Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസറാണ്, പക്ഷേ പൊരുതിത്തോൽപ്പിക്കും; തുറന്നു പറഞ്ഞ് നടി സൊനാലി

sonali

തീരെ പ്രതീക്ഷിക്കാതെയിരിക്കുന്ന സന്ദർഭത്തിൽ വലിയ തിരിച്ചടികളും ജീവിതത്തിലുണ്ടാകാം. ജീവിതത്തെക്കുറിച്ചുള്ള ഈ വലിയ സത്യം ഒരു തിരിച്ചറിവായി ഉൾക്കൊള്ളുകയാണ് തൊണ്ണൂറുകളിൽ ബോളിവുഡിലെ പ്രശസ്ത താരമായിരുന്ന നടി സൊനാലി ബെന്ദ്രെ. അർബുദ രോഗത്തിന്റെ പിടിയിലാണു സൊനാലി. ന്യൂയോർക്കിൽ ചികിൽസ പുരോഗമിക്കുന്നു. ഗുരുതരമായതിനുശേഷം മാത്രമാണു തിരിച്ചറിഞ്ഞതെങ്കിലും രോഗത്തെ പൊരുതിത്തോൽപിക്കാമെന്ന ആത്മവിശ്വാസം പങ്കിട്ടുകൊണ്ട് രോഗവിവരം അറിയിച്ചതു നടി തന്നെ.  

നടൻ ഇർഫാൻ ഖാൻ തനിക്കു ബാധിച്ച അസുഖത്തെക്കുറിച്ചു തുറന്നുപറഞ്ഞതിന്റെ ഞെട്ടൽ മാറുന്നതേയുള്ളൂ അദ്ദേഹത്തിന്റെ ആരാധകർക്കും ബോളിവുഡിനും. തൊട്ടുപിന്നാലെ സൊനാലിയുടെ ദുരന്ത വാർത്തയും എത്തിയിരിക്കുന്നു. സർഫരോഷ്, ദിൽജലേ, ഡ്യൂപ്ലിക്കേറ്റ് തുടങ്ങിയവയാണു സൊനാലിയുടെ പ്രശസ്ത ചിത്രങ്ങൾ.  2002–ൽ സംവിധായകനും നിർമാതാവുമായ ഗോൾഡി ബേലുമായി വിവാഹം. ‘അംഗാരേ ‘ എന്ന സിനിമയുടെ സെറ്റിൽവച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയത്തിലായ ഇവർ  വിവാഹ തീരുമാനം വെളിപ്പെടുത്തി താരനിബിഡമായ ചടങ്ങിൽ ഒരുമിച്ചുള്ള ജീവിതത്തിലേക്കു പ്രവേശിച്ചു. ശേഷം ചലച്ചിത്രങ്ങളിൽനിന്നു പിൻവലിഞ്ഞ നടി റിയാലിറ്റി ഷോകളിലൂടെയും മറ്റും ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരുന്നു. 

ഇങ്ങനെയൊന്നു വരാൻപോകുന്നുവെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. തുറന്നുപറയട്ടെ, ഗുരുതരമായ കാൻസർ രോഗത്തിന്റെ പിടിയിലാണു ഞാൻ. വിട്ടുമാറാത്ത വേദനയെത്തുടർന്നു ചില ടെസ്റ്റുകൾ ചെയ്തു. പരിശോധനയിൽ കാൻസറാണെന്നു കണ്ടെത്തി. കുടുംബാഗങ്ങളും അടുത്ത സുഹൃത്തുക്കളും എനിക്കൊപ്പമുണ്ട്. ആഗ്രഹിക്കാവുന്ന ഏറ്റവും വലിയ പിന്തുണയും സ്നേഹവും കിട്ടുന്നു. 

കൃത്യമായ ചികിൽസ, താമസിക്കാതെ ചെയ്യുക എന്നല്ലാതെ മറ്റൊരു മാർഗവുമില്ല കാൻസറിനെ പ്രതിരോധിക്കാൻ. ഡോക്ടർമാരുടെ നിർദേശമനുസരിച്ച് ചികിൽസയിലൂടെ ഞാൻ കടന്നുപോകുന്നു. ന്യൂയോർക്കിൽ. ശുഭപ്രതീക്ഷയാണു ഞങ്ങൾക്കെല്ലാവർക്കും. രോഗത്തെ തോൽപിക്കാമെന്ന ദൃഡനിശ്ചയത്തിലാണു ഞാൻ. ഇക്കഴിഞ്ഞ കുറേ വർഷങ്ങളിൽ ആഗ്രഹിച്ചതിൽ കൂടുതൽ സ്നേഹവും പിന്തുണയുമാണ് ലഭിച്ചത്. അതിനു ഞാൻ അഗാധമായി നന്ദി പറയുന്നു. സുഹൃത്തുക്കളും കുടുംബാഗങ്ങളും പകരുന്ന സ്നേഹത്തിന്റെ ശക്തിയിൽ ഞാൻ പോരാട്ടം തുടരട്ടെ. ഔദ്യോഗിക പത്രക്കുറിപ്പിൽ അസുഖത്തെയും ചികിൽസയേയും കുറിച്ചു സൊനാലി കുറിച്ചു. സൊനാലിക്ക് ഒരു മകനുണ്ട്. 13 വയസ്സുകാരൻ റൺവീർ.