നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, നിനക്കതിന് കഴിയില്ല എന്നു പറഞ്ഞു മാറ്റിനിർത്താൻ ഒരുപാടാളുകളുണ്ടാകും. പക്ഷേ ആക്ഷേപങ്ങളിൽ തളരാതെ മുന്നോട്ടു പോയാൽ കാത്തിരിക്കുന്നത് വിജയമാണെന്ന് കാണിച്ചു തരുകയാണ് ഇവിടെയൊരു പെൺകുട്ടി. ജനിച്ച് മാസങ്ങൾക്കകം വന്നൊരു ചെറിയ പനിയാണ് ആ പെൺകുട്ടിയുടെ സംസാരശേഷിയും കേൾവി ശക്തിയും കവർന്നെടുത്തത്.
ആദ്യമൊന്നും മകളുടെ വൈകല്യത്തെ തിരിച്ചറിയാതിരുന്ന മാതാപിതാക്കൾ അവളെ ചേർത്തത് സാധാരണ സ്കൂളിലും. ഒന്നും മനസ്സിലാവാതെയിരുന്ന കുട്ടിയെ നിരീക്ഷിച്ച അധ്യാപകരാണ് കുട്ടിക്ക് കേൾവിശക്തിയും സംസാരശേഷിയുമില്ലെന്നും അതുകൊണ്ട് അവളെ സ്പെഷ്യൽ സ്കൂളിൽ വിടണമെന്നും അവളുടെ അച്ഛനമ്മമാരോടു പറഞ്ഞത്. അധ്യാപകരുടെ നിർദേശ പ്രകാരം അവർ അവളെ സ്പെഷ്യൽ സ്കൂളിൽ ചേർത്തു. അവിടെവച്ച് സൈൻ ലാംഗ്വേജ് പഠിച്ച അവൾ സ്കൂളിലെല്ലാവർക്കും പ്രിയങ്കരിയായി. നല്ലവരായ അധ്യാപകരുടെ സ്നേഹം അനുഭവിച്ച് ഏഴാംക്ലാസ് വരെ അവൾ അവിടെ പഠിച്ചു.
പിന്നീട് ഗവൺമെന്റ് സ്കൂളിലേക്ക് മാറിയപ്പോൾ അവളുടെ ദുരിതം വീണ്ടും തുടങ്ങി. സ്ലോ ലേണർ ആണെന്നു പറഞ്ഞ് അധ്യാപകർ സ്ഥിരമായി അവളെ വഴക്കു പറയാനാരംഭിച്ചു. അതോടെ അതുവരെയുണ്ടായിരുന്ന ആത്മവിശ്വാസവും അവൾക്ക് നഷ്ടപ്പെട്ടു. ഹൃദയാഘാതം വന്ന് അച്ഛൻ കൂടി മരിച്ചതോടെ അവളുടെ ജീവിതം കൂടുതൽ തകർന്നു. ആ ഷോക്കിൽ തളർന്നു പോയപ്പോൾ ഇടതു കണ്ണിന്റെ കാഴ്ച ഭാഗീകമായി നഷ്ടപ്പെടുക കൂടെച്ചെയ്തു. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ സമയാണ് നമ്മുടെ ശക്തിയെ തിരിച്ചറിയാൻ സഹായിക്കുന്നത് എന്ന തിരിച്ചറിവുണ്ടായിടത്തു നിന്നാണ് ജീവിതത്തിൽ പിന്നെയും മാറ്റമുണ്ടാകുന്നത്.
ഈ സമയത്ത് എന്റെ സഹോദരൻ ചെറിയ ജോലികളൊക്കെ ചെയ്തു തുടങ്ങിയിരുന്നു. അമ്മ തന്റെ മുഴുവൻ ശ്രദ്ധയും സമയവും ട്രാൻസ്പോർട്ട് ബിസിനസ്സിൽ കേന്ദ്രീകരിച്ചു. എങ്ങനെയെങ്കിലും എനിക്കും കുടുംബത്തെ സഹായിക്കണമെന്ന തീവ്രമായ ആഗ്രഹം എനിക്കുമുണ്ടായി. പക്ഷേ എവിടെത്തുടങ്ങണം എന്തു ചെയ്യണം എന്നൊന്നും എനിക്കറിയുമായിരുന്നില്ല. ഞങ്ങളുടെ ഡോക്ടറാണ് അടുത്തുള്ള ഒരു കഫേസെന്ററിനെക്കുറിച്ച് പറഞ്ഞത്. സംസാരശേഷിയില്ലാത്തവർക്കും ശ്രവണവൈകല്യമുള്ളവർക്കും അവിടെ ജോലി ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ ഞാൻ അവിടെ ജോലി അന്വേഷിച്ചു ചെന്നു. സൈൻ ലാംഗ്വേജ് സംബന്ധിച്ച അഭിമുഖത്തിനു ശേഷം എനിക്കവിടെ ജോലി ലഭിച്ചു.
കസ്റ്റമേഴ്സിന് ആഹാരം സേർവ് ചെയ്യുന്ന ജോലിയാണ് ഞാനാദ്യം ചെയ്തത്. എന്റെ ഭാഗത്തു നിന്നുമുള്ള ചെറിയ തെറ്റുകളും കുറ്റങ്ങളുമൊക്കെ ക്ഷമിച്ചും തിരുത്തൽ പറഞ്ഞു തന്നും അവിടുത്തെ ജീവനക്കാർ എന്നെ പിന്തുണച്ചു. അങ്ങനെ ഒരുമാസം കഴിഞ്ഞപ്പോൾ എനിക്ക് ജീവിതത്തിലെ ആദ്യത്തെ ശമ്പളം ലഭിച്ചു. അത് അമ്മയെ ഏൽപ്പിച്ചപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. ഞാനൊന്നിനും കൊള്ളാത്തവളല്ല ഞാനും കഴിവുള്ളവളാണെന്ന് ബോധ്യപ്പെട്ട നിമിഷങ്ങളായിരുന്നു അത്. ഞങ്ങൾ മൂന്നുപേരും ഇപ്പോൾ കുടുംബത്തിനായി ജോലി ചെയ്യുന്നതുകൊണ്ട് കടങ്ങളെല്ലാം തീർന്നു. എനിക്കേറ്റവും സന്തോഷം തോന്നിയത് ഒരു കസ്റ്റമറിന്റെ കുറിപ്പ് വായിച്ചപ്പോഴാണ്... സോഫിയ നിന്റെ മസാലച്ചായ ഏറ്റവും മികച്ചാണ് എന്നായിരുന്നു അത്. അതുവായിച്ചപ്പോൾ ഈ ലോകത്തിന്റെ നെറുകയിലാണ് ഞാനെന്നു തോന്നിപ്പോയി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് സോഫിയ തന്റെ കഥ പങ്കുവച്ചത്.