ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ ഡോക്ടറായി ജോലി ചെയ്യുകയെന്നാൽ ദിവസം മുഴുവൻ നീളുന്ന സേവനമെന്നാണ് അർത്ഥം. ഒരു മടിയും കൂടാതെ ഗ്രാമത്തിലെ ജനങ്ങൾക്കുവേണ്ടി ജീവിതം സമർപ്പിച്ച ഒരു ഡോക്ടറാണ് വിഭ അഗസ്റ്റിൻ. സാധാരണ ദിവസം രാവിലെ 8.30 മുതൽ അവർ രോഗികളെ കണ്ടുതുടങ്ങും. വൈകിട്ട് അഞ്ചുമണി വരെ അതു തുടരും. ശരാശരി 60 പേരുടെ പ്രശ്നങ്ങളെങ്കിലും പരിഹരിക്കേണ്ടിവരും. പക്ഷേ, പരാതികളില്ലാതെ തന്റെ ജോലി ചെയ്യുകയാണ് ഡോ. വിഭ.
ഡോക്ടർമാരുടെ കുടുംബത്തിലാണു വിഭയും ജനിക്കുന്നത്. അച്ഛനമ്മമാർ ജോലി ചെയ്യുന്നതു കണ്ടാണു വളർന്നതും. എങ്ങനെ ജോലി ചെയ്യണമെന്നു താൻ പഠിച്ചത് വീട്ടിൽനിന്നാണെന്നും അവർ പറയുന്നു. ചെറുപ്പത്തിൽ തനിക്കു നേരിടേണ്ടിവന്ന ഒരനുഭവം ഡോ.വിഭ ഉദാഹരണമായി പറയുന്നു:
രാത്രി വീടിനു പുറത്തുനിന്ന് ആരോ വിളിക്കുന്ന ശബ്ദം കേട്ടാണ് ഞങ്ങൾ ഉണർന്നത്. ആശുപത്രിയിലെ മെസ്സിന്റെ ചാർജുള്ള ആളാണു വിളിക്കുന്നത്. അന്നൊക്കെ മിക്ക പ്രസവങ്ങളും വീടുകളിലാണു നടക്കുന്നത്. സഹായിക്കാൻ മിഡ്‌വൈഫുമാരുണ്ടാകും. വിളിക്കാൻ വന്ന ആളുടെ മകൾ ഗർഭിണിയാണ്. വീട്ടിലുണ്ട്. പക്ഷേ, പ്രസവമടുത്തപ്പോൾ യുവതിക്ക് അപസ്മാര ബാധ. അസ്വാഭാവികമായ രോഗത്തെത്തുടർന്നു യുവതിയെ ഒരു മുറിയിൽ അടച്ചിട്ടിരിക്കുകയാണ്. ഇനി എന്തുചെയ്യണമെന്നറിയില്ല. സഹായം തേടി വന്നിരിക്കുകയാണ് അയാൾ.
സംഭവം നടന്ന വീട്ടിലെത്തിയപ്പോൾ യുവതി അബോധാവസ്ഥയിലാണ്. അന്നു ഞാൻ ഹൗസ് സർജൻസി പൂർത്തിയാക്കിയിരുന്നു. പക്ഷേ, പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞിരുന്നില്ല. ശസ്ത്രക്രിയ ചെയ്യാൻ അനുമതിയില്ല. ഡോക്ടറായ അമ്മ പെട്ടെന്നുതന്നെ ജോലിയിൽ വ്യാപൃതയാകുന്നതു ഞാൻ നോക്കിനിന്നു. ഒടുവിൽ കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞു. അതോടെ സമാന സംഭവങ്ങളുമായി പലരും വിളിക്കാൻ തുടങ്ങി.
ഈ സംഭവത്തോടെ വിഭ ഒരുകാര്യം തീരുമാനിച്ചു. സമൂഹത്തിന് ഏറ്റവും പ്രയോജനകരമായ രീതിയിൽ ഒരു ഡോക്ടറായി മാറുക. സഹായിക്കുകയും സേവിക്കുകയും ചെയ്യുകയാണു തന്റെ ജോലി എന്നുമവർ ഉറപ്പിച്ചു. ഉത്തർപ്രദേശിലെ ഗ്രാമ പ്രദേശത്ത് വിഭയുടെ പിതാവു വരുന്നത് 1956– ൽ. അമ്മ ഡോ.രാഗിണി 58– ൽ എത്തി. ക്ഷാമവും വരൾച്ചയും തുടർച്ചയായി അനുഭവപ്പെടുന്ന പ്രദേശത്തായിരുന്നു അവരുടെ ജീവിതം. കൂടുതലും ആദിവാസികളാണ് അവിടെ താമിസിക്കുന്നത്.
