Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാനും ആ സംവിധായകന്റെ ഈഗോയുടെ ഇര : രചന നാരായണൻ കുട്ടി

rachana-narayanan-kutty-01

സീരിയൽ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന നിഷ സാരംഗിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തനിക്കും സമാന അനുഭവമുണ്ടായതായി വ്യക്തമാക്കിയിരിക്കുകയാണ് സിനിമ–സീരിയൽതാരം രചന നാരായണൺ കുട്ടി. സംവിധായകന്റെ ഈഗോയുടെ മറ്റൊരു ഇരയാണ് താനെന്നാണ് രചനയുടെ വെളിപ്പെടുത്തൽ.

താൻ സിനിമയിൽ അഭിനയിച്ചതിനെത്തുടർന്നുണ്ടായ ഈഗോ കാരണം ഹിറ്റായ ഒരു സീരിയലിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും താരം തുറന്നു പറയുന്നു. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കാര്യം കേട്ടപ്പോൾ മുതൽ അസ്വസ്ഥനായ സംവിധായകൻ തന്നെ വിളിച്ചുവെന്നും സീരിയലിന്റെ അടുത്ത ഷെഡ്യൂൾ മുതൽ അഭിയിക്കാൻവരണ്ട എന്നു പറഞ്ഞെന്നും താരം പറയുന്നു. ആദ്യമൊക്കെ ഈ സംഭവം തനിക്ക വളരെയധികം വിഷമമുണ്ടാക്കിയെന്നും രചന പറയുന്നു.

ആ സീരിയലിലെ തന്നെ മറ്റൊരു നടനോടും സംവിധായകന് കടുത്തഈഗോ ഉണ്ടായിരുന്നതായും രചന വെളിപ്പെടുത്തുന്നു. അധികം വൈകാതെ അദ്ദേഹത്തെയും സംവിധായകൻ സീരിയലിൽ നിന്ന് പുറത്താക്കി. സംവിധായകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് തുറന്നു പറഞ്ഞ നിഷ സാരംഗിന് അമ്മയുടെയും താരങ്ങളുടെയും പൂർണ്ണ പിന്തുണയുണ്ടെന്നും രചന പറഞ്ഞു. സംഭവം അറിഞ്ഞയുടൻ തന്നെ താൻ നിഷ സാരംഗിനെ വിളിച്ചുവെന്നും അമ്മയിലെ അംഗങ്ങൾക്കുവേണ്ടിയാണ് താൻ വിളിച്ചതെന്നും എല്ലാവരുടെയും പിന്തുണയുണ്ടെന്ന് ഉറപ്പു നൽകുകയും ചെയ്തുവെന്നും രചന പറയുന്നു.

അതേസമയം  സീരിയൽ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന നടി നിഷ സാരംഗിന്റെ പരാതി ഒത്തുതീർപ്പിലേക്കെന്ന് സൂചന. സംവിധായകനെ മാറ്റാൻ തീരുമാനിച്ചതായി ചാനൽ അധികൃതർ അറിയിച്ചെന്നും അതിനാൽ തുടർന്നും ആ സീരിയലിൽ അഭിനയിക്കുമെന്നും നിഷ പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ  സീരിയലിന്റെ സംവിധായകനെതിരെയാണ് അതിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ പരാതി നൽകിയത്. മൂന്നു വർഷം പിന്നിട്ട സീരിയലിന്റെ തുടക്കകാലം മുതൽ സംവിധായകൻ ദുരുദ്ദേശ്യത്തോടെ സമീപിച്ചിരുന്നതായി നിഷ പറയുന്നു. മെസേജുകൾ അയച്ചായിരുന്നു തുടക്കം. പിന്നീടു നേരിട്ടും മോശമായി പെരുമാറുന്നതു തുടർന്നപ്പോൾ ചാനൽ അധികൃതരോടു പറയുകയും അവർ അയാളെ താക്കീതു ചെയ്യുകയും ചെയ്തു. 

പിന്നീട് പ്രതികാരബുദ്ധിയോടെ സംവിധായകൻ പെരുമാറുകയായിരുന്നു. അനുമതിയോടെ അമേരിക്കയിൽ പോയി തിരികെ എത്തിയ ശേഷം സീരിയലിൽനിന്ന് ഒഴിവാക്കാനും ശ്രമം നടത്തി. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതിനാൽ എല്ലാം സഹിച്ചു തുടരുകയായിരുന്നുവെന്നു നിഷ പറഞ്ഞു. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി നിഷയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. അമ്മയുടെ പ്രസിഡന്റ് മോഹൻലാലും നിഷയ്ക്കു പിന്തുണ നൽകുമെന്നു വ്യക്തമാക്കി. അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനിടെ ജനറൽ സെക്രട്ടറി ഇടവേള ബാബു നിഷയോടു കയർത്തു സംസാരിച്ചതിനെത്തുടർന്നു നിഷ കരഞ്ഞതു വിവാദമായിരുന്നു. അവാർഡ് നേടിയവരെ ആദരിച്ചപ്പോൾ ടിവി സീരിയലിലെ മികച്ച ഹാസ്യനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ നിഷയുടെ പേരു വിട്ടുപോയിരുന്നു. 

നിഷയ്ക്കും അവാർഡുണ്ടെന്നു മഞ്ജു പിള്ള വിളിച്ചു പറയുകയായിരുന്നു. ഇതൊക്കെ നേരത്തേ പറഞ്ഞുകൂടായിരുന്നോ എന്നു ബാബു ചോദിച്ചതോടെ നിഷ കരയുകയും ചെയ്തു. പിന്നീടു നിഷയെയും ആദരിച്ചു. ആശയ വിനിമയത്തിൽ സംഭവിച്ച പിഴവാണിതെന്നായിരുന്നു ഇതു സംബന്ധിച്ചു മോഹൻലാലിന്റെ വിശദീകരണം.