നിറചിരിയോടെ രണ്ടു മുഖങ്ങൾ. രണ്ടു വനിതകൾ. ക്യാപ്റ്റൻ മരിയം മസൂദും ഫസ്റ്റ് ഓഫിസർ ഷുമൈല മസറും. പാക്കിസ്ഥാൻ രാജ്യാന്തര എയർലൈൻസിന്റെ പൈലറ്റുമാരാണ് ഇരുവരും. പാക്കിസ്ഥാന്റെ വടക്കൻ പ്രവിശ്യയായ ഗിൽജിത്തിലെ മലനിരകളിലൂടെ ദുഷ്കരമായ കാലാവസ്ഥയിൽ വിമാനം പറത്തി സുരക്ഷിതരായി തിരിച്ചെത്തിയവർ. ജോലി ചെയ്യുന്ന കമ്പനി തന്നെ ഇവരുടെ സാഹസികത അംഗീകരിച്ച് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ ഒരു രാജ്യത്തിന്റെ താരങ്ങളായിരിക്കുകയാണ് ഇരുവരും. ഒപ്പം വളർന്നുവരുന്ന ആയിരങ്ങൾക്കു പ്രചോദനവും. പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കകം പതിനായിരത്തോളം പേരാണ് ഇവരുടെ ചിത്രം ലൈക്ക് ചെയ്തത്. ചിത്രം ഷെയർ ചെയ്തതാവട്ടെ ആയിരങ്ങളും.
ഗിൽജിത്ത് വഴിയുള്ള യാത്ര അങ്ങേയറ്റം കഠിനമാണ്. കഷ്ടപ്പാടു നിറഞ്ഞതും. കൃത്യത അവകാശപ്പെടുന്നവർക്കുമാത്രമേ സുരക്ഷിതരായി തിരിച്ചെത്താനാവൂ. ഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്ന വടക്കൻ മലനിരകളുടെ മുകളിലൂടെ വിമാനം പറത്തി തിരിച്ചെത്തിയിരിക്കുകയാണ് ഞങ്ങളുടെ വീരനായികമാരായ ഈ രണ്ടു യുവതികളും. പാക്കിസ്ഥാൻ രാജ്യാന്തര എയർലൈൻസ് ഈ അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്.
ഗിൽജിത്തിൽനിന്ന് ഇസ്‍ലാമാബാദിലേക്ക് ക്യാപ്റ്റൻ മരിയം മസൂദ് നിയന്ത്രിച്ച വിമാനത്തിൽ യാത്ര ചെയ്ത ഒട്ടേറെപ്പേർ തങ്ങളുടെ ഓർമകളിലൂടെ വീണ്ടും പറന്നു. മഴയും മഞ്ഞുമുള്ളപ്പോഴും അന്തരീക്ഷം വ്യക്തമല്ലാത്തപ്പോൾപ്പോലും ക്യാപ്റ്റൻ മരിയം മസൂദ് ഒരു അപകടവും ഉണ്ടാക്കിയിട്ടില്ല. എപ്പോഴും ഒരു ആഘാതവുമില്ലാതെയാണ് യാത്രകൾ...ഓർമയിൽ എന്നും നിലനിൽക്കുന്നത്––ഒരാൾ ട്വിറ്ററിൽ എഴുതി.
ഇതാ ഞങ്ങളുടെ ആദരം. അതിർത്തി ആകാശം മാത്രം..ഇനിയും കുതിക്കൂ ഉയരങ്ങളിലേക്ക് എന്നായിരുന്നു മറ്റൊരാളുടെ ആശംസ. ഈ മാസം 20 ന് ഇസ്‍ലാമാബാദിൽനിന്ന് ഗിൽജിത്തിലേക്കും തിരിച്ചും പറന്ന വിമാനം പൂർണമായും നിയന്ത്രിച്ചതു ഷുമൈല മസൂർ ഉൾപ്പെട്ട വനിതകളായിരുന്നു. ആരുടെയും പിന്നിലല്ല തങ്ങൾ എന്ന് ആകാശത്തിലും സുവർണലിപികളിൽ കുറിക്കുകയായിരുന്നു വനിതകൾ.
എന്റെ മകൾക്ക് എട്ടു വയസ്സു മാതം. ഒരിക്കൽ പൈലറ്റ് ആകുകയാണ് അവളുടെ ഏറ്റവും വലിയ ആഗ്രഹം. ഇനിയുമേറെ ദൂരം പോകാനുണ്ടെന്ന് ഞങ്ങൾക്കറിയാം. പക്ഷേ, ഒരിക്കൽ അതു സംഭവിക്കം. ക്യാപ്റ്റൻ മരിയം മസൂദാണവളുടെ വീരനായിക...അവളെപ്പോലെ ആയിരക്കണക്കിനു കുട്ടികൾ. അവരുൾപ്പെട്ട തലമുറ. അവരുടെ സ്വപ്നങ്ങൾക്കു ചിറകു നൽകിയതിന് ക്യാപ്റ്റനു നന്ദി. ട്വിറ്ററിൽ നിറയുകയാണ് നന്ദിയും ആദരവും കലർന്ന വാക്കുകൾ.