തുടർച്ചയായ പേമാരിയിലും അപ്രതീക്ഷിത വെള്ളപ്പൊക്കത്തിലും പകച്ചുപോയ ജനങ്ങളെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചും അവർക്ക് സുരക്ഷിത സ്ഥാനങ്ങളിൽ അഭയമൊരുക്കിയും കൂടെ നിൽക്കുകയാണ് ഒരുകൂട്ടമാളുകൾ. ഇതിനിടയിലാണ് മനപൂർവമോ അല്ലാതെയോ ചിലർ ചില അസൗകര്യങ്ങളുണ്ടാക്കി രക്ഷാപ്രവർത്തനങ്ങൾക്കും ക്യാംപുകളിലേക്ക് സഹായമെത്തിക്കുന്നതിനും തടസ്സം സൃഷ്ടിക്കുന്നത്. അങ്ങനെയുള്ള ഒരു തടസ്സത്തെ നേരിട്ടുകൊണ്ടാണ് ടി.വി അനുപ വീണ്ടും വാർത്തകളിൽ നിറയുന്നത്. വ്യക്തമായ നിലപാടുകൾ കൊണ്ടും ധീരമായ പ്രവർത്തികൾ കൊണ്ടും ജനപ്രിയയായ കലക്ടർ ഇക്കുറി പൊരുതിയത് ദുരിതാശ്വാസ ക്യാംപിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാനുള്ള മുറിയ്ക്കുവേണ്ടിയാണ്.
തൃശൂർ കലക്ടറേറ്റിൽ ദുരിതാശ്വാസ ക്യാംപുകളിലേക്കു കൊണ്ടുപോകാൻ എത്തിച്ച വസ്തുക്കൾ സൂക്ഷിക്കാൻ ബാർ അസോസിയേഷൻ ഹാൾ തുറന്നു നൽകണമെന്ന് കലക്ടർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭാരവാഹികൾ വിസമ്മതിച്ചതിനെത്തുടർന്ന് ദുരന്ത നിവാരണ നിയമപ്രകാരം ഹാൾ ഏറ്റെടുത്ത് അവിടെ സാധനങ്ങൾ സൂക്ഷിക്കാനുള്ള ഏർപ്പാടുകൾ കലക്ടർ ചെയ്തു.
താക്കോൽ ലഭ്യമാകാതെ വന്നപ്പോഴാണ് ഹാൾ ഏറ്റെടുത്തതെന്നും നോട്ടിസ് നൽകിയ ശേഷം ബാർ അസോസിയേഷൻ ഹാൾ വിട്ടുനൽകാൻ തയാറായെന്നും കലക്ടർ ടി.വി.അനുപമ രാത്രിയിൽ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ താൻ വിവാദങ്ങൾക്കും തർക്കങ്ങൾക്കും പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. താക്കോൽ ലഭ്യമാകാതിരുന്നതിനാലാണ് ഹാൾ തുറന്നുകൊടുക്കാത്തതെന്നും നോട്ടിസ് ലഭിച്ചിട്ടില്ലെന്നും, ഔദ്യോഗികമായി അറിയിച്ചപ്പോൾ ഹാൾ തുറന്നുകൊടുത്തിട്ടുണ്ടെന്നും ബാർ അസോസിയേഷൻ ഭാരവാഹികൾ കലക്ടറോട് സംസാരിച്ചശേഷം അറിയിച്ചു.
ഇതാദ്യമായല്ല മുഖം നോക്കാതെ നിലപാടുകളെടുത്തുകൊണ്ട് കലക്ടർ അനുപമ ജനഹൃദയങ്ങളിൽ ഇടംപിടിച്ചത്. ആലപ്പുഴയിൽ നിന്ന് തൃശ്ശൂരിലെത്തി ചാർജ്ജെടുത്ത ആദ്യ ദിവസങ്ങളിൽത്തന്നെ അനുപ തൃശ്ശൂർ നിവാസികളുടെ ഹൃദയത്തിലിടം പിടിച്ചിരുന്നു. കടൽക്ഷോഭം മൂലം ബുദ്ധിമുട്ടുന്ന തീരദേശവാസികളെ ത്തിയപ്പോൾ അവരെ ക്ഷമയോടെ കേൾക്കാനും അവർക്ക് പക്വതയോടെ മറുപടി നൽകാനും കഴിഞ്ഞതിലൂടെയാണ് കലക്ടർ അവരുടെ മനം കവർന്നത്. പിന്നീട് അവരുടെ ആവശ്യപ്രകാരം കലക്ടർ തീരപ്രദേശം നേരിട്ട് സന്ദർശിക്കുകയും പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്തു.