിദഗ്ധരാണെന്നും സുഹൃത്തുക്കൾക്കൊപ്പം സമയം പങ്കിട്ടെന്നു കരുതി മകനോടുള്ള ഉത്തരവാദിത്തത്തിൽ നിന്ന് താനൊരിക്കലും ഒഴിഞ്ഞു മാറിയിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി.

kareena kapoor

പ്രസവത്തിനു ശേഷം കഠിനമായ വർക്കൗട്ടിലൂടെ തന്റെ ഫിഗർ തിരിച്ചു പിടിച്ചുകൊണ്ടാണ് വണ്ണത്തിന്റെ പേരിൽ തന്നെ പരിഹസിച്ചവരുടെ വായടച്ചത്. വിവാഹവും കുഞ്ഞിന്റെ ജനനവും മൂലം സിനിമയിൽ നിന്ന് ഇടക്കാലത്ത് വിട്ടു നിന്ന കരീന വീരേ ദേ വെഡ്ഢിങ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ഇപ്പോൾ കരീന വിമർശനം നേരിടുന്നത് അവരുടെ വസ്ത്രധാരണത്തിന്റെ പേരിലാണ്. കരീനയുടെ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയി എന്നാണ് ആരാധകരുടെ പരാതി. ഒരമ്മയായില്ലേ ഇനിയെങ്കിലും വസ്ത്രധാരണത്തിൽ മാന്യത പുലർത്തൂ എന്നാണ് അവർ കരീനയ്ക്കു നൽകിയ ഉപദേശം.

Kareena Kapoor

എന്നാൽ വിമർശനം കേട്ടു മിണ്ടാതിരിക്കാൻ കരീന തയാറായില്ല. ഒരു കുഞ്ഞുണ്ട് എന്നു കരുതി ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കാൻ പാടില്ല എന്നുണ്ടോയെന്നാണ് താരത്തിന്റെ ചോദ്യം. സ്ത്രീകൾ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന കുടുംബത്തിൽ നിന്നാണ് താൻ വരുന്നതെന്നും തന്റെ അമ്മ മോഡേൺ വേഷങ്ങളും നാടൻ വേഷങ്ങളും അണിയാറുണ്ടെന്നും രണ്ടും അവർക്ക് നന്നായി ഇണങ്ങുന്നുണ്ടെന്നും കരീന പറയുന്നു. 

kareena-family

നിങ്ങൾ എന്റെ അമ്മായിയമ്മ ഷർമിള ടാഗോറിനെ കണ്ടിട്ടുണ്ടോ പട്ടുസാരിയുടുത്താൽ എത്ര മനോഹരിയാണോ അത്ര തന്നെ മനോഹരിയാണ് അവർ ജീൻസിലും എന്നും കരീന പറയുന്നു. ആത്മവിശ്വാസവും നല്ല ശരീരവുമുണ്ടെങ്കിൽ എന്തുവസ്ത്രവും ധരിക്കാൻ സാധിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അവർ പറയുന്നു.