Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛൻ നൽകിയ സ്വർണ്ണകേക്ക് ദുരിതാശ്വാസ ഫണ്ടിലേക്ക്

pranathi-01

12–ാം പിറന്നാളിന് അച്ഛന്‍ സമ്മാനിച്ച സ്വർണ്ണകേക്ക് അലമാരയിൽ ഭദ്രമായിരിക്കുന്നത് കണ്ടപ്പോഴാണ് ആ എട്ടാം ക്ലാസുകാരിയുടെ മനസ്സിൽ അങ്ങനെയൊരു ആഗ്രഹം തോന്നിയത്. അവൾ അത് അച്ഛനോടു പറയുകയും ചെയ്തു. പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് തന്നാലാവുന്നതു ചെയ്യണം എന്ന ചിന്തയിൽ നിന്നാണ് ദുബായിൽ താമസിക്കുന്ന ആ മലയാളി പെൺകുട്ടി അങ്ങനെയൊരു തീരുമാനമെടുത്തത്.

തന്റെ 12–ാം പിറന്നാളിന് അച്ഛൻ സമ്മാനിച്ച സ്വർണ്ണകേക്ക് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നാണ് ആ മകൾ ആഗ്രഹിച്ചത്. ദുബായ് പബ്ലിക് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയായ പ്രണതി എന്ന മിന്നുവിന്റെ പിറന്നാൾ കഴിഞ്ഞ മെയിലായിരുന്നു. ഒരു ലക്ഷം ദിർഹം വിലവരുന്ന സ്വർണ്ണനിർമ്മിതമായ അരക്കിലോഗ്രാം കേക്കായിരുന്നു പ്രണതിയുടെ അച്ഛൻ വിവേക് മകൾക്ക് പിറന്നാൾ സമ്മാനമായി നൽകിയത്. 

കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് പ്രണതിയുടെ അച്ഛൻ വിവേക്. നാട്ടിലെ ദുരിതങ്ങൾ ടിവിയിലൂടെ കണ്ടപ്പോൾ മുതൽ അവർക്കായി എന്തു ചെയ്യാമെന്നു പ്രണതി ചിന്തിച്ചിരുന്നു. അച്ഛന്റെ ഓഫീസിൽ നിന്ന് നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്തിരുന്നു. അതിൽ കൂടുതൽ അവർക്കായി എന്തു ചെയ്യാനാവും എന്ന ചിന്തയിൽ നിന്നാണ് പിറന്നാൾ സമ്മാനം സംഭാവന ചെയ്യാൻ തീരുമാനിച്ചത്.

സ്വർണ്ണകേക്ക് അലമാരിക്കുള്ളിലിരുന്നാൽ ആർക്കും പ്രയോജനപ്പെടുകയില്ലെന്നും അത് ദുരിതാശ്വാസ ഫണ്ടിൽ സംഭാവന ചെയ്താൽ കുറച്ചുപേരുടെ ജീവിതത്തിലെങ്കിലും അതുമാറ്റമുണ്ടാക്കും എന്ന പ്രതീക്ഷയിലാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നും പ്രണതി പറയുന്നു. പ്രണതിയുടെ ആഗ്രഹമറിഞ്ഞ അച്ഛൻ സ്വർണ്ണകേക്ക് നിർമ്മിച്ച ജ്യൂവലറി ഉടമകളെ ബന്ധപ്പെടുകയും സ്വർണ്ണ കേക്ക് സംഭാവന ചെയ്യാനുള്ള മകളുടെ സന്നദ്ധത അറിയിക്കുകയും ചെയ്തു. കേക്ക് തിരിച്ചെടുത്ത് തത്തുല്യമായ തുക നൽകാൻ തയാറാണെന്ന് ജ്യൂവലറി ഉടമകൾ അറിയിക്കുകയും ചെയ്തു.