Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾ എന്തു ചെയ്യുകയാണെന്നറിയാമോ?; രക്ഷാപ്രവർത്തകരോട് കലക്ടർ വാസുകി

vasuki

നാടുനേരിട്ട കൊടും ദുരിതത്തെ അതിജീവിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ് ജനങ്ങളെല്ലാം. സാധാരണക്കാരും ജനപ്രതിനിധികളും ഭരണസിരാകേന്ദ്രങ്ങളിൽ ചുക്കാൻ പിടിക്കുന്നവരുമെല്ലാം ഒരേ മനസ്സോടെ ഒന്നിച്ചുനിന്നാണ് ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കയ്യും മെയ്യും മറന്നുള്ള പ്രവർത്തനങ്ങൾക്കിടയിൽ ഊർജം പകരാൻ ഒരു ചെറുപഞ്ചിരിക്കു പോലും കഴിയും. വിതുമ്പിക്കരയുന്ന അമ്മമാരുടെ കൈകളിലിരുന്ന് രക്ഷാപ്രവർത്തകരെ നോക്കി പുഞ്ചിരിക്കുന്ന നിഷ്കളങ്കമായ മുഖങ്ങൾ മുതൽ ഉന്നത ഉദ്യോഗസ്ഥരുടെ നല്ലവാക്കുകൾ വരെ പ്രതിഫലമിച്ഛിക്കാതെ ചെയ്യുന്ന നല്ല പ്രവർത്തികൾ തുടരാനുള്ള ഊർജമായാണ് രക്ഷാപ്രവർത്തകർ കണക്കാക്കുന്നത്.

സ്വന്തം ജീവൻ വരെ പണയപ്പെടുത്തി രക്ഷാപ്രവർത്തനം ചെയ്യുന്ന, ക്യാംപുകളിൽ കഴിയുന്ന ജനങ്ങൾക്ക് ഭക്ഷണവും വസ്ത്രവുമെത്തിക്കുന്ന വോളന്റിയർമാരെ അഭിനന്ദിക്കുന്ന തിരുവനന്തപുരം കലക്ടർ വാസുകിയുടെ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. രക്ഷാപ്രവർത്തകരോട് അവരുടെ വിലപ്പെട്ട സമയത്തിൽ നിന്ന് ഒരു നിമിഷം കടം ചോദിച്ചാണ് കലക്ടർ അവരെ അഭിനന്ദിച്ചത്.

നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാകുന്നുണ്ടോ എന്ന ചോദ്യത്തോടെയാണ് കലക്ടർ വോളന്റിയേഴ്സിനോട് സംസാരിച്ചു തുടങ്ങിയത്. നിങ്ങൾ ചരിത്രം രചിക്കുകയാണെന്നും  കേരളത്തിന്, മലയാളികൾക്ക് എന്തുചെയ്യാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കുകയാണെന്നും കലക്ടർ പറഞ്ഞു. സ്വാതന്ത്യത്തിനുവേണ്ടി പോരാടിയതുപോലെ എന്നാണ് വോളന്റിയേഴ്സിന്റെ പ്രവർത്തികളെ വാസുകി വിശേഷിപ്പിച്ചത്.

സർക്കാറിന് നിങ്ങൾ ചെയ്തു തരുന്ന സേവനം വളരെ വലുതാണെന്നും അതിൽ ഏറ്റവും പ്രധാനം ലേബർകോസ്റ്റ് കുറയ്ക്കാൻ സഹായിച്ചതിനാണെന്നും അവർ പറയുന്നു. ലോഡിങും അൺലോഡിങ്ങുമെല്ലാം സ്വയം ചെയ്യുന്നതിലൂടെ വോളന്റിയേഴ്സ് സർക്കാറിന് മികച്ച സഹായമാണ് നൽകുന്നതെന്നും കലക്ടർ പറയുന്നു. വോളന്റിയേഴ്സിനൊപ്പം അധികസമയം ചിലവഴിക്കാൻ സാധിക്കാത്തതിൽ മാപ്പുപറഞ്ഞാണ് കലക്ടർ മടങ്ങിയത്. പോകുന്നതിന് മുൻപ് കൂടുതൽ കരുത്തോടെ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കാനുള്ള ഊർജം നിറയ്ക്കുക കൂടി ചെയ്തു കലക്ടർ.

താൻ കോളജിൽ പഠിക്കുന്ന സമയത്ത് എന്തെങ്കിലും കാര്യങ്ങൾ നന്നായി ചെയ്താൽ അഭിനന്ദിക്കാനായി ചെയ്യുന്ന ഒരു കാര്യമുണ്ടെന്നും 'ഓപോട്' എന്ന് താൻ പറയുമ്പോൾ ഓഹോ എന്ന് അവിടെ കൂടിയിരുന്നവർ പറയണമെന്നും പറഞ്ഞുകൊണ്ട് അവിടെ കൂടിയിരുന്നവരോട് ഓപോട് പറഞ്ഞ് അവരിൽ ഊർജം നിറച്ചാണ് കലക്ടർ മടങ്ങിയത്.