പ്രിയങ്ക ചോപ്രയുടെ ആരാധകര്‍ക്കു സന്തോഷവാര്‍ത്ത. ബോളിവുഡിലെ വിജയത്തെത്തുടര്‍ന്നു ഹോളിവുഡിലേക്കു പോയ നടി തിരിച്ചെത്തുന്നു. ശക്തമായ കഥാപാത്രവുമായാണ് ഇത്തവണ പ്രിയങ്ക വരുന്നത്. ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ അനുഭവങ്ങളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്ന കഥ. രോഗങ്ങളോടു മല്ലിട്ട് അകാലത്തില്‍ അസ്തമിച്ച െഎഷ ചൗധരി എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് പ്രിയങ്കയുടെ പുതിയ സിനിമയുടെ പ്രമേയം-ദ് സ്കൈ ഈസ് പിങ്ക്.
തിരക്കഥയെഴുതുന്നതു ഷൊണാലി ബോസ്. ഫര്‍ഹാന്‍ അക്തറും സൈറ വാസിമും ഉണ്ടാകും പ്രിയങ്കയ്ക്കൊപ്പം ദ് സ്കൈ ഇസ് പിങ്കില്‍. െഎഷയുടെ വേഷത്തില്‍ സൈറ എത്തുമ്പോള്‍ െഎഷയുടെ അമ്മയുടെ വേഷത്തിലാണു പ്രിയങ്ക എത്തുന്നത്. രോഗങ്ങളില്‍ തളര്‍ന്നുപോയൊരു പെണ്‍കുട്ടിക്കു താങ്ങായി നിന്ന, അവള്‍ക്കു വേണ്ടി ജീവിച്ച, അവളില്ലാത്ത ലോകത്തും അവളുടെ ചൈതന്യം പ്രസരിപ്പിക്കുന്ന ധീരയായ അമ്മ.
എഴുത്തുകാരിയും പ്രചോദനാത്മക പ്രഭാഷകയും ആയിരുന്ന െഎഷ ചൗധരിയുടെ ജീവിതം രോഗബാധിതര്‍ക്കും രോഗമില്ലാത്തവര്‍ക്കും ഒരുപോലെ പ്രചോദനം പകരുന്നതും ജീവിതത്തിലെ സൗന്ദര്യവും ശക്തിയും തിരിച്ചുപിടിക്കുന്നതുമാണ്. അകാലത്തില്‍ അസ്മതിച്ചെങ്കിലും ഇന്നും പ്രഭ വിതറുന്ന ജീവിതം. ആ ജീവിതമാണു പിങ്ക് നിറമുള്ള ആകാശത്തിന്റെ പ്രമേയം.
ഐഷ- ഇരുട്ടിലെ വെളിച്ചം
ആറു മാസം മാത്രം പ്രായമുള്ളപ്പോള്‍ മാരക രോഗത്തിന്റെ അടിമയായി െഎഷ. പ്രതിരോധ ശേഷിയെ ബാധിക്കുന്ന സിവിയര്‍ കംബൈന്‍ഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി എന്ന രോഗാവസ്ഥ. തുടര്‍ന്ന് മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി. െഎഷയ്ക്കു ബാധിച്ചതുപോലുള്ള രോഗം ബാധിച്ചാല്‍ ജീവിച്ചിരിക്കുക തന്നെ അപൂര്‍വം. പ്രതിരോധശേഷി ഇല്ലാത്തതിനാല്‍ ചെറിയ അസുഖങ്ങള്‍പോലും ഗുരുതരമാകാം. ഒരു ചെറിയ പനി പോലും മരണത്തിനു കാരണമാകാം.
രോഗക്കിടക്കിയില്‍ മകളുടെ കൂടെ നിഴലായി ഉണ്ടായിരുന്നു അദിതി ചൗധരി-െഎഷയുടെ അമ്മ. മജ്ജ മാറ്റിവച്ചില്ലെങ്കില്‍ ഒരുവര്‍ഷത്തിലധികം െഎഷ ജീവിച്ചിരിക്കില്ലെന്നാണു ഡോക്ടര്‍ പറഞ്ഞത്. ശസ്ത്രക്രിയ നടത്തിയാലും വലിയ പ്രതീക്ഷയൊന്നും വേണ്ട. പക്ഷേ, ശസ്ത്രക്രിയ നടത്തി െഎഷ. ഇംഗ്ലണ്ടില്‍വച്ച്. അതു വിജയമായി. പക്ഷേ, കൂടുതല്‍ മാരകമായ മറ്റൊരു രോഗത്തിന്റെ പിടിയിലായി ആ കൊച്ചുപെണ്‍കുട്ടി. പള്‍മണറി ഫൈബ്രോസിസ്. ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗം. രോഗം കണ്ടുപിടിച്ചതു 2010 ജനുവരിയില്‍.
