ഏഷ്യൻ ഗെയിംസിൽ ജക്കാർത്തയിലെ ഗെലോറ ബുംഗ് കാർണോ സ്റ്റേഡിയത്തിൽനിന്ന് ഇന്ത്യയിലെ ജനകോടികളുടെ മനസ്സിലേക്ക് സ്വർണമെഡലുമായി ഓടിക്കയറിയ സ്വപ്ന ബർമന്റെ പരാതിക്കു പരിഹാരമാകുന്നു. ഇരുകാലുകളിലും ആറുവീതം വിരലുകളുള്ളതിനാൽ ഷൂസും സ്പൈക്സും ധരിക്കാൻ ബുദ്ധിമുട്ടുന്ന താരത്തിന് എത്രയും വേഗം കാലുകൾക്ക് ഇണങ്ങുന്ന ഷൂസ് ലഭ്യമാക്കാനുള്ള പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്). സ്പോർട് ഷൂസ് നിർമാണരംഗത്തെ അതികായരായ നൈക് കമ്പനിയുമായി ഇതുസംബന്ധിച്ച ചർച്ചകൾ തുടങ്ങിക്കഴിഞ്ഞതായി കോച്ച് ഫാക്ടറി അധികൃതർ അറിയിച്ചു. സ്വപ്നയുടെ കാലുകൾക്കു യോജിക്കുന്ന പ്രത്യേക ഷൂസ് നിർമിക്കാനാണു പദ്ധതി.
വ്യത്യസ്തമായ ഏഴിനങ്ങൾ ഉൾക്കൊള്ളുന്ന ഹെപ്റ്റാത്തലണിൽ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്കു സ്വർണം നേടിത്തന്ന താരമാണ് ബംഗാളിലെ ജയ്പാൽഗുഡിയിൽനിന്നുള്ള പാവപ്പെട്ട റിക്ഷക്കാരന്റെ മകളായ സ്വപ്ന ബർമൻ. കാലുകൾക്കു യോജിക്കുന്ന ഷൂസ് ഇല്ലാത്തതിനാൽ മൽസരിക്കുമ്പോഴും പരിശീലനം നടത്തുമ്പോഴും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സ്വർണം നേടിയശേഷം സ്വപ്ന പരാതി പറഞ്ഞിരുന്നു. തന്റെ അവസ്ഥ മനസ്സിലാക്കി ആരെങ്കിലും കാലുകൾക്കു കൃത്യമായ അളവിലുള്ള ഷൂസ് സംഘടിപ്പിച്ചുതരുമോ എന്നും ചോദിച്ചിരുന്നു. സ്വപ്നയുടെ കഷ്ടപ്പാടു മനസ്സിലാക്കിയതോടെ സഹായിക്കാൻ മുന്നോട്ടുവരികയായിരുന്നു കോച്ച് ഫാക്ടറി.
21 വയസ്സുകാരിയായ സ്വപ്ന ബർമൻ ആകെയുള്ള ഏഴിനങ്ങളിൽ മൂന്നെണ്ണത്തിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. യോജിക്കുന്ന ഷൂസ് നിർമിച്ച് എത്രയും വേഗം സ്വപ്നയ്ക്കു സമ്മാനിക്കാൻ നൈക് കമ്പനിയോട് ആവശ്യപ്പെട്ടതായി ഐസിഎഫ് ജനറൽ മാനേജർ എസ് മണി അറിയിച്ചു. ഐസിഎഫിന്റെ സ്പോർട്സ് വിഭാഗമാണ് പ്രത്യേക ഷൂസ് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സ്വപ്നയുടെ കാലിന്റെ അളവെടുക്കാൻ ജക്കാർത്തയിലെ ഇന്ത്യൻ ഹൈകമ്മിഷൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുകഴിഞ്ഞു ഷൂസ് നിർമാതാക്കൾ.
100 മീറ്റർ ഹർഡിൽസ്, ഹൈജംപ്, ഷോട്പുട്ട്. 200 മീറ്റർ, ലോംഗ് ജംപ്, ജാവലിൻ ത്രോ, എണ്ണൂറു മീറ്റർ എന്നിങ്ങനെ ഏഴ് ഇനങ്ങളുള്ളതിനാൽ ഹെപ്റ്റാത്തലണിൽ പങ്കെടുക്കുമ്പോൾ അഞ്ചു വത്യസ്ത ഷൂസ് ധരിക്കേണ്ടിവരും. അഞ്ചു ഷൂ ഉൾക്കൊള്ളുന്ന കംപ്ലീറ്റ് സെറ്റ് സ്വപ്നയ്ക്കു നൽകാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. സ്വപ്ന ഇന്ത്യൻ റെയിൽവേയുടെ ഭാഗമല്ലെങ്കിലും ചരിത്രനേട്ടം സമ്മാനിച്ച വനിതയോടുള്ള സ്നേഹവും ആദരവും പ്രകടമാക്കുകയാണ് ഐസിഎഫ്. ഇന്ത്യൻ റെയിൽവേയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ കോച്ചുകൾ നിർമിക്കുന്ന ഐസിഎഫ് കായികരംഗത്തെ കുതിപ്പിനുവേണ്ടി ഇതിനുമുമ്പും പ്രശംസനീയമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.