Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻവിധിയോടെ സീറ്റ് നിഷേധിച്ചവർ അറിയണം; ഐവിയുടെ അദ്ഭുതകഥ

passengers-01

മുംബൈയുടെ ജീവനാഡിയായ ലോക്കൽ ട്രെയിനുകളിൽ ഓരോ ദിവസവും സഞ്ചരിക്കുന്നത് ആയിരക്കണക്കിനു യാത്രക്കാർ. ജോലി ചെയ്യുന്നവർ; ജോലി തേടുന്നവർ. ഉയർന്ന ജോലിയും സാമ്പത്തികസ്ഥിതിയുമുള്ളവർ; ഭക്ഷണത്തിനുള്ള തുച്ഛമായ പൈസ പോലും കിട്ടാത്തവർ. ലക്ഷാധിപതികൾ; യാചകർ. ഇന്ത്യൻ സമൂഹത്തിന്റെ പരിഛേദം തന്നെയാണ് ഓരോ കംപാർട്ട്മെന്റും.

ഇക്കഴിഞ്ഞ ദിവസം ലോക്കൽ ട്രെയിനിൽ സഞ്ചരിക്കവെ, സാക്ഷിയായ ഒരു അനുഭവം ഒരു യുവതി ട്വിറ്ററിലൂടെ പങ്കുവച്ചു. ട്രെയിനിലും ബസിലുമൊക്കെ ഒരിക്കലെങ്കിലും സഞ്ചരിച്ചിട്ടുള്ളവർക്കുപോലും പരിചിതമായ ഒരു സാഹചര്യം. അനുഭവങ്ങളേറെയുണ്ടായിട്ടും മനസ്സിലാക്കാതെപോയ സത്യം. പോസ്റ്റ് ചെയ്ത ഉടൻ വൈറലായ യുവതിയുടെ അനുഭവത്തിലുണ്ട് ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങളിലൊന്ന്. ദീപിക ഡി നായിക് എന്നാണു യുവതിയുടെ പേര്. 

മുംബൈയിലെ ചർച്ച്ഗേറ്റിലേക്കു പോകുന്ന ട്രെയിനിൽ വിരാറിൽനിന്നാണു യുവതി കയറുന്നത്. പതിവുപോലെ നല്ല തിരക്ക്. എല്ലാ സീറ്റിലും യാത്രക്കാരുണ്ട്.  ഒരു വയോധിക സീറ്റ് തേടി വരുന്നു. മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ. വാരിവലിച്ചുടുത്തിരിക്കുന്ന വസ്ത്രങ്ങൾ. കയ്യിലുള്ള സഞ്ചിയിൽ കുറച്ചധികം വസ്ത്രങ്ങൾ. അവർക്കിരിക്കാൻ അധികം സ്ഥലമൊന്നും വേണ്ട. ഒരു കൊച്ചുകുട്ടിക്ക് ആവശ്യമുള്ള സ്ഥലം മാത്രം. അൽപമൊന്നു നീങ്ങിയിരുന്നാൽ എനിക്കുകൂടി ഇരിക്കാമായിരുന്നു എന്നവർ ഒരു സീറ്റിലിരുന്ന സ്ത്രീകളോടു പറഞ്ഞു. ഇരിക്കുന്നവരാകട്ടെ കാലുകൾ ഇനി അകറ്റാനേ ആവില്ലെന്ന മട്ടിൽ അകറ്റിവച്ച്, ഒരുറുമ്പിനു കൂടി ഇനി സ്ഥലമില്ലെന്ന മട്ടിലാണ് ഇരിക്കുന്നത്.

ഫെവിക്കോൾ കൊണ്ട് ഒട്ടിച്ചുവച്ചതുപോലെയാണവർ ഇരിക്കുന്നത്. ഒന്നു നീങ്ങാൻ, അനങ്ങാൻ പോലും അവർ തയാറല്ല. കാലുകൾ ഒന്നടുപ്പിച്ചുവച്ചാൽ ആ സ്ത്രീക്കു കൂടി ഇരിക്കാം. സഹകരിക്കാമോ എന്നു ദീപിക യാത്രക്കാരോടു ചോദിച്ചു. അങ്ങോട്ടുമിങ്ങോട്ടും അനാവശ്യമായ ഒരു ചർച്ച നടത്തിയതിനുശേഷം അവർ നീങ്ങിയിരിക്കാൻ സമ്മതിച്ചു. അപ്പോഴുമവർ വയോധികയെ ഇഷ്ടപ്പെടാതെ നോക്കുന്നുണ്ട്. ആ സ്ത്രീയുടെ വേഷവിധാനവും നിൽപ്പും ഭാവവുമൊന്നും ആർക്കും ഇഷ്ടപ്പെടുന്നില്ല.

