ബോളിവുഡിന്റെ താരറാണിയായിരുന്ന പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്കു പ്രവേശിച്ചപ്പോൾ അഭിമാനത്തോടെ നടിയെ വാഴ്ത്തിപ്പറയാൻ അനേകം പേരുണ്ടായിരുന്നു ഇന്ത്യയിൽ. പ്രത്യേകിച്ചും അമേരിക്കിയിലെ ഒരു പ്രശസ്തമായ ടെലിവിഷൻ ഷോയിൽ പ്രിയങ്ക നടിയായപ്പോൾ. വിനോദ വ്യവസായത്തിന്റെ ഉൽസവപ്പറമ്പും ലോകമാകെ ആരാധകരുമുള്ള അമേരിക്കൻ ടെലിവിഷനിലേക്ക് ഒരു ഇന്ത്യൻ നടിക്കു പ്രവേശനം കിട്ടുക എളുപ്പമല്ല.
അതിശയകരമായ നേട്ടം സ്വന്തമാക്കിയ നടിയെ അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു ലോകത്തെങ്ങുമുള്ള ഇന്ത്യക്കാർ. പക്ഷേ, അടുത്തിടെ പ്രക്ഷേപണം ചെയ്ത ടെലിവിഷൻ ഷോയിലെ പ്രിയങ്കയുടെ വേഷം ആരാധകരിലും ദേശീയവാദികളിലും നിറച്ചിരിക്കുന്നത് അമർഷം. പ്രതിഷേധം. വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നൽ.
ക്വാന്റികോ എന്ന ടെലിവിഷൻ ഷോയിലാണ് പ്രിയങ്ക വേഷമിടുന്നത്. ചെറുപ്പക്കാരിയായ എഫ്ബിഐ ഏജന്റ് അലക്സ് പാരിഷിന്റെ റോളിലാണ് പ്രിയങ്ക അഭിനയിക്കുന്നത്. അമേരിക്കയിലെ മാൻഹട്ടനിൽ ഇന്ത്യൻ ദേശീയവാദികൾ പദ്ധിതിയിട്ട ഒരു അണ്വായുധാക്രമണം തകർക്കുകയാണ് അലക്സ് പാരിഷ്. സംഭവത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനാണെന്ന് ആരോപിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും ചൂടുപുടിച്ച രാഷ്ട്രീയ വിഷയങ്ങളിലൊന്നാണു കശ്മീർ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന നിരന്തര പോരാട്ടത്തിന്റെ കേന്ദ്രബിന്ദു. ഹിന്ദു മതത്തിനു സുപരിചിതമായ ഒരു അടയാളം കണ്ട് തിരിച്ചറിഞ്ഞതിനുശേഷമാണ് ഇന്ത്യൻ ദേശീയവാദികളുടെ ആക്രമണം പ്രിയങ്കയുടെ കഥാപാത്രം തകർക്കുന്നത്. ഒരു മാലയിൽ കോർത്തിട്ടിരിക്കുന്ന രുദ്രാക്ഷം.
ഇന്ത്യക്കാരെ ഭീകരവാദികളായി ചിത്രീകരിക്കുന്നതും കശ്മീർ വീഷയത്തിൽ രാജ്യതാൽപര്യത്തിനു വിരുദ്ധമായ ആശയം അടിച്ചേൽപിക്കുന്നതുമാണു ടെലിവിഷൻ ഷോ എന്നാണു പ്രിയങ്കയ്ക്കെതിരായ പ്രധാന ആരോപണം. നടി ഇന്ത്യയെ വഞ്ചിച്ചിരിക്കുന്നു എന്നു പരസ്യമായി ആക്ഷേപിക്കുന്നവരുമുണ്ട്. ഇന്ത്യൻ സംസ്കാരം പ്രചരിപ്പിക്കുകയും ഇന്ത്യയുടെ മഹത്തായ ദേശീയതയുടെ സന്ദേശം വിദേശരാജ്യങ്ങളിൽ വ്യാപിപ്പിക്കുകയും ചെയ്യേണ്ട നടി തികച്ചും പ്രതിലോമകരമായ പ്രവൃത്തികൾ ചെയ്യുന്നതിലുള്ള അമർഷവും ഇന്ത്യക്കാർ സമൂഹമാധ്യമങ്ങളിൽ പ്രകടിപ്പിക്കുന്നുണ്ട്.
അമ്പതോളം ബോളിവുഡ് ചിത്രങ്ങളിൽ അഭിനിയിച്ചിട്ടുള്ള പ്രിയങ്ക ചോപ്രയ്ക്ക് ഇന്ത്യയിൽ ആരാധകർ ഏറെയാണ്. അടുത്തിടെ ഒരു രോഹിങ്ക്യ ക്യാംപ് സന്ദർശിച്ച് അഭയാർഥികളുടെ കഷ്ടപ്പാടുകളെക്കുറിച്ച് പുറംലോകത്തെ അറിയിച്ചതിന്റെ പേരിൽ വ്യാപക വിമർശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു നടിക്ക്. പ്രധാനമന്ത്രി മോദിയുമായി വിദേശരാജ്യത്തു വച്ചു കണ്ടപ്പോൾ ഇറക്കം കുറഞ്ഞ വേഷം ധരിച്ചതിന്റെ പേരിലും പ്രിയങ്ക വിവാദം സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രിയങ്കയുടെ വിവാദകഥാപാത്രം രംഗത്തെത്തുന്ന ക്വാന്റികോ അമേരിക്കൻ ടെലിവിഷൻ സംപ്രേഷണം ചെയ്തത്.