Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ 250 അടി താഴേക്കു പതിച്ചു; 7 ദിവസത്തിനു ശേഷം യുവതി ജീവനോടെ രക്ഷപെട്ടു

accident-852

അവിശ്വസനീയമാണു ജീവിതം; ചിലപ്പോൾ ഒരു കെട്ടുകഥപോലെ വിശ്വസിക്കാനാവാത്തതും ആവേശകരവും. വലിയൊരു വാഹനാപകടത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ഒരു യുവതിയാണു സാക്ഷ്യപ്പെടുത്തുന്നത്. അമേരിക്കയിൽ കലിഫോർണിയ സ്വദേശി 22 വയസ്സുകാരിയായ യുവതിയുടെ അനുഭവം കേൾക്കുന്നവരും അംഗീകരിക്കും ജീവിതം ഒളിപ്പിച്ചുവച്ചിരിക്കുന്ന അദ്ഭുതങ്ങൾ. 

ഏഞ്ചല ഹെർണാണ്ടസ് എന്നാണു യുവതിയുടെ പേര്. വാഹനാപകടം നടന്നത് ജൂലൈ 6 ന്. പസഫിക് കടൽത്തീരത്തോടു ചേർന്നുകിടക്കുന്ന റോഡിലൂടെ വാഹനമോടിക്കുകയായിരുന്നു ഏഞ്ചല. കലിഫോർണിയയുടെ തെക്കൻ പ്രവിശ്യയിലേക്കായിരുന്നു യാത്ര. ഒരു ചെറിയ മൃഗം റോഡിലേക്കു കയറിയപ്പോൾ വാഹനം വെട്ടിച്ചതിനെത്തുടർന്നു നിയന്ത്രണം നഷ്ടപ്പെട്ടു. 250 – അടിയോളം താഴേക്കാണു വാഹനം പതിച്ചത്.

അതും അലറിക്കുതിക്കുന്ന തിരമാലകൾക്കു മുകളിലേക്ക്. വിജനമായ കടൽത്തീരത്തേക്ക്. അടുത്ത ഏഴുദിവസം ഒരാളുടെയും കണ്ണിൽപ്പെടാതെ യുവതി പരുക്കുകളോടു മല്ലടിച്ചും കടൽത്തിരകളോടു പോരാടിയും ജീവൻ നിലനിർത്തി കിടന്നു. ഒടുവിൽ രണ്ടു രക്ഷാപ്രവർത്തകർ ജീവനോടെ യുവതിയെ കണ്ടെത്തി. കുത്തനെ മറിഞ്ഞ വാഹനത്തിൽനിന്നു മാരകമായ പരുക്കുകളോടെ രക്ഷപ്പെട്ട ഏഞ്ചല രണ്ടുദിവസത്തിനുശേഷം തന്റെ അനുഭവം ഫെയ്സ്ബുക്കിൽ എഴുതി. അവിശ്വനീയമായ അനുഭവകഥ വായിച്ചവർ പങ്കുവച്ച് തരംഗവുമായി. 

വീഴ്ചയെക്കുറിച്ച് എനിക്കു വലിയ ഓർമയൊന്നുമില്ല– ഏഞ്ചല ഫെയ്സ്ബുക്കിൽ എഴുതി. ബോധം വന്നപ്പോൾ ഞാൻ കാറിൽത്തന്നെയായിരുന്നു. തിരകൾ മുട്ടിനു മുകളിലേക്കു കയറുന്നതു ഞാനറിഞ്ഞു. തല മുറിഞ്ഞു കൈ വച്ചു നോക്കിയപ്പോൾ രക്തം ഒലിക്കുന്നു. തലയിലേറ്റ പരുക്കിനെത്തുടർന്നു മസ്തിഷ്ക രക്തസ്രാവമുണ്ടായി, കൈകാലുകളിൽ ഒടിവുണ്ടായി. രണ്ടു കണ്ണുകളിലേയും ഞരമ്പുകൾ തടിച്ചുവീർത്തു. മുഖത്തും ശരീരത്തിൽ മുഴുവനും മുറിവുകൾ. 

ഇത്തരമൊരു അവസ്ഥയിലും ഏഴു ദിവസം ശുഭപ്രതീക്ഷയോടെ ജീവിച്ച യുവതി അദ്ഭുതം തന്നെയാണെന്നു സാക്ഷ്യപ്പെടുത്തുന്നു ഡോക്ടർമാരും പൊലീസുകാരും രക്ഷാപ്രവർത്തകരും ഒരേസ്വരത്തിൽ.വീഴ്ചയുടെ ആഘാതത്തിൽ കാറിന്റെ വാതിലുകളെല്ലാം അടഞ്ഞു. വാഹനത്തിൽ സൂക്ഷിച്ചിരുന്ന ഒരു ഉപകരണത്തിന്റെ സഹായത്തോടെ ഡ്രൈവറുടെ വശത്തുള്ള ഗ്ലാസ് പൊട്ടിച്ചാണ് രക്ഷപെട്ടത്. ശരീരത്തിലെ എല്ലുകളെല്ലാം ഒടിഞ്ഞെങ്കിലും തന്റെ സഹോദരിയുടെ മുഖം മനസ്സിൽ ഓർത്ത് ഏഞ്ചല ഉറക്കെ കരഞ്ഞുവിളിച്ചു.

