സിലിക്കൺ വാലിയിൽ ലോകത്തെ ഉന്നത ടെക് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർമാരുടെ കോൺഫറൻസ്. ചൈനയിലെ ഷാങ്ഹായ് ആസ്ഥാനമായ മുൻനിര കമ്പനി സ്ട്രീപ് (Ctrip) വനിത സിഇഒ ജെയ്ൻ സണും പങ്കെടുക്കുന്നു. മറ്റു കമ്പനികളുടെ സിഇഒമാർ ഉൾപ്പെടെ പലരും വിചാരിച്ചത് ജെയ്ൻ ഭർത്താവിന്റെ കൂടെ എത്തിയ വ്യക്തി മാത്രമാണെന്ന്. ഏഷ്യയിലെ ഏറ്റവും വലിയ ട്രാവൽ പ്ലാറ്റ്ഫോം ഒരുക്കുന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ അവസ്ഥയാണ് ജെയ്ൻ പറയുന്നത്.
സമ്മേളനത്തിനിടെ കാനഡ സന്ദർശിക്കുമ്പോൾ പലരും ഭർത്താവിനോട് എന്തു തരം ജോലിയാണ് ചെയ്യുന്നതെന്നു ചോദിക്കുന്നുണ്ട്. ജെയ്‌നിനോടു ചോദ്യങ്ങളൊന്നുമില്ല. കാരണം അവരൊരു വനിത. ഉന്നത ഉദ്യോഗസ്ഥനെ അനുഗമിക്കുന്ന വ്യക്തി മാത്രം. വനിതകളെക്കുറിച്ചുള്ള യാഥാർഥ്യം തിരിച്ചറിയാതെ ഇന്നും ജീവിക്കുന്നവരുണ്ടെന്ന് ജെയ്ൻ മനസ്സിലാക്കുന്നു. ലോകത്തിലെ മുൻനിര സ്ഥാപനങ്ങളിലൊന്നിന്റെ മേധാവി ആണെങ്കിലും വനിത ആയതിന്റെ പേരിൽ തനിക്ക് അനുഭവിക്കേണ്ടിവരുന്ന വിവേചനത്തിന്റെ ഉദാഹരണങ്ങളാണ് ജെയ്ൻ നിരത്തുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള, ആദ്യത്തെ അഞ്ചു സ്ഥാപനങ്ങളിൽ ഒന്നിന്റെ മേധാവിക്കു പോലും നേരിടേണ്ടിവരുന്ന രണ്ടാംതരം സമീപനം.
ഇതിനെ വിവേചനം എന്നു പറയാനാവില്ല. വനിതയാണെങ്കിൽ നിങ്ങൾ ഒരാളുടെ ഭാര്യയാണ്. അബോധമായെങ്കിലും അങ്ങനെയൊരു ധാരണയ്ക്കാണു മേധാവിത്വം– ജെയ്ൻ പറയുന്നു. പെരുമാറ്റത്തിലും സമീപനത്തിലും വിവേചനം സഹിക്കേണ്ടിവന്നുവെങ്കിലും സണിന്റെ ആത്മവിശ്വാസം കുറഞ്ഞിട്ടില്ല. ഇച്ഛാശക്തി തകർന്നില്ല. സ്ത്രീ എന്ന നിലയിലുള്ള തന്റെ വ്യക്തിത്വത്തിൽ അവർ അഭിമാനിക്കുന്നു.ജോലിയിൽ ഏകാഗ്രത പുലർത്തുന്നു. തന്റെ സ്ഥാപനത്തിൽ സ്ത്രീകൾക്കു കൂടുതൽ അവസരം കൊടുക്കുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലും വനിത എന്ന നിലയിൽ നേരിടേണ്ടിവരുന്ന വിവേചനത്തെക്കുറിച്ചും രണ്ടാംതരം സമീപനത്തെക്കുറിച്ചും സൺ മനസ്സു തുറന്നു. ഒപ്പം കൂടുതൽ വനിതകൾ മുഖ്യധാരയിലേക്കു വരേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും അവർക്കു സൗകര്യങ്ങൾ ലഭ്യമാക്കേണ്ടതിനെക്കുറിച്ചും.
സൺ നേതൃത്വം നൽകുന്ന കമ്പനിയിൽ സ്ത്രീകൾക്കു സൗകര്യങ്ങളേറെയുണ്ട്. പ്രസവം വൈകിപ്പിക്കാനുള്ള അവസരങ്ങൾപോലുമുണ്ട്. കുടുംബത്തേക്കാൾ ജോലിക്കു പ്രാമുഖ്യം കൊടുക്കുന്നതാണ് ഇത്തരം നയങ്ങളെന്നു വിമർശനം ഉണ്ടായെങ്കിലും സ്ഥാപനത്തിലെ സ്ത്രീകൾ ഈ നയം സന്തോഷത്തോടെ സ്വീകരിച്ചുവെന്നു പറയുന്നു സൺ. മുലയൂട്ടുന്ന അമ്മമാർക്ക് കുട്ടികളെ ബിസിനസ് ട്രിപ്പുകളിൽ കൂടെ കൂട്ടാനുള്ള സൗകര്യവും സൺ ഏർപ്പെടുത്തിയിട്ടുണ്ട്.
ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് സ്ട്രീപ്പിൽ വനിതാ മാനേജർമാരുടെ എണ്ണം. മൊത്തം ജോലിക്കാരുടെ എണ്ണത്തിൽ 50 ശതമാനം സ്ത്രീകൾ. മിഡിൽ മാനേജ്മന്റ് തലത്തിൽ വനിതാ പ്രാതിനിധ്യം 40 ശതമാനം. സീനിയർ എക്സിക്യൂട്ടീവുമാരിൽ മൂന്നിലൊന്നും വനിതകൾ തന്നെ. ചൈനയിലെ മുഖ്യധാര സ്ഥാപനങ്ങളിലെ സ്ത്രീകളുടെ പ്രാതിനിധ്യം 37 ശതമാനം മാത്രമാണ്. മലേഷ്യയിൽ 38. സിംഗപ്പൂരിൽ 30. ഹോങ്കോങ്ങിൽ 29.
ആകാശത്തിന്റെ പകുതിയോളം ഏറ്റുവാങ്ങാനുള്ള കഴിവുണ്ട് സ്ത്രീകൾക്ക് എന്നത് ചൈനയിലെ ഒരു പഴഞ്ചൊല്ലാണ്. വെറുതെ പറയുകയല്ല ആ പഴഞ്ചൊല്ല് സത്യമാണെന്ന് അനുഭവത്തിലൂടെ ബോധ്യമായിട്ടുണ്ട് ജെയ്നിന്. തങ്ങൾ കൂടുതൽ ജോലി ചെയ്യുന്നവരാണ് എന്നു വരുത്താൻ ശ്രമിക്കാറുണ്ട് ടെക് കമ്പനികളിലെ വനിതകൾ. അതിന്റെ ആവശ്യമില്ലെന്നു പറയുന്നു സൺ. ജോലി സമയം കഴിഞ്ഞിട്ടും ഓഫിസിലിരുന്ന് ജോലി ചെയ്യേണ്ട ആവശ്യമൊന്നുമില്ല. ബോസിനെ കാണുമ്പോൾ ധൃതി പിടിച്ചു ജോലി ചെയ്യേണ്ട കാര്യവുമില്ല– സൺ താൻ നേതൃത്വം കൊടുക്കുന്ന സ്ഥാപനത്തിലെ സ്ത്രീകളെ ഉപദേശിക്കുന്നു.
സൺ രാവിലെ ഏഴു മണിക്ക് ഓഫിസിൽ വരും. ആദ്യത്തെ ചടങ്ങ് ചെയർമാനുമായുള്ള മീറ്റിങ്. അതുകഴിഞ്ഞാൽ 12 മണിക്കൂർ നീളുന്ന ജോലി. വീട്ടിൽ ചെന്നാൽ ഒന്നോ രണ്ടോ മണിക്കൂർ കുടുംബത്തോടൊപ്പം. ശേഷം അമേരിക്കയിലേക്കും മറ്റുമുള്ള ഔദ്യോഗിക ഫോൺവിളികൾ. സാങ്കേതിക വിദ്യ വികാസം പ്രാപിച്ചതോടെ വീട്ടിലിരുന്നും ജോലി ചെയ്യാം. ജോലിയാണോ കുടുംബമാണോ മുഖ്യം എന്ന ചോദ്യത്തിനു പ്രസക്തിയില്ല. കുടുംബത്തോടൊപ്പം ജോലി എന്നതാണു എന്റെ നയം– ജെയ്ൻസൺ വ്യക്തമാക്കുന്നു. വളർന്നുവരുന്ന കുട്ടികളുടെ റോൾ മോഡലുകൾ ഇന്നു ജോലി ചെയ്യുന്ന അമ്മമാർ തന്നെയാണ്.
ജെയ്ൻ പഠിച്ചതു പീക്കിങ്, ഫ്ലോറിഡ സർവകലാശാലകളിൽ. സിലിക്കൺ വാലിയിലെ ഒരു കമ്പനിയിലും അപ്ലൈഡ് മെറ്റീരിയൽസിലും ജോലി ചെയ്തതിനുശേഷം ഭർത്താവിനൊപ്പം 2005 ൽ ചൈനയിൽ തിരിച്ചെത്തി.രണ്ടു വർഷം മുമ്പ് സിഇഒ സ്ഥാനത്തുമെത്തി.