Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാതി ബോധിപ്പിക്കാനെത്തി, മടങ്ങിയത് ജയിലിലേക്ക്; അധ്യാപികയുടെ ദുരവസ്ഥ

arrest-78

ജനങ്ങളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കാനുള്ള വേദിയാണു ജനതാ ദര്‍ബാര്‍. ഇടനിലക്കാരായ ഉദ്യോഗസ്ഥരെ ഒഴിവാക്കി അധികാരസ്ഥാനത്തിരിക്കുന്നവരെ ജനങ്ങള്‍ക്കു നേരട്ടു കാണാനുള്ള അവസരവും പരാതികളില്‍ ഉടനടി തീര്‍പ്പുകളും. ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തായ ജനതാ ദര്‍ബാറില്‍ വര്‍ഷങ്ങളായി സംസ്ഥാനത്തെ വിദൂരപ്രദേശത്തു ജോലി ചെയ്യുന്ന ഒരു അധ്യാപിക എത്തിയത് തന്റെ പരാതി ബോധിപ്പിക്കാന്‍; എത്തിപ്പെട്ടതോ ജയിലിലും. 

മുഖ്യന്ത്രി ത്രിവേന്ദ്ര റാവത്തിന്റെ പരാതി പരിഹാര അദാലത്തില്‍ കഴിഞ്ഞദിവസമാണ് വിവാദ സംഭവം നടക്കുന്നത്. 57 വയസ്സുകാരിയാണ് അധ്യാപിക. ഉത്തര ബഹുഗുണ എന്നാണു  പേര്. സ്കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയാണ് ബഹുഗുണ. 25 വര്‍ഷമായി ഉത്തരകാശിയിലാണു ജോലി ചെയ്യുന്നത്. സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണില്‍നിന്ന് 144 കിലോമീറ്റര്‍ അകലെ. മൂന്നുവര്‍ഷം മുമ്പ് ബഹുഗുണയുടെ ഭര്‍ത്താവ് മരിച്ചു. അന്നു മുതല്‍ മക്കള്‍ താമസിക്കുന്ന ഡെറാഡൂണിലേക്ക് സ്ഥലംമാറ്റത്തിനുവേണ്ടി പ്രയത്നിക്കുകയാണവര്‍. മുട്ടാത്ത വാതിലുകളില്ല. ഒരു ഫലവുമില്ലെന്നു മാത്രം. 

തന്റെ പരാതിയുടെ പുരോഗതി അറിയാനാണ് കഴിഞ്ഞദിവസം നടന്ന ജനതാ ദര്‍ബാറില്‍ ബഹുഗുണ എത്തിയത്. മുഖ്യമന്ത്രിയെ കണ്ട് പരാതി ബോധിപ്പിക്കാനും. 

എന്റെ മക്കള്‍ ഡെറാഡൂണില്‍ അനാഥരായി വളരുന്നതു കാണാന്‍ എനിക്കു വയ്യ. അവര്‍ക്ക് അച്ഛനെ നഷ്ടപ്പെട്ടു. ഞനോ കിലോമീറ്ററുകള്‍ അകലെ ജോലിയും മക്കളെ  ഉപേക്ഷിക്കാന്‍ വയ്യ; ജോലിയും.  എനിക്കു നീതി കിട്ടണം: കരച്ചിലിന്റെ സ്വരത്തില്‍ ബഹുഗുണ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. 

മുഖ്യമന്ത്രി പരാതി പെട്ടുന്നു തന്നെ തള്ളിക്കള‍ഞ്ഞു. ജോലിക്കു കയറുന്ന സമയത്ത് ബോണ്ട് ഒപ്പിട്ടിരുന്നോ എന്നദ്ദേഹം ബഹുഗുണയോടു ചോദിച്ചു. ജീവിതകാലം മുഴുവന്‍ അഭയാര്‍ഥിയായി കഴിയാമെന്ന് ഞാന്‍ ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല എന്നായിരുന്നു ബഹുഗുണയുടെ മറുപടി. ഇതു കേട്ടതോടെ മുഖ്യമന്ത്രി ദേഷ്യപ്പെട്ടു. സൂക്ഷിച്ചു സംസാരിച്ചില്ലെങ്കില്‍ നിങ്ങളെ സസ്പെന്‍ഡ് ചെയ്യും- അദ്ദേഹം ബഹുഗുണയെ ഭീഷണിപ്പെടുത്തി. 

ഭീഷണിക്കുമുന്നില്‍ വഴങ്ങാന്‍ അവര്‍ തയ്യാറായില്ല. ഞാന്‍ എന്നും ഇരയായിരുന്നു--അവര്‍ വിളിച്ചുകൂവി. മുഖ്യമന്ത്രി പെട്ടെന്നുതന്നെ ബഹുഗുണയെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചു.  അവരെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിനും നിര്‍ദേശം കൊടുത്തു. കള്ളന്‍മാര്‍, വഞ്ചകര്‍ എന്നൊക്കെ ഉദ്യോഗസ്ഥരെ നോക്കി വിളിച്ചുകൂവി ബഹുഗുണ. സംഭവം ചിത്രീകരിച്ച വീഡിയോ സമൂഹമധ്യമങ്ങളിലെത്തി. കണ്ടവര്‍ ഷെയര്‍ ചെയ്തതോടെ മുഖ്യമന്ത്രിയുടെ ദേഷ്യവും ബഹുഗുണയുടെ ദയനീയ അവസ്ഥയും ചിത്രീകരിക്കുന്ന വീഡിയോ തരംഗമായി. ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയുമായി. 

വര്‍ഷങ്ങളായി ആത്മാര്‍ഥമായി ജോലി ചെയ്തതിന് ഇതാണോ എനിക്കു കിട്ടിയ കൂലി.... വികാരവിക്ഷുബ്ധയായി  ബഹുഗുണ ചോദിക്കുന്നു. പരാതി പറഞ്ഞു  മടുത്തു. ഒന്നും സംഭവിക്കുന്നില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പ്രശ്നത്തിനു പരിഹാരം കാണാം എന്നു വിചാരിച്ചത്. ഇവിടെയെത്തിയപ്പോളുള്ള അവസ്ഥ കണ്ടില്ലേ...? ദൈവം എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടാലും ഇതേ എനിക്കു പറയാനുള്ളൂ. എന്താണു സ്ഥലം മാറ്റം തരാതിരിക്കാനുള്ള കാരണം എന്നാണ് എനിക്കറിയേണ്ടത്... പൊട്ടിക്കരഞ്ഞുകൊണ്ടു ബഹുഗുണ പറയുന്നു. സ്ഥലം മാറ്റം ഉന്നയിക്കാനുള്ള വേദിയല്ല ജനതാ ദര്‍ബാര്‍ എന്നാണു മുഖ്യമന്ത്രിയുടെ നിലപാട്. 

നിയമം തെറ്റിച്ച് ബഹുഗുണയ്ക്കു സ്ഥലംമാറ്റം അനുവദിക്കാനാവില്ല എന്നാണ് വിദ്യാഭ്യാസ അധികൃതരുടെയും നിലപാട്. ബഹുഗുണയേക്കാളും കൂടുതല്‍ വര്‍ഷം വിദൂരപ്രദേശങ്ങളില്‍ ജോലി ചെയ്തവരുണ്ട്. സീനിയോറിറ്റി അനുസരിച്ചാണു സ്ഥലംമാറ്റം. ബഹുഗുണയുടെ അവസരം എത്തുമ്പോള്‍ തീര്‍ച്ചയായും അവരുടെ പരാതി പരിഹരിക്കപ്പടും- വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നു.