പേമാരിയും കടൽക്ഷോഭവും ഒരുപോലെ ദുരിതത്തിലാക്കിയ തീരദേശവാസികൾക്ക് ആശ്വാസമായിരുന്നു കലക്ടർ അനുപമയുടെ സന്ദർശനം. വാക്കുപാലിച്ച് കലക്ടർ തങ്ങളുടെ താമസസ്ഥലത്തെത്തിയപ്പോൾ ആവേശത്തിലായിരുന്നു ജനങ്ങൾ. കലക്ടർക്കു മുന്നിൽ നടന്ന് വഴികാട്ടിയും ഒപ്പം നടന്ന് പരാതികൾ പറഞ്ഞും ഇത്രയും കാലം അനുഭവിച്ചുകൊണ്ടിരുന്ന സങ്കടങ്ങളുടെ കെട്ടുകൾ അവർ അഴിച്ചു. കൊടുങ്ങല്ലൂർ എറികാട് തീരദേശവാസികൾ അനുഭവിക്കുന്ന കഷ്ടതകൾ നേരിട്ടു കണ്ടു മനസ്സിലാക്കാനാണ് പേമാരി സംഹാരതാണ്ഡവമാടിയ ദിവസങ്ങളിലൊന്നിൽ കലക്ടർ അനുപമ തീരപ്രദേശത്തെത്തിയത്.
മുട്ടൊപ്പം വെള്ളത്തിൽ ജനപ്രതിനിധികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയുമൊപ്പം നടന്നു നീങ്ങുന്ന കലക്ടറുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നിറയുകയാണിപ്പോൾ. കൊടുംമഴയും വെള്ളപ്പൊക്കവും ദുരിതങ്ങൾ സൃഷ്ടിക്കുമ്പോൾ ദുരിതമനുഭവിക്കുന്നവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാൻ മനസ്സുകാട്ടിയ ഐഎഎസ് ഉദ്യോഗസ്ഥയെ അഭിനന്ദിക്കുകയാണ് ജനങ്ങൾ.
പ്രശ്നം ഉടനടി പരിഹരിക്കും എന്ന മോഹനവാഗ്ദാനം നൽകാതെ ആളുകൾക്ക് പറയാനുള്ളത് ക്ഷമയോടെ കേട്ട്, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയ ശേഷം പ്രശ്നത്തെക്കുറിച്ച് ആധികാരികമായി പഠിച്ച് അവയ്ക്ക് ശ്വാശ്വത പരിഹാരം കാണാനുള്ള മാർഗ്ഗങ്ങൾ തേടുന്ന രീതി പിന്തുടരുന്ന കലക്ടറെ തങ്ങൾക്ക് വിശ്വാസമാണെന്നാണ് കലക്ടരോട് പരാതി പറയാനെത്തിയ ഒരാൾ പ്രതികരിച്ചത്.
സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ 20–ാം തീയതി വരാമെന്നു പറഞ്ഞ കലക്ടർ മൂന്നു ദിവസം മുൻപേതന്നെ എത്തിയതിലുള്ള സന്തോഷമാണ് മറ്റൊരാൾ പ്രകടിപ്പിച്ചത്. തങ്ങളുടെ സങ്കടം കാണാൻ മറ്റാരുമില്ലെന്നും രാഷ്ട്രീയക്കാരെ തങ്ങൾക്കു വിശ്വാസമില്ലെന്നും പറഞ്ഞ ഒരു നാട്ടുകാരനെ തിരുത്താനും അനുപമ ഐഎഎസ് മറന്നില്ല.
ഉന്നത സ്ഥാനങ്ങളിൽ ജോലിചെയ്യുന്ന മേലുദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരും ചേരുന്ന ഒരു യോഗത്തിലെടുക്കുന്ന തീരുമാനം ഒരിക്കലും തങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരമാവില്ലെന്നും തങ്ങളിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ശ്വാശത പരിഹാരം വേണമെങ്കിൽ അത്തരം ചർച്ചകളിൽ തങ്ങൾക്കിടയിൽ നിന്നുള്ള ഒരു പ്രതിനിധി കൂടി വേണമെന്നുമാണ് മറ്റൊരു പ്രദേശവാസിയുടെ നിർദേശം.
കടൽഭിത്തിയുടെ അറ്റകുറ്റപ്പണി തീർക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ പുലിമുട്ടുകൾ സ്ഥാപിക്കുകയും ചെയ്താലെ വെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിക്കാനാകൂവെന്നായിരുന്നു മറ്റൊരാളുടെ നിർദേശം. വെള്ളക്കെട്ടുമൂലമുള്ള പ്രശ്നങ്ങളിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് തങ്ങളുടെ കുട്ടികളാണെന്നും അസുഖബാധിതരായ കുട്ടികൾക്ക് പലപ്പോഴും ചികിത്സ നിഷേധിക്കപ്പെടുന്നുണ്ടെന്നും അവർ പറയുന്നു. ദിവസവേതനക്കാരായ തങ്ങൾക്ക് മഴക്കാലമായതിൽപ്പിന്നെ ജോലിപോലുമില്ലെന്നും പട്ടിണിക്കും കഷ്ടപ്പാടിനുമിടയിൽ കുടുംബത്തിലെ കുഞ്ഞുങ്ങൾക്ക് അസുഖം കൂടി വന്നാൽ തങ്ങളെക്കൊണ്ടു താങ്ങാനാവില്ലെന്നും അവർ കലക്ടറോട് സങ്കടം പറഞ്ഞു.