ആളുകളുടെ കഷ്ടപ്പാടുകളെക്കുറിച്ച് കേൾക്കുമ്പോൾ സഹതാപം തോന്നുമെങ്കിലും സ്വന്തം വരുമാനത്തിൽ നിന്ന് ഒരു പങ്ക് അവർക്കു നൽകാൻ മനസ്സുള്ള എത്ര പേരുണ്ടാവും?. എന്നാൽ ഡൽഹിയിലെ ഐപിഎസ് ഓഫീസർ അസ്ലം ഖാൻ നന്മ നിറഞ്ഞ പ്രവൃത്തി കൊണ്ടു കൂടിയാണ് വരുംതലമുറയ്ക്ക് റോൾ മോഡൽ ആകുന്നത്.
താൻ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത ഒരു കുടുംബത്തിനാണ് അവർ തന്റെ ശമ്പളത്തിന്റെ പാതി നൽകുന്നത്. ഗൃഹനാഥൻ കൊല്ലപ്പെട്ടതോടെ അനാഥരായ കുടുംബത്തിനാണ് ഐപിഎസ് ഓഫീസർ തുണയായത്. അമ്മയും മൂന്നുമക്കളുമടങ്ങുന്ന കുടുംബത്തെ ഇതുവരെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും ഫോണിലൂടെ വിളിച്ച് അവരുടെ ക്ഷേമമന്വേഷിക്കാറുണ്ട് അസ്ലം.
ട്രക്ക് ഡ്രൈവറായിരുന്നു കുടുംബനാഥനായ സർദാർ മാൻസിങ്. കുടുംബത്തിലെ ഒരു വിവാഹത്തിനായി പണം ശേഖരിച്ച് മടങ്ങുന്നതിനിടെയാണ് കൊള്ളസംഘം അദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തിയത്. അതോടെ മാൻസിങ്ങിന്റെ അമ്മയും ഭാര്യയും മൂന്നു മക്കളുമടങ്ങിയ കുടുംബത്തിന്റെ ഭാവി ഇരുട്ടിലായി. ട്രക്ക് ഡ്രൈവറുടെ മരണവാർത്തയറിഞ്ഞ് ഡിസിപി അസ്ലം കുടുംബാംഗങ്ങളെ ഫോണിൽ വിളിക്കുകയും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയുമായിരുന്നു. സർക്കാരിൽ നിന്നും എന്തെങ്കിലും സാമ്പത്തിക സഹായം കിട്ടാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് അന്വേഷിക്കാമെന്നും അവർ കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകി.
ഡിസിപിയുടെ നല്ല മനസ്സിനെപ്പറ്റി ട്രക്ക് ഡ്രൈവറുടെ മകൾ പറയുന്നതിങ്ങനെ '' മാഡം സഹായ വാഗ്ദാനം നടത്തിയപ്പോൾ അതു സ്വീകരിക്കാൻ ഞങ്ങൾക്കു മടിയുണ്ടായിരുന്നു പക്ഷേ ഞങ്ങൾ പറയുന്നതൊന്നും കേൾക്കാൻ മാഡം തയാറായില്ല. എല്ലാ മാസവും ഒരു തുക ഞങ്ങൾക്കയച്ചു തരും. എല്ലാ ദിവസവും വിളിക്കും എന്റെ പഠനകാര്യങ്ങളെക്കുറിച്ചൊക്കെയാണ് കൂടുതലും സംസാരിക്കുന്നത്. സ്കൂൾ ഫീസിനെക്കുറിച്ചും പഠിത്തത്തെക്കുറിച്ചുമൊക്കെയുള്ള ആശങ്കകൾക്ക് വിരാമമായത് മാഡത്തിന്റെ ഫോൺകോൾ എത്തിയതോടെയാണ്. ജമ്മുവിലുള്ള സ്കൂളിലേക്ക് സഹോദരനെ മാറ്റുന്നതിനെക്കുറിച്ചും മാഡം സംസാരിച്ചിട്ടുണ്ട്. ജമ്മു–കശ്മീർ അതിർത്തിയിലാണ് കുടുംബത്തിന്റെ താമസം.