ശ്വാസകോശത്തിനു 35 ശതമാനം കഴിവു മാത്രം. നടക്കാനും സ്റ്റെപ് കയറാനുമൊക്കെ ബുദ്ധിമുട്ട്. പെട്ടെന്നു കിതയ്ക്കും. തളര്‍ന്നുപോകും. ഇതേസമയത്ത്, മറ്റൊരു ദുരന്തം കൂടി കാത്തിരിക്കുന്നുണ്ടായിരുന്നു െഎഷയെ. കൂട്ടുകാരികളും അവളെ ഉപേക്ഷിച്ചു. കൗമാരത്തില്‍ സുഹൃത്തുക്കള്‍ ഉപേക്ഷിച്ചുപോയൊരു പെണ്‍കുട്ടിയുടെ ഏകാന്തത ഊഹിക്കാവുന്നതേയുള്ളൂ. എന്നാലും തളരാന്‍ തയ്യാറായില്ല. 14-ാം വയസ്സില്‍ ഒരു പ്രസംഗത്തിനുള്ള ക്ഷണം െഎഷ സ്വീകരിച്ചു. എനിക്കിതു കഴിയില്ല എന്നേ എല്ലാരും കരുതൂ..അതുകൊണ്ടുതന്നെ ഞാനിതു ചെയ്യും- അതായിരുന്നു ആ പെണ്‍കുട്ടിയുടെ ആത്മവിശ്വാസം. അതു വഴിത്തിരിവായി. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടു പോകാനുള്ള തീരുമാനം. അതോടൊപ്പം ചിത്രം വരയ്ക്കാന്‍ തുടങ്ങി. ആശയങ്ങള്‍ എഴുതിവച്ചു. ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും പ്രയോജനപ്പെടുത്തുക.
മരണം വരുമ്പോള്‍ വരട്ടെ; അതുവരെ ചിരിക്കാമല്ലോ...
ആത്യന്തിക സത്യമാണു മരണം. ഒളിച്ചോടാനാവാത്ത യാഥാര്‍ഥ്യം. എനിക്കു ചെയ്യാവുന്നത് സന്തോഷത്തോടെയിരിക്കുക എന്നതു മാത്രം. അതിനു ഞാന്‍ ഒരുങ്ങിക്കഴിഞ്ഞു - െഎഷ എഴുതി. ചുറ്റും കൂടിയ സദസ്സിനോട് ആത്മാര്‍ഥത തുളുമ്പുന്ന ശബ്ദത്തില്‍ െഎഷ പറയുകയും ചെയ്തു. അവളുടെ വാക്കുകള്‍ സ്വീകരിക്കപ്പെട്ടു. അംഗീകരിക്കപ്പെട്ടു. കൈയടികള്‍ തേടിയെത്തി.
മകളില്‍നിന്നു പഠിച്ച മൂന്നു പാഠങ്ങളെക്കുറിച്ച് െഎഷയുടെ പിതാവ് നിരേന്‍ ഓര്‍മിക്കുന്നുണ്ട്: സമൂഹത്തോടുള്ള സേവനം. നന്ദി. പ്രതിസന്ധികളെ ധീരമായി നേരിടുക എന്ന പോസിറ്റീവ് മനോഭാവം. 2014 ഫെബ്രുവരി. െഎഷയുടെ ജീവിതം കിടക്കയില്‍തന്നെയായി. ജീവിതം, മരണം, സന്തോഷം, ദുഃഖം എന്നിവയെക്കുറിച്ച് തത്വചിന്താപരമായി സംസാരിക്കുമായിരുന്നു അക്കാലത്ത് ആ കൗമാരക്കാരി- അമ്മ അദിതി ഓര്‍മിക്കുന്നു. എന്നും െഎഷ പറയുന്ന ഗൗരവമുള്ള കാര്യങ്ങള്‍ എഴുതാന്‍ അദിതി നിര്‍ബന്ധിച്ചു.
എന്തിനെഴുതണം. ആര്‍ക്കുവേണ്ടി. ആരെങ്കിലും വായിക്കുമോ..െഎഷയുടെ സംശയങ്ങള്‍. നോട്സ് ടു മൈസെല്‍ഫ് എന്ന പുസ്കകം അമ്മ െഎഷയ്ക്കു കൊടുത്തു. ദശലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം. ഇതിലും നന്നായി എനിക്കെഴുതാം-െഎഷ പറഞ്ഞു. എഴുന്നേല്‍ക്കാനാവാതെ കിടക്കയില്‍ കിടന്നുകൊണ്ട് തന്റെ ചിന്തകള്‍ െഎഷ മൊബൈല്‍ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. ആ വാക്കുകള്‍ പിന്നീടു പുസ്തകമായി- മൈ ലിറ്റില്‍ എപിഫനീസ്. 2015 ജനുവരിയില്‍ പ്രകാശനം. പുസ്തകം വെളിച്ചം കണ്ടു. െഎഷയുടെ ചിന്തകള്‍ക്ക് അക്ഷരരൂപം. പക്ഷേ, മണിക്കൂറുകള്‍ക്കകം െഎഷ അവസാന ശ്വാസം വലിച്ചു. ഷൊണാലി ബോസിന്റെ കഥയിലൂടെ െഎഷ വെള്ളിത്തിരയില്‍ എത്താന്‍ കാത്തിരിക്കാം; അമ്മവേഷത്തില്‍ കരുത്തോടെ പ്രിയങ്കയും