കാറിൽനിന്നു രക്ഷപ്പെട്ട് തീരത്തേക്ക് നടന്നെത്തിയപ്പോഴേക്കും വീണുപോയി. എഴുന്നേൽക്കാനാവാതെ കിടന്ന് ഉറങ്ങി. എത്ര മണിക്കൂറുകളെന്നോ ദിവസങ്ങളെന്നോ ഓർമയില്ലാതെ. ഒടുവിൽ ഉണർന്നപ്പോൾ ചുറ്റും പ്രകാശം. അപ്പോഴാണ് ഏയ്ഞ്ചല എന്താണു സംഭവിച്ചതെന്നു ബോധവതിയാകുന്നത്. എഴുന്നേറ്റതിനുശേഷം പതുക്കെ നടന്നു. കാറിന്റെ മുകൾഭാഗം നഷ്ടപ്പെട്ടിരുന്നു. വാഹനത്തിൽ വെള്ളം സൂക്ഷിച്ചിട്ടുണ്ട്. പക്ഷേ, അത്രയും ദൂരം നടന്ന് വെള്ളമെടുത്തു കുടിക്കാനുള്ള ആരോഗ്യം ഇല്ല. കടൽത്തീരത്തു കൂടി നടന്ന് റോഡിലേക്ക് എത്താൻ പാടുപെട്ടു. ചുട്ടുപഴുത്ത മണലിലൂടെ പാദരക്ഷകളില്ലാതെ നടക്കുക അസാധ്യമായിരുന്നു. വാഹനയാത്രക്കാരുടെ ശ്രദ്ധ ആകർഷിക്കുകയായിരുന്നു ലക്ഷ്യം. 

ഉച്ചത്തിൽ കരയാനും അലറിവിളിക്കാനും ശ്രമിച്ചു. പക്ഷേ, ചെറിയൊരു ശബ്ദം മാത്രമാണു പുറത്തുവന്നത്. അപകടം നടന്ന് മൂന്നുദിവസമായപ്പോഴേക്കും നിർജലീകരണത്താൽ തളർന്നു. ധരിച്ചിരുന്ന ജീൻസ് ഏതാണ്ടു മുഴുവനായി കീറിപ്പോയിരുന്നു. വാഹനത്തിനു സമീപം എങ്ങനെയോ ഇഴഞ്ഞെത്തി. സൂക്ഷിച്ചുവച്ചിരുന്ന ഒരു പൈപ്പുമെടുത്ത് മലഞ്ചെരിവിൽവന്നു. ചെറിയ വെള്ളച്ചാട്ടത്തിൽനിന്നു ജലം ശേഖരിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ ഇതായി പതിവ്. രാത്രിയിൽ എങ്ങനെയോ മലഞ്ചെരിവിൽ എത്തും. രാവിലെ എഴുന്നേറ്റ് സഹായത്തിനുവേണ്ടി ഉറക്കെ വിളിക്കും. 

ഓരോ ദിവസം കഴിയുന്തോറും ജീവിതം കഠിമായിക്കൊണ്ടിരുന്നു. പക്ഷേ പ്രതീക്ഷ വിടാതെ ഏഞ്ചല കാത്തിരുന്നു. രക്ഷപ്പെട്ടതിനുശേഷം കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണസാധനങ്ങളെക്കുറിച്ചു കിനാവു കണ്ടു. രക്ഷപ്പെടുത്താൻവേണ്ടി വരുന്നവരുടെ മുഖങ്ങൾ മനസ്സിലോർത്തു. ജീവിതത്തിൽ അതുവരെ കേട്ടിട്ടില്ലാത്ത പാട്ടുകൾ തലയിൽ അലയടിച്ചതു മാത്രം ബാക്കി. 

കടൽത്തീരത്തെ അവസാന ദിവസം ഏഞ്ചലയുടെ മനസ്സിൽനിന്നു മാഞ്ഞുപോയിട്ടില്ല. തീരത്തുകൂടി ഒരു സ്ത്രീ നടക്കുന്നതുകണ്ടു. സ്വപ്നമാണെന്നാണു കരുതിയത്. സഹായിക്കൂ എന്നു വിളിച്ചുകൊണ്ട് എല്ലാ ശക്തിയുമെടുത്ത് ഓടി. ആ സ്ത്രീയോടൊപ്പം ഒരു പുരുഷനുമുണ്ടായിരുന്നു. അവർക്കു സ്വന്തം കണ്ണുകളെ ഒരുനിമിഷം വിശ്വസിക്കാനായില്ല. അവരുടെ സഹായത്തോടുകൂടി തിരിച്ചുവന്നു യുവതി നഷ്ടപ്പെട്ടുവെന്നു കരുതിയ ജീവിതത്തിലേക്ക്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം കിട്ടിയ പ്രതീതി.  ആശുപത്രി കിടക്കിയിലാണ് ഇപ്പോൾ ഏഞ്ചല. കഴിഞ്ഞുപോയതിനെക്കുറിച്ചോർത്ത് സഹോദരിയും ഏഞ്ചലയും ചിരിക്കാറുണ്ട്. ശരീരം വേദനിക്കുന്നതുവരെ.