സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് നിരന്തരം വാർത്തകൾ പുറത്തു വരുന്ന സാഹചര്യത്തിലാണ് ഉലകനായകൻ കമലഹാസന്റെ നായികയായ പൂജകുമാർ പ്രതികരിച്ചത്. വിശ്വരൂപം, ഉത്തമവില്ലൻ എന്നീച്ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികയാണ് പൂജ. കാസ്റ്റിങ് കൗച്ചിന് തങ്ങൾ ഇരയായിട്ടില്ലെന്ന് തുറന്നു പറഞ്ഞ നായികമാരിലൊരാളാണ് പൂജ.
സിനിമാ മേഖലയിൽ ലൈംഗിക ചൂഷണത്തിന് ഇരയായവരെക്കുറിച്ച് തീർച്ചയായും സംസാരിക്കണമെന്നും ഇപ്പോൾ ഇരകളായവർ അനുഭവിക്കുന്ന മാനസിക വേദനകളിലൂടെ കടന്നുപോകാൻ ഭാവിയിൽ സിനിമയിലേക്കെത്തുന്ന പെൺകുട്ടികൾക്ക് ഇടവരാതിരിക്കാൻ അത് അത്യാവശ്യമാണെന്നും പൂജ പറയുന്നു. ഒരു പാഷനുണ്ടെങ്കിൽ അതു സ്വന്തമാക്കാൻ വിട്ടുവീഴ്ചകൾക്ക് തയാറാവരുതെന്നും മറ്റുള്ളവരുടെ മോശമായ ഡിമാന്റുകൾ അംഗീകരിച്ചുകൊണ്ടാവരുത് ലക്ഷ്യത്തിലെത്താനെന്നും കഠിനപ്രയത്നം ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ ലക്ഷ്യത്തിൽ എത്തുക തന്നെചെയ്യുമെന്നുമാണ് പൂജ പറയുന്നത്.
വിട്ടുവീഴ്ച ചെയ്തവരും കാസ്റ്റിങ് കൗച്ചിന് വിധേയരായവരും തീർച്ചയായും അതിനെക്കുറിച്ച് തുറന്നു പറയാൻ തയാറാകണമെന്നും യഥാർഥ്യബോധത്തിലേക്ക് സമൂഹത്തെ ഉണർത്താനും സ്ത്രീകൾക്ക് സുരക്ഷിതമായി ജോലിചെയ്യാവുന്ന ഒരിടമായി സിനിമാമേഖലയെ മാറ്റാനും ആ തുറന്നു പറച്ചിലുകൾക്കാകുമെന്നും പൂജ പറയുന്നു.