Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഗ്നിപർവത സ്ഫോടനം ബാക്കിവെച്ച പെൺകുഞ്ഞിനെ രക്ഷപെടുത്തി ഓഫീസർ

rescue-baby ചിത്രത്തിന് കടപ്പാട്: ട്വിറ്റർ.

മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയെ തകർത്തെറിഞ്ഞിരിക്കുകയാണ് അപ്രതീക്ഷിതമായി സംഭവിച്ച അഗ്നിപർവത സ്ഫോടനം. എഴുപതോളം പേർ മരിച്ചു. മരിച്ചവരിൽതന്നെ പലരെയും തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ മരണത്തിനു സാധ്യതയുണ്ടെന്ന റിപോർട്ടുകളെത്തുടർന്നു ഭീതിയിലാണു രാജ്യം.

ദുരന്തത്തിന്റെ വാർത്തയ്ക്കിടയിലും ഒരു പൊലീസ് ഓഫിസറുടെ സാഹസികത രക്ഷിച്ചത് ഒരു കുട്ടിയുടെ ജീവൻ. പുകയും ചാരവും മൂടിയ വീട്ടിൽനിന്ന് പൊലീസുകാരൻ അസാധാരണ ധീരതയോടെ ഒരു കുട്ടിയെ രക്ഷപ്പെടുത്തിയ ദൃശ്യം സാമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഒരു വാതിൽ അടയുമ്പോൾ നൂറു വാതിൽ തുറക്കുമെന്ന പഴമൊഴി പോലെ ദീനരോദനങ്ങൾക്കും നിസ്സഹായതയ്ക്കുമിടയിലെ രജതരേഖ ആയിരിക്കുകയാണ് രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം ജീവൻ പണയപ്പെടുത്തിയുള്ള ഓഫിസറുടെ ധീരത. 

പുറത്തുനിന്നു നോക്കിയാൽ ആകെ പുക മൂടി കറുത്തിരുണ്ട വീട്ടിൽ നിന്ന് ഒരു ജീവി പോലും രക്ഷപ്പെടാനുള്ള സാധ്യത തോന്നില്ല. പക്ഷേ, വീട്ടിൽ കുടുങ്ങിപ്പോയ പെൺകുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒരു ജീവനെങ്കിലും അവശേഷിച്ചിട്ടുണ്ടോ എന്നു തിരയാനുള്ള പൊലീസ് ഓഫിസറുടെ മനുഷ്യസ്നേഹമാണ് ഒരു കുരുന്നിനു ജീവിതത്തിലേക്കു വഴികാട്ടിയത്. അവശിഷ്ടങ്ങൾക്കിടയിൽ വീണ്ടും സ്ഫോടനം ഉണ്ടാകാമെന്ന സാധ്യതപോലും അവഗണിച്ചാണ് അദ്ദേഹം വിട്ടിനുള്ളിൽ കയറി തിരഞ്ഞതും പെൺകുട്ടിയുമായി തിരിച്ചെത്തിയതും.

കുട്ടിയെ നിധി പോലെ കയ്യിൽ സുരക്ഷിതമായി പിടിക്കുന്നു പൊലീസുകാരൻ. അപ്പോൾ അയാളുടെ കൈകൾക്കു കരുത്ത് പകരുന്നത് പിതാവിന്റെ സ്നേഹം. അയാൾ വേഗം കുട്ടിയെ മുതിർന്ന ഓഫിസർക്കു കൈമാറുന്നു. അയാളുടെ കണ്ണുകളിലുമുണ്ട് സ്നേഹനിർഭരനായ പിതാവിന്റെ വാത്സല്യം. അഗ്നിപർവത സ്ഫോടനത്തെക്കുറിച്ച് ഒന്നുമറിയാതെ കുഞ്ഞുക്കണ്ണുകളുമായി മിഴിച്ചുനോക്കുകയാണ് ഈ സമയമത്രയും കുഞ്ഞുപെൺകുട്ടി. ദുരന്തം അവശേഷിപ്പിച്ച മാലാഖ. ഏറ്റവും കഠിനഹൃദയമുള്ള മനുഷ്യന്റെ പോലും കരളലിയിപ്പിക്കുന്നതാണു ദൃശ്യം. വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾതന്നെ തരംഗമായിക്കഴിഞ്ഞു. 

ഫ്യൂഗോ അഗ്നിപർവതം കഴിഞ്ഞദിവസം പെട്ടെന്നു പൊട്ടിത്തെറിക്കുകയായിരുന്നു. രക്ഷപ്പെടാൻ പലർക്കും സമയം കിട്ടിയില്ല. ലാവ പൊതിഞ്ഞു പ്രതിമപോലെയാണു പല മൃതദേഹങ്ങളും ലഭിച്ചത്. ചാരവും പുകയും മൂടിയ അന്തരീക്ഷത്തിൽ ലാവയിലും ചേറിലും പൊതിഞ്ഞുനിൽക്കുന്ന വീടുകളുടെ മേൽക്കൂരകൾ ഇടിച്ചുതകർത്ത് അകത്തുകടന്നാണു രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ തിരയുന്നത്. ഇതിനിടെയാണ് പൊലീസ് ഓഫിസർ ജീവനുള്ള പെൺകുട്ടിയെ രക്ഷപ്പെടുത്തി ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നത്.