ദീപികയുടെ അടുത്തുതന്നെ അവരെ ഇരുത്തണം എന്ന വ്യവസ്ഥയിൽ അവർ നീങ്ങിയിരുന്നു. ദീപികയ്ക്കു സങ്കടം തോന്നി. തന്റെ അടുത്തിരുന്ന വയോധികയെ ദീപിക ആശ്വസിപ്പിച്ചു. സങ്കടപ്പെടരുതെന്നു പറഞ്ഞു. അതിനു മറുപടിയായി വയോധിക പറഞ്ഞു: എനിക്കു വിഷമമൊന്നും തോന്നുന്നില്ല. അവരുടെ അഭിപ്രായങ്ങൾക്കും നോട്ടത്തിനും ഈ യാത്രയുടെ ഒരു മണിക്കൂറിന്റെ ആയുസ്സേയുള്ളൂ. അവരുടെ കാഴ്ചപ്പാടുകൾ എന്റെ 65 വർഷത്തെ യാത്രാനുഭവത്തെ മാറ്റില്ല. 

ദീപിക എഴുതുന്നു: 

ഞാൻ ശരിക്കും ഭാഗ്യവതിയാണ്. അതുകൊണ്ടല്ലേ ആ സ്ത്രീ എന്റെ അടുത്തുതന്നെ വന്നിരുന്നത്. കംപാർട്ട്മെന്റിൽ നല്ല വസ്ത്രങ്ങളണിഞ്ഞ്, സുഖമായിരുന്നു യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അറിയാത്ത കുറച്ചു കാര്യങ്ങളുണ്ട്. ഇവർ അറിയുന്നില്ല ഈ വയോധിക ചെറുപ്പത്തിൽ ഒരു സംസ്ഥാനത്തെ പ്രതിനിധീകരിച്ച  ഹോക്കി കളിക്കാരിയായിരുന്നു എന്നത്. യാത്രക്കാരുടെ വെറുപ്പും വിദ്വേഷവും ഏറ്റുവാങ്ങുന്ന ഈ വയോധിക ഇന്ത്യയുടെ ഫ്രഞ്ച് എംബസിയിൽ‌ ജോലി ചെയ്തിരുന്നുവെന്ന്. വൃത്തികെട്ട വസ്ത്രങ്ങളണിഞ്ഞ് യാത്ര ചെയ്യുന്ന ഈ വയോധിക ഒരു മോഡലായിരുന്നു എന്ന്. ഇന്നു ദുർബലയും ക്ഷീണിതയുമായി കാണപ്പെടുന്ന ഈ സ്ത്രീ തന്റെ ഭർത്താവും ഏകമകളും അകാലത്തിൽ മരിച്ചിട്ടും സന്തോഷത്തോടെ ജീവിക്കുന്നവരാണ് എന്ന്. ഒന്നിരിക്കാൻ അൽപം സ്ഥലത്തിനുവേണ്ടി യാചിക്കുന്ന ഈ സ്ത്രീ 1940 മുതൽ ലോക്കൽ ട്രെയിനുകളിലെ സ്ഥിരം യാത്രക്കാരിയാണ് എന്ന്. 

ഈ പ്രായത്തിൽ വീട്ടിലിരുന്നുകൂടെ എന്ന അക്ഷേപം കേൾക്കുന്ന ഈ വയോധിക ദിവസവും വിരാറിൽനിന്നും ബാന്ദ്രയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാൻവേണ്ടിയാണെന്ന്. ഇപ്പോൾ ചെറുപ്പക്കാരികളായിരിക്കുന്ന ഈ സ്ത്രീകൾക്കും ഒരിക്കൽ പ്രായമാകുമെന്നും സംരക്ഷണത്തിനുവേണ്ടി കേഴുമെന്നും ഇവർ അറയുന്നില്ലല്ലോ. പുറംചട്ട മാത്രം നോക്കി പുസ്തകത്തെ വിലയിരുത്തുന്ന വായനക്കാരെ  കാത്തിരിക്കുന്ന അതേ വിധിതന്നെയാണ് ഇവരെയും കാത്തിരിക്കുന്നത്.

