Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമുഖത്തിൽ ചോദിച്ചത് മാറിടത്തെക്കുറിച്ച്; മോശം അനുഭവത്തെക്കുറിച്ച് അധ്യാപിക

teacher

വളരെ പ്രതീക്ഷയോടെയാണ് കഷ്ടപ്പെട്ടു സ്വന്തമാക്കിയ സർട്ടിഫിക്കറ്റുകൾ ആ അധ്യാപിക ഇന്റർ‌‍വ്യൂ ബോർഡിനു മുന്നിൽ സമർപ്പിച്ചത്. അക്കാദമിക് പശ്ചാത്തലത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ പ്രതീക്ഷിച്ചിരുന്ന അവരെ ഞെട്ടിച്ചുകൊണ്ട് ഇൻറര്‍വ്യൂബോർഡ് ചോദിച്ചത് അവളുടെ മാറിടത്തെക്കുറിച്ചായിരുന്നു. മാറിടം യഥാർഥത്തിലുള്ളതാണോ, നിങ്ങൾക്ക് പ്രസവിക്കാൻ കഴിയുമോ? എന്നൊക്കെയുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നപ്പോൾ താൻ വല്ലാതെ അപമാനിതയായിപ്പോയെന്നു പറഞ്ഞുകൊണ്ടാണ് സുചിത്ര ഡേ എന്ന 30 വയസ്സുകാരി തന്റെ ദുരനുഭവം പങ്കുവെച്ചത്.

ഇംഗ്ലീഷ് സാഹിത്യത്തിലും ഭൂമിശാസ്ത്രത്തിലും ബിരുദാനന്തര ബിരുദവും ബിഎഡും സ്വന്തമാക്കിയ സുചിത്രയ്ക്ക് അധ്യാപന രംഗത്ത് പത്തു വർഷത്തെ പ്രവൃത്തി പരിചയവുമുണ്ട്. എന്നാൽ കൊൽക്കത്തയിലെ സ്കൂളുകളിൽ നടന്ന അഭിമുഖത്തിൽ തന്റെ അക്കാദമിക് മികവിന് യാതൊരു വിലയും ലഭിച്ചില്ലെന്നും അവരൊക്കെ നോക്കിയതും വിലയിരുത്തിയതും തന്റെ ശരീരത്തെ മാത്രമാണെന്നും സുചിത്ര പറയുന്നു. അതിനു പിന്നിലുള്ള കാരണത്തെക്കുറിച്ച് സുചിത്ര പറയുന്നതിങ്ങനെ:-

താനൊരു ട്രാൻസ് ജെൻഡർ ആണെന്നും ഹിരൺമയ് ഡേ എന്നായിരുന്നു തന്റെ പേരെന്നും 2017 ൽ ശസ്ത്രക്രിയയിലൂടെ താനൊരു സ്ത്രീയായി മാറിയെന്നും അന്ന് മുതലാണ് സുചിത്രാ ഡേ എന്ന പേര് സ്വീകരിച്ചതെന്നും അവർ വെളിപ്പെടുത്തുന്നു. ആദ്യം കൊൽക്കത്തയിലെ ഒരു സ്കൂളിൽ അഭിമുഖത്തിനു പോയപ്പോൾ പുരുഷന്മാരുടെ വേഷം ധരിച്ചു വരാനായിരുന്നു സ്കൂൾ അധികൃതർ തന്നോടു പറഞ്ഞതെന്നും സുചിത്ര ഓർക്കുന്നു.

കൊൽക്കത്തയിലെ തന്നെ മറ്റൊരു സ്കൂളിൽ അഭിമുഖത്തിനു പോയപ്പോൾ അവർക്കറിയേണ്ടിയിരുന്നത് മാറിടത്തെക്കുറിച്ചും തന്റെ പ്രത്യുൽപ്പാദനക്ഷമതയെക്കുറിച്ചുമായിരുന്നുവെന്നും സുചിത്ര പറയുന്നു. ഏതു വസ്ത്രം ധരിക്കാനാണിഷ്ടമെന്നും അവർ ചോദിച്ചുവെന്നും സുചിത്ര പറയുന്നു. നിയമം പോലും ട്രാൻസ്ജെൻഡേഴ്സിന് അനുകൂലമാണ് എന്നിട്ടും ആളുകളുടെ മനോഭാവത്തിൽ മാത്രമെന്താണ് മാറ്റമൊന്നും വരാത്തതെന്നുമാണ് സുചിത്രയുടെ സംശയം.

വിദ്യാഭ്യാസ യോഗ്യതയോ ജീവിതനിലവാരമോ ഒന്നും ട്രാൻസ്ജെൻഡറുകളുടെ കാര്യത്തിൽ ആരും പരിഗണിക്കുന്നില്ല. പുരുഷന്മാരെപ്പോലെ, സ്ത്രീകളെപ്പോലെ ട്രാൻസ്ജെൻഡേഴ്സിനെയും സമന്മാരായിക്കാണുന്ന സമൂഹം ഇനിയെന്നാണുണ്ടാവുക എന്നാണ് സുചിത്രയുടെ ചോദ്യം. അഭിമുഖങ്ങളിൽ അപമാനം ഒരു തുടർക്കഥയായപ്പോൾ പശ്ചിമ ബംഗാളിലെ മനുഷ്യാവകാശ കമ്മീഷന് പരാതി കൊടുക്കാനും സുചിത്ര മടിച്ചില്ല. വിദ്യാഭ്യാസവും ജോലിയിൽ അനുഭവ പരിചയവുമുള്ള തനിക്കിത്രയും മോശം അനുഭവം നേരിടേണ്ടി വന്നെങ്കിൽ വിദ്യാഭ്യാസമോ മെച്ചപ്പെട്ട സാമ്പത്തിക ചുറ്റുപാടോ ഇല്ലാത്ത സാധാരണക്കാരായ ട്രാൻസ്ജെൻഡേഴ്സിന് എന്തൊക്കെ സഹിക്കേണ്ടി വന്നിട്ടുണ്ടാകുമെന്നും സുചിത്ര ചോദിക്കുന്നു.