Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദ ചിത്രത്തെക്കുറിച്ച് ഒടുവിൽ അനുഷ്ക പ്രതികരിച്ചു

photo-01

തുടർച്ചയായ വിജയങ്ങള്‍ക്കു പിന്നാലെ സംഭവിച്ച പരാജയങ്ങളെത്തുടര്‍ന്നു വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം. അതിനിടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ക്യാപ്റ്റന്‍ കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ നില്‍ക്കുന്ന ചിത്രം പുറത്തുവന്നതും വിമര്‍ശകര്‍ അനുഷ്കയ്ക്കു നേരെ തിരിഞ്ഞതും. ചിത്രത്തില്‍ അനുവദനീയമല്ലാത്ത ഒന്നും സംഭവിച്ചിട്ടില്ലെന്നു  ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശദീകരിച്ചെങ്കിലും അനുഷ്കയുടെ പ്രതികരണത്തിനവേണ്ടി കാത്തിരിക്കുകയായിരുന്നു ക്രിക്കറ്റ് പ്രേമികള്‍. 

ഒടുവില്‍ അനുഷ്കയുടെ പ്രതികരണം എത്തിയിരിക്കുന്നു. ഇതു വെറും ട്രോളാണ്. ട്രോളുകളോടു ഞാന്‍ പ്രതികരിക്കാറില്ല - അനുഷ്ക പറഞ്ഞു. വിശദീകരണം നല്‍കേണ്ടവര്‍ അതു നല്‍കിക്കഴിഞ്ഞെന്നും അതോടെ സംഭവം അവസാനിച്ചെന്നും കൂടി അനുഷ്ക വ്യക്തമാക്കി. സംഭവിച്ചതു സംഭവിച്ചു. നിയമം ലംഘിക്കുകയോ അതിരുകള്‍ കടക്കുകയോ ചെയ്തിട്ടില്ല. എനിക്കിതിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. അകെ ഒരു അപേക്ഷയേയുള്ളൂ, ദയവു ചെയ്ത് ഇത്തരം നിസ്സാര സംഭവങ്ങള്‍ പെരുപ്പിച്ചു കാണിക്കുകയോ വലിയ വിവാദമാക്കുകയോ ചെയ്യരുത് -അനുഷ്ക അപേക്ഷിക്കുന്നു. 

ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ നടത്തിയ ഔദ്യോഗിക വിരുന്നില്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം  അനുഷ്ക ശര്‍മ പങ്കെടുത്തതാണു വിവാദമായത്. ചടങ്ങിലെ ഒരു ചിത്രം പുറത്തുവന്നപ്പോള്‍ വൈസ്  ക്യാപ്റ്റന്‍ രഹാനെയ്ക്കും മുന്നിലായി അനുഷ്ക നില്‍ക്കുന്നുണ്ടായിരുന്നു. ഇതാണു വിവാദമായത്. ടീമിനൊപ്പം അനുഷ്കയ്ക്ക് എന്താണ് കാര്യമെന്നും വൈസ് ക്യാപ്റ്റനേക്കാള്‍ കൂടിയ പദവിയാണോ ക്യാപ്റ്റന്റെ ഭാര്യയ്ക്കന്നും ചോദ്യമുണ്ടായി. 

സംഭവത്തില്‍ പ്രോട്ടോക്കോള്‍ ലംഘനമില്ലെന്ന് പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശദീകരിച്ചിരുന്നു. എല്ലാ താരങ്ങളെയും അവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒപ്പമാണ് ഹൈക്കമ്മിഷന്‍ വിരുന്നിനു ക്ഷണിച്ചത്. ആരെയൊക്കെ കൊണ്ടുപോകണമെന്ന്് താരങ്ങളാണു തീരുമാനിക്കുന്നത്. താരങ്ങള്‍ ഹൈക്കമ്മിഷനിലേക്കു പ്രവേശിക്കുന്നതിനു മുന്നോടിയായി എടുത്ത ചിത്രമാണ് പുറത്തുവന്നത്. 45 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന വിദേശപര്യടനങ്ങളില്‍ രണ്ടാഴ്ചയിലധികം ഭാര്യമാരെയോ വനിതാ സുഹൃത്തുക്കളെയോ ഒപ്പം കൂട്ടരുതെന്നാണ് താരങ്ങള്‍ക്കു കൊടുത്തിരിക്കുന്ന നിര്‍ദേശം. ഇതു ലംഘിച്ചാണ് അനുഷ്ക ഇന്ത്യന്‍ ടീമിനൊപ്പം കൂടിയതെന്നായിരുന്നു വിമര്‍ശനം. ഒടുവില്‍ അനുഷ്ക തന്നെ വിമര്‍ശനത്തിനു മറുപടിയുമായി എത്തിയിരിക്കുകയാണ്.