ആർത്തലയ്ക്കുന്ന കടൽ പോലെ അലറിക്കരഞ്ഞാണ് ആലപ്പുഴക്കാർ തങ്ങളുടെ കലക്ടറിന് അന്ന് യാത്രാമൊഴിയേകിയത്. തൃശ്ശൂരിൽ ചാർജ്ജെടുത്ത് ദിവസങ്ങൾക്കകം തങ്ങളുടെ പ്രിയപ്പെട്ട കലക്ടർ തൃശ്ശൂരുകാരുടെ മനസ്സു കീഴടക്കിയ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ് സന്തോഷിക്കുകയാണ് അവരിപ്പോൾ. ആരെയും ഭയക്കാതെ സമ്മർദ്ദങ്ങൾക്കു വഴങ്ങാതെ ശക്തമായ നിലപാടുകളെടുക്കുന്ന കല്കടർമാരെ സിനിമയിൽ മാത്രം കണ്ടിട്ടുള്ള ആളുകൾ കൗതുകത്തോടെയാണ് അനുപമ എന്ന ഐഎഎസ് ഓഫിസറെ ആദ്യമൊക്കെ നോക്കിക്കണ്ടത്.
ഉറച്ച നിലപാടുകൾ കൊണ്ടും വ്യക്തിപ്രഭാവംകൊണ്ടും കലക്ടർ അനുപമ വളരെപ്പെട്ടെന്നാണ് സാധാരണക്കാരുടെ പ്രിയപ്പെട്ട കലക്ടറായത്. തൃശ്ശൂരിൽ ചുമതലയേറ്റു ദിവസങ്ങൾ കഴിയും മുമ്പാണ് തൃശ്ശൂരിന്റെ ഹീറോയിൻ എന്ന് ആളുകൾ അവരെ വിശേഷിപ്പിച്ചത്. കടൽക്ഷോഭം മൂലം ബുദ്ധിമുട്ടുന്ന തീരദേശവാസികൾ ഇളകിയാർക്കുന്ന കടൽപോലെയെത്തിയപ്പോൾ ക്ഷമയോടെ അവരെ കേൾക്കാനും അവരുടെ പരാതികൾക്ക് പക്വതയോടെ മറുപടി നൽകാനും കാണിച്ച മനസ്സുകൊണ്ടാണ് ഈ കലക്ടർ ഇപ്പോൾ സാധാരണക്കാരുടെ മനസ്സു കവർന്നത്.
ഔദ്യോഗിക ചുമതലയേറ്റ് അധിക സമയം കഴിയുന്നതിന് മുമ്പ് അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധിയെ പക്വതയോടെ കൈകാര്യം ചെയ്ത ഐഎഎസ് ഓഫീസറെപ്പറ്റി സമൂഹമാധ്യമങ്ങളിൽ വന്ന കുറിപ്പിങ്ങനെ:-
"തൃശൂർ ജില്ലയിൽ ആദ്യ ദിവസംതന്നെ ഹീറോയിൻ ആയി കലക്ടർ ടി.വി അനുപമ. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ആദ്യ ദിവസത്തിൽ തന്നെ അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധിയെ തൻമയത്വത്തോടെയാണ് ജില്ലാ കലക്ടർ ടി.വി.അനുപ നേരിട്ടത്.
കടൽ പോലെ ഇളകി മറിഞ്ഞ സമരക്കാർക്ക് മുന്നിൽ അവരെ കേൾക്കാനും, അവരോട് പറയാനും ക്ഷമയും സമയവും നീക്കിവെച്ച തൃശൂരിന്റെ പുതിയ കലക്ടർ ടി.വി.അനുപമ പ്രകടിപ്പിച്ചത് അസാമാന്യമായ പക്വതയും നയവും.
ക്ഷോഭംകൊണ്ട് അലറുകയായിരുന്ന ജനക്കൂട്ടത്തിന് മുന്നിൽ പൊലീസും, റവന്യു ഉദ്യോഗസ്ഥരും രാവിലെ മുതൽക്കെ നിസ്സഹായരായി നിൽക്കുകയായിരുന്നു. ഇതിനിടെ സ്വയം മധ്യസ്ഥരാകാൻ ശ്രമിച്ച ചിലരെ ചീത്ത പറഞ്ഞും, കൂകി വിളിച്ചും സമരക്കാർ മടക്കിയയച്ചു. എന്ത് ചെയ്യുമെന്നറിയാതെ അധികാരികൾ കാഴ്ച്ചക്കാരായി നോക്കി നിൽക്കുന്നിടത്തായിരുന്നു കലക്‌ടറുടെ രംഗപ്രവേശം.
കാറിൽ നിന്നിറങ്ങിയ കലക്ടറെ കൈയ്യടിയോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. സമരക്കാർക്ക് പറയാനുള്ളത് ക്ഷമാപൂർവ്വം കേട്ടു നിന്ന കലക്ടർ, എല്ലാം ഉടനടി പരിഹരിക്കുമെന്ന നടക്കാത്ത വാഗ്ദാനങ്ങളൊന്നും തന്നെ നൽകുന്നില്ലെന്നും, തീരദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും പറഞ്ഞു. കടൽക്ഷോഭ ബാധിത പ്രദേശം സന്ദർശിക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ച കലക്ടർ എറിയാട് ചന്തക്കടപ്പുറത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കലക്ട്രേറ്റിൽ വിളിച്ചു ചേർത്ത ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും, താത്ക്കാലിക തടയണ, കടൽഭിത്തി പുനർനിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾ പരമാവധി വേഗത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുമെന്നും ഉറപ്പു നൽകി.
പുതിയ കലക്ടറുടെ വാക്കുകൾ വിശ്വസിച്ച് തങ്ങൾ സമരം അവസാനിപ്പിക്കുകയാണെന്നറിയിച്ച് തീരദേശവാസികൾ ഉപരോധം അവസാനിപ്പിച്ചതോടെ കലക്ടർ അനുപമയുടെ ഒന്നാം ദിനം വിജയകരമായി. കൊടുങ്ങല്ലൂരിൽ നിന്ന് മടങ്ങിയ കലക്ടറെ അഭിവാദ്യങ്ങളർപ്പിച്ച് മുദ്രാവാക്യം വിളിച്ചാണ് സമരക്കാർ യാത്രയാക്കിയത്......