Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാസ്ത്രലോകത്തെ അദ്ഭുത വനിതയ്ക്ക് വയസ്സ് 101

violet-bajaj

ഹരം പിടിപ്പിക്കുന്ന ഒരു ഡിറ്റക്റ്റീവ് നോവലിലൂടെ കടന്നുപോകുകയാണ് വയലറ്റ് ബജാജ്. അവരുടെ അരികിൽ ഒരു ബുക് ഷെൽഫുണ്ട്. കുറ്റാന്വേഷക നോവലുകൾ വൃത്തിയായി അടുക്കിവച്ച ഷെൽഫ്. അഗത ക്രിസ്റ്റിയുടെയും മറ്റും നോവലുകൾ. യൗവനത്തിൽ വായിച്ച അതേ ആവേശത്തോടെ ഇന്നും നോവലുകൾ വായിക്കുന്ന ബജാജിനു പ്രായം 101 വയസ്സ്.

ശാസ്ത്രപഠനത്തെക്കുറിച്ചു കേട്ടുകേൾവി പോലുമില്ലാത്ത കാലത്ത് ബെംഗലൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പഠിച്ച്, ഗവേഷണ രംഗത്ത് അപൂർവമായ നേട്ടങ്ങൾ സൃഷ്ടിച്ച അദ്ഭുത വനിത. പഠിക്കാനും വായിക്കാനും എന്നും ആവേശമുണ്ടായിരുന്ന അവർ റാഞ്ചിയിൽനിന്നു ലക്നൗ, ബെംഗലൂരൂ, പുണെ വഴി ഡൽഹിയിലാണിപ്പോൾ. മകളുടെ വീട്ടിൽ വിശ്രമജീവിതം. യൗവനത്തിൽ സ്വാതന്ത്ര്യസമരത്തിനു സാക്ഷിയായ, രണ്ടാം ലോക മഹായുദ്ധത്തെ അതിജീവിച്ച, ഇന്ത്യൻ ശാസ്ത്രലോകം സൃഷ്ടിച്ച പ്രതിഭ. 101– ാം വയസ്സിലും തെളിഞ്ഞ ചിന്തയും പതറാത്ത ബുദ്ധിയുമായി സജീവമായി ജീവിക്കുന്ന വനിത.

ആഗ്രയിൽ ഒരു ഗോവൻ കുടുംബത്തിൽ 1917 ജനുവരി 21 നു ജനനം. മൂന്നാം വയസ്സിൽ‌ കുടുംബത്തോടൊപ്പം ഝാൻസിയിലേക്ക്. സെന്റ് ഫ്രാൻസിസ്‍ കോൺവന്റിൽ സ്കൂൾവിദ്യാഭ്യാസം. അന്നു സ്കൂളുകളിൽ ശാസ്ത്രവിഷയം പഠിപ്പിക്കില്ല. ഇംഗ്ലിഷ്, ജോഗ്രഫി, ഹിസ്റ്ററി, മാത്‍സ് എന്നിവയായിരുന്നു വിഷയങ്ങൾ. കോളജിൽ പഠിക്കാൻ ലക്നോയിലേക്ക് നാലുവർഷത്തെ ബിഎസ്‍സി പഠനകാലത്താണ് അവർ ഫിസിക്സും കെമിസ്ട്രിയും ബയോളജിയുമൊക്കെ പഠിക്കുന്നത്.

ഡിഗ്രി പൂർത്തിയാക്കി എംഎസ്‍സി പഠനം ലക്നൗ സർവകലാശാലയിൽ. അതേ കാലത്ത് വയലറ്റിന്റെ മാതാപിതാക്കൾ ബെംഗളൂരുവിലേക്കു മാറി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പഠിക്കണമെന്ന ആശയം ഉണ്ടാകുന്നത് അങ്ങനെ. അപേക്ഷിച്ചു. പ്രവേശനം ലഭിച്ചത് ഫെർമെന്റേഷൻ ടെക്നോളജി കോഴ്സിൽ. അന്നങ്ങനെയാണ് കോഴ്സ് അറിയപ്പെട്ടിരുന്നത്. പിന്നീടതു ബയോകെമിസ്ട്രിയുടെ ഭാഗമായി. പുണെ നാഷണൽ കെമിക്കൽ ലബോറട്ടറിയിൽ ഗവേഷണം ചെയ്തുകൊണ്ടിരിക്കെ നാലു പ്രബന്ധങ്ങളുടെ സഹരചയിതാവുമായി വയലറ്റ്. 

പഠനകാലത്തു കുട്ടികൾകളുടെ ഇടയിൽ വേർതിരിവൊന്നും ഉണ്ടായിരുന്നില്ലെന്ന് ഓർക്കുന്നു വയലറ്റ്. ആൺകുട്ടികളും പെൺകുട്ടികളും സ്വതന്ത്രമായി ഇടപഴകിയിരുന്നു. നന്ദി ഹിൽസിലേക്കുള്ള വിനോദയാത്രകളും മ്യൂസിക് ക്ലബുകളും ഒക്കെയായി രസകരമായ കാലം. സ്വാതന്ത്ര്യസമരം തിളഞ്ഞുമറിഞ്ഞ കാലം കൂടിയായിരുന്നു അത്. ബ്രിട്ടിഷുകാർ ഇന്ത്യ വിടണമെന്ന വാദത്തിൽ ഉറച്ചുനിന്നിരുന്നു വിദ്യാർഥികൾ. 