മാതാപിതാക്കൾ കഴിഞ്ഞാൽ ഡോ. വിഭയുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം ഡോ. സുശീല നയ്യാർ ആയിരുന്നു. മഹാത്മാ ഗാന്ധിയുടെ പേഴ്സണൽ ഡോക്ടർ. മഹാത്മാവു വെടിയേറ്റു മരിക്കുന്ന നിമിഷം വരെ അവർ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. സുശീല നയ്യാർ സ്ഥാപിച്ച മെഡിക്കൽ കോളജിലാണു വിഭയും പഠിച്ചത്. പ്രചോദിപ്പിച്ച മറ്റൊരാൾ ഡോ.കൗസല്യയാണ്. അറിയുന്ന എല്ലാവരും അമ്മ എന്നു വിളിക്കുന്ന സ്ത്രീ. സമ്പന്ന കുടുംബത്തിൽ ജനിച്ചിട്ടും സേവനം വ്രതമാക്കി ഗ്രാമീണ ഇന്ത്യ ജോലിക്കുവേണ്ടി തിരഞ്ഞെടുത്ത സ്ത്രീ. അവരുടെ ചിരിക്കുന്ന മുഖം ഒരിക്കലും വിഭയുടെ മനസ്സിൽനിന്നു മായില്ല.
ഒരു നഴ്സ് ആകുക എന്നതായിരുന്നു കുട്ടിക്കാലത്തെ ഏറ്റവും വലിയ ആഗ്രഹം. അമ്മയുടെ ഗൗൺ ധരിച്ചുകൊണ്ടുനടക്കും. ഒരു ദിവസം തന്റെ ആഗ്രഹം വിഭ അമ്മയോടു പറഞ്ഞു– നഴ്സ് ആകുക. നഴ്സ് ആയാൽ ഒരിക്കലും രോഗം കണ്ടുപിടിക്കുന്ന ജോലി ചെയ്യാൻ കഴിയില്ല. നഴ്സിനു നഴ്സിന്റെ ജോലി മാത്രമേ ചെയ്യാൻ പറ്റൂ. എന്നാൽ ഡോക്ടറായാൽ നഴ്സിന്റെയും ഡോക്ടറിന്റെയും ജോലി ഒരുമിച്ചു ചെയ്യാം – അമ്മയുടെ വാക്കുകൾ വിഭയുടെ തീരുമാനം പൊളിച്ചെഴുതി.
ഉത്തർപ്രദേശിലെ സൊൻഭദ്ര ജില്ലയിലാണ് ഇപ്പോൾ ഡോ. വിഭ താമിസിക്കുന്നത്. ബൻവാസി സേവാ ആശ്രമത്തിൽ ജോലി ചെയ്യുന്നു. വിദൂരഗ്രാമങ്ങളിൽനിന്നും ആശ്വാസം തേടിയെത്തുന്നവരാണ് ഇപ്പോൾ ഡോ.വിഭയെ കാണാൻ എത്തുന്നത്. ചതിക്കപ്പെടില്ല എന്നാണവരുടെ വിശ്വാസം. തങ്ങളുടെ രോഗം മാറുമെന്നും അവർ ഉറച്ചുവിശ്വസിക്കുന്നു. കുറച്ചുസമയത്തേക്കു മാത്രമായി ചികിൽസിക്കുക എന്നതൊന്നും നടക്കില്ല. മുഴുവൻ സമയവും ജോലി ചെയ്യേണ്ടിവരും– തന്റെ ഇപ്പോഴത്തെ ജോലിസമയത്തെക്കുറിച്ച് ഡോക്ടർ പറയുന്നു.
ഗ്രാമീണ ജനങ്ങൾക്കുവേണ്ടി ചെയ്യുന്ന സേവനത്തിന്റെ പേരിൽ പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാൻ പുരസ്കാരം അടുത്തിടെ ഡോ. വിഭയ്ക്കു ലഭിച്ചിരുന്നു.