ഞാൻ വിവാഹം കഴിച്ചത് ഒരു മണ്ടനെ !
ഇങ്ങനെയെഴുതിയ ഒരു ജാക്കറ്റുമിട്ട് നാളെ അമേരിക്കയിലെ പഥമ വനിത മെലാനിയ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടാലോ. അതിശയിക്കേണ്ടതില്ലെന്നു പറയുന്നവർ ഏറെയുണ്ട്. ടെക്സസിലെ തടങ്കലിൽ അമ്മമാരിൽനിന്നു വേർപെട്ട കുട്ടികളെ കാണാൻ എത്തിയപ്പോൾ ഞാനിതൊന്നും കാര്യമാക്കുന്നില്ല എന്നെഴുതിയ ജാക്കറ്റ് ധരിച്ച സ്ത്രീ നാളെ ഭർത്താവ് ട്രംപിനെ കളിയാക്കുന്ന ജാക്കറ്റും ധരിച്ചേക്കാമെന്നുകരുതാൻ തീർച്ചയായും ന്യായമുണ്ട്. ഭാവനയാണെങ്കിലും മെലാനിയ ധരിച്ചേക്കാനിടയുള്ള വിചിത്രമായ വാചകങ്ങൾ എഴുതിയ ജാക്കറ്റുകളുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലെ ഏറ്റവും പുതിയ തരംഗം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യയും പ്രഥമവനിതയുമായ മെലാനിയയുടെ വേഷം ഇതാദ്യമായല്ല മാധ്യമങ്ങളുടെയും പൊതുജനത്തിന്റെയും ശ്രദ്ധ ആകർഷിക്കുന്നത്. മുൻ മോഡൽ കൂടിയായ മെലാനിയ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുമ്പോഴൊക്കെ ധരിക്കാറുള്ളതു വ്യത്യസ്തവും ആകർഷകവുമായ വേഷങ്ങൾ. അവയൊക്കെ സംസാര വിഷയമാകാറുമുണ്ട്. അതുകൊണ്ടുതന്നെ അനധികൃത കുടിയേറ്റക്കാരെ പാർപ്പിച്ചിട്ടുള്ള ടെക്സസിലെ കേന്ദ്രത്തിൽ സന്ദർശനം നടത്തുമ്പോൾ മെലാനിയയുടെ വേഷം ശ്രദ്ധിക്കപ്പെടുന്നതു സ്വാഭാവികം. ട്രംപിന്റെ സീറോ ടോളറൻസ് നയത്തെത്തുടർന്ന് മാതാപിതാക്കളിൽനിന്നുമകറ്റപ്പെട്ട കുട്ടികളെക്കുറിച്ചും അവരുടെ വേർപാടിന്റെ വേദനയെക്കുറിച്ചും ലോകം ചർച്ച ചെയ്യുന്നതിനിടെ പ്രത്യേകിച്ചും. മാതാപിതാക്കളിൽനിന്നു കുട്ടികളെ വേർപെടുത്തുന്നതിനെതിരെ പരസ്യനിലപാടെടുത്ത മെലാനിയ, ടെക്സസിലെ തടങ്കലിൽ എത്തിയപ്പോൾ ധരിച്ച ജാക്കറ്റിലെ എഴുത്താണു വിവാദത്തിലേക്കു നയിച്ചത്.
‘ഞാനിതൊട്ടും കാര്യമാക്കുന്നില്ല, നിങ്ങളോ’ എന്നാണു ജാക്കറ്റിന്റെ പുറത്ത് എഴുതിയിരുന്നത്. ട്രംപിന്റെ മനുഷ്യത്വരഹിതമായ നയത്തിനെതിരെ ലോകം പ്രതിഷേധിക്കുന്നതിനിടെ വിവാദവാക്കുകൾ എഴുതിയ ജാക്കറ്റുമായി പ്രത്യക്ഷപ്പെട്ട മെലാനിയയുടെ നടപടി അക്ഷരാർഥത്തിൽ സമ്മാനിച്ചതു ഞെട്ടൽ. സംഭവം സമൂഹമാധ്യമങ്ങളിലുൾപ്പെടെ കത്തിപ്പടരുന്നതിനിടെ ട്രംപ് രംഗത്തെത്തി. വിവാദം മൊത്തത്തിൽ മാധ്യമങ്ങൾക്കെതിരെ തിരിച്ചുവിടാനാണ് അദ്ദേഹം ശ്രമിച്ചത്. വ്യാജ വാർത്തകളുടെ കാര്യമാണ് മെലനിയയുടെ ജാക്കറ്റിലെ എഴുത്തിലൂടെ സൂചിപ്പിച്ചതെന്നാണു ട്രംപിന്റെ വിശദീകരണം. ഓരോ ദിവസവും മാധ്യമങ്ങളിൽ വരുന്ന വ്യാജ വർത്തകളെ അവിശ്വസിക്കാനും അവയെ അവഗണിക്കാനും മെലാനിയ പഠിച്ചിരിക്കുന്നു. അതാണു ജാക്കറ്റിലെ എഴുത്തിലൂടെ അവർ പറയുന്നതെന്നു ട്രംപ് വിശദീകരിച്ചെങ്കിലും ആ വാക്കുകൾ മുഖവിലയ്ക്കെടുക്കാൻ തയാറായിട്ടില്ല സമൂഹ മാധ്യമ ഉപയോക്താക്കൾ ഉൾപ്പെടെയുള്ളവർ. തങ്ങളുടെ എതിർപ്പും പ്രതിഷേധവും അടങ്ങാത്ത രോഷവും അവർ സന്ദേശങ്ങളിലൂടെ പ്രകടിപ്പിക്കുകയാണ്.