പക്ഷേ, 1040–കളിൽ ജാതിയുടെ പേരിലുള്ള വേർതിരിവുകളും ശക്തമായിരുന്നു. അയ്യർമാർക്കും അയ്യങ്കാർമാർക്കും വെവ്വേറെ മെസ്സുകൾ പോലുമുണ്ടായിരുന്നു. 18–ാം വയസ്സിൽ കോളജ് പഠനത്തിനിടെയാണു വയലറ്റ് ചാൾസ് ഡാർവിന്റെ ഉൽപത്തി സിദ്ധാന്തം വായിച്ചുപഠിക്കുന്നത്. അതോടെ പള്ളിയിൽ പോകുന്നതു നിർത്തിയ അവർ നിരീശ്വരവാദിയായും മാറി. ലക്നൗയിൽ പഠിക്കുന്ന കാലത്ത്  പഞ്ചാബിൽനിന്നുള്ള ചെറുപ്പക്കാരനായ ഒരു ആർമി ഓഫിസറെ പരിചയപ്പെട്ടു.  വിദ്യപ്രകാശ് ബജാജ്. ബെംഗലൂരുവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പഠനത്തിനിടെ ബജാജുമായി വിവാഹം. വയലറ്റിന്റെ തീരുമാനത്തെ കുടുംബം എതിർത്തു. വിവാഹച്ചടങ്ങിൽ കുടുംബത്തിൽനിന്ന് ആരും പങ്കെടുത്തുമില്ല. 

വിവാഹത്തിനുശേഷം ഭർത്താവിന് ശ്രീലങ്കയിലേക്കു മാറ്റമായി. വയലറ്റ് ഹോസ്റ്റലിലേക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ വിമൻസ് ഹോസ്റ്റൽ അന്നു സ്വാതന്ത്ര്യത്തിന്റെ സ്വർഗമായിരുന്നു. ഇന്നത്തെപ്പോലെ നിയന്ത്രണങ്ങളൊന്നുമില്ലാതിരുന്ന കാലം. അന്നു തുടങ്ങിയ ,സൗഹൃദങ്ങൾ വയലറ്റ് ഇന്നും നിലനിർത്തുന്നു. നാഗമണി കുൽക്കർണി, റോഷൻ ഇറാനി, ഇന്ദിര ഭട്ട്, മലയാളിയായ അന്ന മാണി എന്നിവരായിരുന്നു ഏറ്റവുമടുത്ത സുഹൃത്തുക്കൾ.

പിന്നീടു പുണെയിൽവച്ച് വീണ്ടും അന്ന മാണിയുമായി കാണുകയും സൗഹൃദം പുതുക്കുകയും ചെയ്ത വയലറ്റ് പിന്നീടിങ്ങോട്ട് ആ സൗഹൃദബന്ധം മുറിയാതെ കാത്തു. അന്ന മാണിയോടൊത്താണ് വയലറ്റ് യാത്രകൾ നടത്തിയതും. നൈനിറ്റാൾ, ആൻഡമാൻ എന്നിവടങ്ങളിലൊക്കെ അവരൊരുമിച്ചു പോയി. ചൈനയിൽ പോയപ്പോൾ വിളിച്ചെങ്കിലും ഭീമമായ വിമാന യാത്രച്ചെലവ് ഭയന്ന് വയലറ്റ് ഒഴിഞ്ഞുമാറി. ജീവികാരുണ്യ പ്രവർത്തനങ്ങളിലും അന്ന സജീവമായിരുന്നു. പക്ഷേ, അവയെല്ലാം അവർ രഹസ്യമായി സൂക്ഷിച്ചു. മരിച്ചതിനുശേഷമാണ് അക്കാര്യങ്ങൾ ബന്ധുക്കൾ പോലുമറിയുന്നത്. ബെംഗളൂരുവിൽ നിന്നു പുണെ വഴി വയലറ്റ് എത്തിയത് ഡൽഹി മൗലാന ആസാദ് മെഡിക്കൽ കോളജിൽ –റിസർച്ച് ഫെലോ ആയി. 

സിഎസ്ഐആറിനു കീഴിൽ ആരംഭിച്ച ബയോകെമിക്കൽസ് യൂണിറ്റിലായിരുന്നു വയലറ്റിനു ജോലി. 1950–ൽ വിരമിക്കുന്നതുവരെ. ക്വാളിറ്റി കൺട്രോൾ വിഭാഗത്തിൽ.  സംതൃപ്തികരമായ ജോലിക്കാലം. വലിയ കണ്ടുപിടിത്തങ്ങളോ നേട്ടങ്ങളോ അല്ല സംതൃപ്തിയും സൗഹൃദവുമാണ് തന്റെ നേട്ടങ്ങളെന്നു പറയുന്നു വയലറ്റ്. 

സ്ത്രീകൾക്കെതിരെ എന്നും വിവേചനങ്ങളുണ്ടായിരുന്നു എന്നു സമ്മതിക്കുന്നു വയലറ്റ്. ശാസ്ത്ര സാങ്കേതിക രംഗമൊക്കെ പുരുഷൻമാരുടെ കുത്തകയാണെന്ന ധാരണയുമുണ്ടായിരുന്നു. അത്തരം വിശ്വാസങ്ങളെ തകർത്ത്, ധൈര്യപൂർവം സഞ്ചരിച്ച ആദ്യകാല സ്ത്രീകളിലൊരാളാണു വയലറ്റ്. 101–ാം വയസ്സിലും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കുന്ന സ്വതന്ത്രയായ വനിത.