ഈ സ്ത്രീയോടൊപ്പെ ഒരു സെൽഫി എടുക്കാതിരിക്കാൻ എനിക്കു കഴിയുന്നില്ല. അതിവിടെ പോസ്റ്റ് ചെയ്യുന്നു. ഒപ്പം എന്റെ മനസ്സിൽ തോന്നിയ വികാരങ്ങളും. ഞങ്ങൾക്കു വേർപിരിയേണ്ട സമയമായി. എന്റെ കണ്ണുകളിലെ ചോദ്യം മനസ്സിലായെന്നപോലെ അവർ പറഞ്ഞു: പല ചെടികളിൽ ഒന്നുമാത്രമാണ് ‘ഐവി’. സ്കൂളിൽ കുട്ടി പഠിച്ചിട്ടില്ലേ ? ( ഐവി എന്നാണ് വയോധികയുടെ പേര്). ചില ആളുകളെ പരിചയപ്പെടാൻ അവസരം ഒരുക്കുന്നതു ദൈവമാണ്. ഞാനും ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൾ....

ദീപിക പറഞ്ഞ കഥ ഇവിടെ തീരുന്നില്ല. കഥയുടെ ക്ലൈമാക്സ് ഇനിയാണ്. പോസ്റ്റ് വായിച്ച ഒരാൾ ദുബായിൽനിന്നു ഫെയ്സ്ബുക്കിൽ ദീപികയ്ക്ക് എഴുതിയ കത്തു കൂടി വായിക്കുക. 

ഹായ് ദീപിക, 

ട്രെയിനിൽ നിങ്ങളോടൊപ്പം യാത്ര ചെയ്ത സ്ത്രീയെക്കുറിച്ചാണ് എനിക്കു പറയാനുള്ളത്. കുടുതൽ എഴുതുന്നതിനുമുമ്പ് എന്റെ അഭിനന്ദനം സ്വീകരിക്കുക. കാരണം നിങ്ങൾ അടുത്തിരിത്തിയതും സ്നേഹത്തോടെ സംസാരിച്ചതും എന്റെ അമ്മായിയെയാണ്. എന്റെ മരിച്ചുപോയ അമ്മായിയുടെ സഹോദരി. ഐവി അമ്മായി. അവർ നിങ്ങളോടു പറഞ്ഞതെല്ലാം സത്യമാണ്. ഈ പ്രായത്തിലും നിരന്തരം സഞ്ചരിക്കുന്ന അധ്വാനിക്കുന്ന സ്ത്രീയാണവർ. എന്റെ അമ്മയുടെ സഹോദരിയാണ് നിങ്ങളുടെ പോസ്റ്റ് വായിക്കാൻ എന്നോടു പറഞ്ഞത്. യാത്രക്കാർ അമ്മായിയോടു പെരുമാറിയ രീതിയെക്കുറിച്ചു വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. 

ഐവി അമ്മായി..ഞാൻ അങ്ങനെയാണവരെ വിളിച്ചിരുന്നത്. അവർ ശക്തയായ ഒരു സ്ത്രീ തന്നെയാണ്. 1998–ലാണ് അമ്മായിക്ക് 21 വയസ്സുകാരി മകളെ നഷ്ടപ്പെടുന്നത്. അന്നു ഞാൻ ആറാം ക്ലാസിലോ മറ്റോ പഠിക്കുകയാണ്. അതിനും മുമ്പേ അമ്മായിയുടെ ഭർത്താവു മരിച്ചിരുന്നു. അന്നുമുതൽ അവർ ഒറ്റയ്ക്കാണു ജീവിക്കുന്നത്. ബന്ധുക്കളുടെ പതിവു സന്ദർശനങ്ങളൊക്കെയുണ്ടെങ്കിലും. ഇപ്പോൾ 80 വയസ്സിൽ കൂടുതൽ കാണും അമ്മായിക്ക്. പക്ഷേ അധ്വാനമാണവരെ ജീവിപ്പിച്ചുനിർത്തുന്നത്. ചിത്രം കണ്ടപ്പോൾ എനിക്കു കരച്ചിൽ നിയന്ത്രിക്കാനാകുന്നില്ല. കുറേ നാളായി ഞാൻ ദുബായിലാണ്. അമ്മായിയെ കണ്ടിട്ടു വർഷങ്ങളായി. ഇപ്പോൾ ഇങ്ങനെയൊരു ചിത്രം കാണാൻ കഴിഞ്ഞല്ലോ. സന്തോഷം. ദീപിക, നിങ്ങളുടെ നന്മയ്ക്ക് ഒരിക്കൽക്കൂടി കൂപ്പുകൈ. ദൈവത്തിന്റെ അനുഗ്രഹം എന്നും നിങ്ങൾക്കുണ്ടാകട്ടെ !