ജാക്കറ്റിലെ എഴുത്തു വായിക്കുമ്പോൾ മൂന്നു നിഗമനങ്ങളിൽ എത്താമെന്നു പറയുന്നു ഒരു ട്വിറ്റർ ഉപയോക്താവ്.
1. മെലാനിയ അമ്മമാരിൽനിന്നു വേർപെടുത്തപ്പെട്ട കുട്ടികളുടെ കാര്യം പരിഗണിക്കുന്നതുപോലുമില്ല.
2.മെലാനിയയ്ക്ക് ഇംഗ്ലീഷ് വായിക്കാനറിയില്ല.
3. സീറോ ടോളറൻസ് നയത്തിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള വില കുറഞ്ഞ തന്ത്രമാണു മെലാനിയ പ്രയോഗിക്കുന്നത്.
ട്രംപ് പറയുന്നതുപോലെ വ്യാജ വാർത്തകളെ പരിഹസിക്കാനാണു മെലാനിയ ജാക്കറ്റ് ധരിച്ചതെങ്കിൽതന്നെ അതു വലിയ വിഡ്ഢിത്തമാണെന്നാണ് മറ്റൊരാൾ പറയുന്നത്. വ്യാജ വാർത്തകളെ കളിയാക്കാൻ വേറെ എത്രയോ സന്ദർഭങ്ങളുണ്ട്. കുട്ടികളെ സഹായിക്കുന്നതിലും വലിയ പരിഗണനയാണോ മാധ്യമങ്ങളെ പരിഹസിക്കാൻ വൈറ്റ് ഹൗസ് കൊടുക്കുന്നത്. എങ്കിൽ വൈറ്റ് ഹൗസിനെക്കുറിച്ചു സഹതപിക്കാൻ മാത്രമേ നിർവാഹമുള്ളൂ.
അഞ്ച് ഭാഷകൾ ഉപയോഗിക്കാൻ മെലാനിയയ്ക്ക് അറിയാം എന്നായിരുന്നു ഇതുവരെ പറഞ്ഞിരുന്നത്. ആ അഞ്ചുഭാഷകളിൽ ഇംഗ്ലീഷ് ഇല്ല എന്ന് ഇപ്പോൾ മനസ്സിലായിരിക്കുന്നു എന്നും കമന്റ് രേഖപ്പെടുത്തിയവരുണ്ട്.
അതിനിടെ, മെലാനിയയെ ന്യായീകരിച്ചുകൊണ്ട് അവരുടെ വക്താവു സ്റ്റെഫൻ ഗ്രിഷം തന്നെ രംഗത്തെത്തി. അത് ഒരു ജാക്കറ്റാണ്. ജാക്കറ്റ് മാത്രം. അതിൽ സന്ദേശങ്ങളൊന്നുമില്ല. ടെക്സസിലെ സന്ദർശനത്തോടെ ഇനിയെങ്കിലും മെലാനിയയുടെ വേഷങ്ങളിൽ അമിത ശ്രദ്ധ കൊടുക്കുന്ന പതിവിൽനിന്നു മാധ്യങ്ങൾ മാറുമെന്നു പ്രതീക്ഷിക്കാം....
വക്താവിന്റെ വിശദീകരണ വാക്കുകളിലുമുണ്ട് വീണ്ടും മാധ്യമങ്ങൾക്കു പഴി. സ്വന്തം പ്രവൃത്തികൾ ശരിയായ ദിശയിലേക്കു തിരിച്ചുവിടാനല്ല മറിച്ചു കുറ്റപ്പെടുത്തലുകളിലൂടെ ശ്രദ്ധ തിരിക്കാനാണു ശ്രമമെന്നു ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു ട്രംപും മെലാനിയയും.