ബ്രിട്ടന്റെ ഭാവിയെ രൂപപ്പെടുത്താൻ ശേഷിയുള്ള 25 വനിതകളുടെ പട്ടിക വോഗ് മാസിക പുറത്തുവിട്ടത് ഈയടുത്ത്. 2018 ലെ ഏറ്റവും സ്വാധീനശേഷിയുള്ള വനിതകൾ. ലോകമറിയുന്ന മനുഷ്യാവകാശ പ്രവർത്തകരുണ്ട് ഇക്കൂട്ടത്തിൽ. ശാസ്ത്രജ്ഞൻമാരും കലാകാരൻമാരും എഴുത്തുകാരുമുണ്ട്. ഇവരോടൊപ്പം തോളോടുതോൾ ചേർന്നു നിൽക്കാൻ ഒരു ഇന്ത്യക്കാരിയുമുണ്ട്. പ്രിയങ്ക ജോഷി. ഇന്ത്യയിൽനിന്നുള്ള 29 വയസ്സുകാരി ബയോകെമിസ്റ്റ്.
സാവിത്രിബായ് ഫുലെ പുണെ സർവകലാശാലയിൽനിന്നായിരുന്നു പ്രിയങ്കയുടെ മാസ്റ്റേഴ്സ് ബിരുദം. ബയോ ഇൻഫർമാറ്റിക്സ് ആൻഡ് ബയോ ടെക്നോളജിയിൽ. ഗവേഷണത്തിനായി പ്രിയങ്ക തിരഞ്ഞെടുത്തത് കേംബ്രിഡ്ജിലെ ഡൗണിങ് കോളജ്. ഗവേഷണത്തിലെ ശ്രദ്ധേയവും അമ്പരപ്പിക്കുന്നതുമായ കണ്ടെത്തലുകളാണ് പ്രിയങ്കയെ ബ്രിട്ടനിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞയും ഗവേഷകയുമാക്കിയത്.
മുപ്പതു വയസ്സ് ആകുന്നതിനുമ്പാണ് ശാസ്ത്ര മേഖലയിലെ ഭാവിയുടെ താരമായി പ്രിയങ്കയെ തിരഞ്ഞെടുത്തത്. മസ്തിഷ്കത്തെ തകർക്കുന്ന അൽഹൈമേഴ്സ് ഉൾപ്പടെ രോഗങ്ങൾക്കു കാരണമാകുന്ന വസ്തുതകളെക്കുറിച്ചാണ് പ്രിയങ്ക ഗവേഷണം നടത്തുന്നത്. ലോകം ആശങ്കയോടെ കാണുന്ന മാരക രോഗങ്ങളുടെ ആഘാതം കുറയ്ക്കാനും രോഗം വന്നാൽ രക്ഷപ്പെടാനുമായി ആശ്രയിക്കാവുന്ന മരുന്നുകൾ. ഈ രംഗത്താണ് പ്രിയങ്കയുടെ ഗവേഷണം. സ്വാഭാവികമായും ഭാവിയെക്കുറിച്ചു ചിന്തിക്കുമ്പോൾ പ്രിയങ്കയെ ഒഴിവാക്കാനാവില്ല, ഈ ചെറുപ്പക്കാരിയുടെ ഗവേഷണഫലങ്ങളെയും.