ജനിച്ചപ്പോഴുള്ള വ്യക്തിത്വവുമായി വളരുക. വളർച്ചയുടെ ഒരു ഘട്ടത്തിൽ ആ വ്യക്തിത്വവുമായി യോജിക്കാനാകാതെ വരുക- ഒരു ട്രാന്‍സ്ജെന്‍ഡേഴ്സിന് പൊതുവെ കൊടുക്കുന്ന നിര്‍വചനം. പക്ഷേ, ട്രന്‍സ്ജെന്‍ഡറായ ഒരു വ്യക്തി കടന്നുപോകുന്ന ശാരീരികവും വൈകാരികവുമായ മാറ്റങ്ങളും സംഘര്‍ഷങ്ങളും ഈ നിര്‍വചനം ഉള്‍ക്കൊള്ളുന്നില്ല, അഥവാ, ഏറ്റവും പൂര്‍ണമെന്നു കരുതാവുന്ന നിര്‍വചനത്തിനും അപ്പുറമാണ് ട്രാന്‍സ്ജെന്‍ഡറുകളുടെ വൈകാരിക സംഘര്‍ഷങ്ങള്‍.
ഓരോ ഘട്ടത്തിലും മനസ്സുനിറഞ്ഞുനില്‍ക്കുന്ന സംശയങ്ങള്‍,ആശങ്കകള്‍ ഭാവിയെക്കുറിച്ചുള്ള പേടി. ദിവസേനയെന്നോണം അനുഭവിക്കുന്ന അപമാനവും വേദനയും. ട്രാന്‍സ്ജെന്‍ഡറുകളുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ തന്റേതായ ഒരു വഴി തുറക്കുകയാണ് പ്രസിദ്ധ കോളമിസ്റ്റായ സെറീന ഡനിയാരി.
ട്രാൻസ്പ്ലെയ്നിങ് എന്നു പേരിട്ട കോളത്തിലൂടെയാണ് സെറീന ആശയവിനിമയത്തിന്റെ പുതുലോകം തുറക്കുന്നത്. കോളത്തെക്കുറിച്ചു വിവരിച്ചുകൊണ്ട് കഴിഞ്ഞദിവസം സെറീന എഴുതി: എല്ലാവര്‍ക്കും എന്റെ സുപ്രഭാതം. ട്രാൻസ്പ്ലെയ്നിങ് എന്ന എന്റെ കോളം ഇനി നിങ്ങളെ തേടിയെത്തുകയാണ്. ആധികാരികമായും സംശയങ്ങള്‍ ദൂരീകരിക്കുന്ന രീതിയിലും ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ പ്രശ്നങ്ങള്‍ ഇനി തുറന്നു ചര്‍ച്ച ചെയ്യാമെന്നു കരുതുന്നു.
കൗമാരത്തില്‍ ഡാലസിലെ യാഥാസ്ഥിതിക സമൂഹത്തില്‍ വളര്‍ന്നുവരുമ്പോള്‍ താനനുഭവിച്ച പ്രശ്നങ്ങള്‍ ആദ്യത്തെ കോളത്തില്‍ സെറീന പറയുന്നു. തുറന്നുപറയാന്‍ ഒരാളെയെങ്കിലും കിട്ടാന്‍ അന്നു താന്‍ തീവ്രമായി മോഹിച്ചതിനെക്കുറിച്ച്. അന്നു പ്രശ്നങ്ങള്‍ പറയാന്‍ ഒരു ഭാഷ തന്നെയില്ലായിരുന്നു. എന്തു പറയണം എങ്ങനെ പറയണം എന്നുമറിയില്ലായിരുന്നു. അന്നനുഭവിച്ച വേദനകള്‍ക്കു കണക്കില്ല. ഇനിയെങ്കിലും അങ്ങനെയൊരു അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്ന് സെറീന ആഗ്രഹിക്കുന്നു. ആര്‍ക്കും എന്തു സംശയവും ഈ കോളത്തിലൂടെ പങ്കുവയ്ക്കാമെന്നും സെറീന പറയുന്നു.
വളര്‍ച്ചയുടെ പല ഘട്ടങ്ങളിലും ഒറ്റപ്പെട്ടതുപോലെ തോന്നുമായിരുന്നു സെറീനയ്ക്ക്. വസ്ത്രം ധരിക്കുമ്പോള്‍, ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോള്‍, കത്തിക്കിരയായി ശസ്ത്രക്രിയ മേശയില്‍ കിടക്കുമ്പോള്‍. അന്നൊക്കെ തെറ്റിധരിക്കപ്പെട്ടതായും ആക്ഷേപിക്കുന്നപ്പെടുന്നപോലെയും തോന്നുമായിരുന്നു. അങ്ങനെയൊന്നും ഇനിയാര്‍ക്കും സംഭവിക്കരുത്- സെറീന ആഗ്രഹിക്കുന്നു. പോസ്റ്റിനൊപ്പം ശസ്ത്രക്രിയ നടത്തിയ ഘട്ടത്തിലെ ഏതാനും ചിത്രങ്ങളും സെറീന പങ്കുവച്ചിട്ടുണ്ട്.
ഒരു ട്രാൻസ്ജെന്‍ഡര്‍ എന്നാല്‍ എന്താണ്, ആരാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക. സവിശേഷമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് സംശയങ്ങളും ആശങ്കകളും പങ്കുവയ്ക്കാന്‍ ഒരവസരവും നൽകുക– ലക്ഷ്യം വ്യക്തമാക്കുന്നു സെറീന. ട്രാന്‍സ്ജെന്‍ഡറുകളായി ബന്ധപ്പെട്ട ഏതു ചോദ്യവും തന്നോടു സ്വതന്ത്രമായി ചോദിക്കാം. സംശയങ്ങള്‍ ദൂരീകരിക്കാം. ട്രാന്‍സ്ജെന്‍ഡര്‍ എന്നതിന്റെ ആഘോഷമാകണം പുതിയ കാലം- സെറീന തന്റെ സ്വപ്നം പങ്കുവയ്ക്കുന്നു.