Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വസ്ത്രം പോലും ആർഭാടം ; രണ്ടു ലക്ഷം ലാഭം

freelee-02

ഒരു മുന്നൊരുക്കവുമില്ലാതെയാണ് അവൾ അങ്ങനെയൊരു തീരുമാനമെടുത്തത്. നഗരജീവിതം മടുത്തു, ശിഷ്ടകാലം കാട്ടിൽ സ്വതന്ത്രയായി ജീവിക്കണം. വസ്ത്രം എന്ന ആർഭാടം പോലും സ്വാതന്ത്ര്യത്തിനു വിലങ്ങുതടിയാവരുതെന്നുറപ്പിച്ച് അവൾ പങ്കാളിയെയും കൂട്ടി കാനനജീവിതത്തിന് ഇറങ്ങിത്തിരിച്ചു. ഓസ്ട്രേലിയയിലെ യുട്യൂബറും വീഗൻ ബ്ലോഗറുമായ ഫ്രീലിയെന്ന യുവതിയാണ് ബോൾഡായ തീരുമാനവുമായി ആറുമാസം മുമ്പു കാട്ടിലേക്കിറങ്ങിയത്.

നഗരജീവിതം മടുത്ത് കാനനജീവിതം തിരഞ്ഞെടുത്ത മുപ്പത്തേഴു വയസ്സുകാരിയായ യുവതി കാട്ടിൽ കിട്ടുന്ന കായ്കനികൾ ഭക്ഷിച്ച്, കാട്ടരുവിയിലെ വെള്ളം കുടിച്ച് കാടിനുള്ളിൽ താൽക്കാലികമായൊരു വീടു കെട്ടിയാണ് പങ്കാളിയോടൊപ്പം ജീവിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ പുതിയ ആഘോഷങ്ങളെക്കുറിച്ച് ഫ്രീലി പറയുന്നതിങ്ങനെ:-

‘കഴിഞ്ഞ ആറുമാസമായി ഞാൻ എന്റെ മുടി കളർ ചെയ്യുന്നില്ല, യാതൊരുവിധ മേക്കപ്പ് സാധനങ്ങളും ഉപയോഗിക്കുന്നില്ല. ശരീരത്തിലെ രോമങ്ങൾ നീക്കം ചെയ്യാറില്ല, മഴയിൽക്കുളിച്ച് കായ്കനികൾ ഭക്ഷിച്ച് സ്വതന്ത്രയായി ജീവിക്കുന്നു’. ഈ ഭാഗ്യം തനിക്കു മാത്രമുള്ളതല്ലെന്നും ഇത്തരത്തിൽ സ്വതന്ത്രരായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കു തന്റെ ജീവിതം ഒരു പ്രചോദനമാവട്ടെയെന്നും ഫ്രീലി പറയുന്നു.

freelee

തനിക്കു ഭ്രാന്താണ് എന്നു പറയുന്നവരോട് ഫ്രീലിക്കു പറയാനുള്ളതിതാണ്- ‘മറ്റുള്ളവരിൽനിന്നു വ്യത്യസ്തരാകുന്ന അവസ്ഥയെ എല്ലാവരും ഭയപ്പെടുമ്പോൾ ഞാൻ ഭയപ്പെടുന്നത് മറ്റുള്ളവരെപ്പോലെ ജീവിക്കുന്നതാണ്. എന്റെ ജീവിതം അസ്വാഭാവികമാണെന്ന് ചിലർക്കെങ്കിലും തോന്നാം. പക്ഷേ ഈ വ്യത്യസ്തതയിൽ ഞാൻ സന്തോഷിക്കുന്നു’.

ദിവസവും ഒൻപതു മണി മുതൽ അഞ്ചുമണി വരെയുള്ള ജോലി മടുത്തതോടെയാണ് പെട്ടന്നൊരു ദിവസം പങ്കാളിയെയും കൂട്ടി ഫ്രീലി കാനനജീവിതം തിരഞ്ഞെടുത്തത്. മറ്റുള്ളവർക്കു ഭ്രാന്തെന്നു തോന്നുന്ന ജീവിത ശൈലി പിന്തുടരാൻ ഫ്രീലിയെ പ്രേരിപ്പിച്ചതിനു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. ഒരിക്കൽ ഫ്രീലി ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ആൾ ചെയ്ത വഞ്ചന. ഒരുപാടു പ്രയാസപ്പെട്ടാണ് ഫ്രീലി അതിൽ നിന്ന് മോചിതയായത്. പുതിയ കൂട്ടുകാരനൊപ്പം കാനനജീവിതം ആസ്വദിക്കുന്ന ഫ്രീലി സ്വതന്ത്ര ജീവിതത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ഫൊളോവേഴ്സിനായി പങ്കുവെയ്ക്കുന്നുമുണ്ട്.