‘‘ഒറ്റയ്ക്കായിരുന്നു ഞാനും അമ്മയും. എന്റെ കുഞ്ഞു വീഴ്ചകൾക്കു പോലും അമ്മയെ എല്ലാവരും കുറ്റപ്പെടുത്തി. ഇപ്പോൾ ഞാൻ വലിയ വിജയം നേടിയിരിക്കുന്നു. അതിനും കാരണക്കാരി അവരാണ്, അവർ മാത്രം– എന്റെ അമ്മ’’ കയ്യിൽ പച്ചകുത്തിയ അമ്മ ‘സെലീന’യുടെ പേര് ഉയർത്തിക്കാട്ടിപറയുന്നത് പുതിയ മിസ് ഇന്ത്യ അനുക്രീതി വാസ് (19). നാലാം വയസ്സിൽ അച്ഛനെ കാണാതായതോടെ അമ്മ ഒറ്റയ്ക്കാണ് അനുക്രീതിയെയും സഹോദരനെയും വളർത്തിയത്.
ഐടി പ്രഫഷനലായ സെലീനയാണ് അനുവിന്റെ റോൾ മോഡൽ. ‘അമ്മ എപ്പോഴും പറയും, നീ വളരെ ശക്തയും ധീരയുമാണ്. നിന്നെക്കൊണ്ട് എല്ലാം സാധിക്കും. എന്നിട്ട് എപ്പോഴും ചിരിക്കും. ഒരു ചിരിക്കു ജീവിതത്തെ വളരെയധികം സുന്ദരമാക്കാൻ കഴിയുമെന്നു ഞാൻ അമ്മയിൽ നിന്നാണു പഠിച്ചത്,’’ അനുവിന്റെ വാക്കുകൾ വിവിധ മാധ്യമങ്ങളിൽ നിറയുമ്പോൾ സെലീന പറയുന്നു, ‘ഞാൻ അവളെക്കുറിച്ച് അഭിമാനിക്കുന്നു.’
ചെന്നൈ ലയോള കോളജിൽ ഡിഗ്രി ഫ്രഞ്ച് വിദ്യാർഥിയായ അനുക്രീതി മികച്ച നർത്തകിയും സംസ്ഥാനതല അത്‍ലിറ്റുമാണ്. പാട്ടിലും മിടുക്കി. പ്രിയവിനോദം ബൈക്കിൽ പറക്കൽ. ട്രാൻസ്ജെൻഡറുകളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന എൻജിഒയിലെ അംഗവുമാണ് അനുക്രീതി. വെല്ലുവിളികൾ പുതുമയല്ലെന്നും അവയെ നേരിടാമെന്ന ധൈര്യമുണ്ടെന്നും അവൾ പറയുന്നു. തിരുച്ചിറപ്പള്ളിയെന്ന ചെറിയ സ്ഥലത്താണു വളർന്നത്.
പഠനത്തിനായി ചെന്നൈയിലേക്കു മാറിയപ്പോൾ അതിന്റെ പരിമിതികളുണ്ടായിരുന്നു. പക്ഷേ, നഗരത്തിലെ പെൺകുട്ടികൾക്കൊപ്പം കരുത്തുണ്ടായിരുന്നെന്നും അനുക്രീതി. സൂപ്പർ മോഡലും നടിയുമാകണമെന്ന സ്വപ്നത്തിനൊപ്പം ഫ്രഞ്ച് ഉൾപ്പെടെയുള്ള വിദേശഭാഷകൾ പഠിക്കണമെന്നും പരിഭാഷകയായി പേരെടുക്കണമെന്നും ആഗ്രഹം. പക്ഷേ, ഇപ്പോൾ മുന്നിൽ ഒറ്റ ലക്ഷ്യം; ലോകസുന്ദരിപ്പട്ടം. നാളെ മികച്ചതാകണമെങ്കിൽ ഒറ്റമാർഗമേയുള്ളൂ, ഇന്നത്തെ കാര്യങ്ങൾ ഏറ്റവും നന്നായി ചെയ്യുക– എന്ന അനുക്രീതിയുടെ വാക്കുകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം.